ADVERTISEMENT

മുംബൈ∙ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് സ്വയം സ്ഥാനമൊഴിഞ്ഞ വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്ന് സമ്മതിച്ച് ബിസിസിഐ ചീഫ് സിലക്ടർ ചേതൻ ശർമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ പുറത്താക്കിയതാണെന്ന് ചേതൻ ശർമ സ്ഥിരീകരിച്ചത്. വിരാട് കോലിയെ സിലക്ടർമാർ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്ന വെളിപ്പെടുത്തൽ നേരത്തേ വിവാദമായിരുന്നു.

‘ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് രാജിവച്ചത് കോലിയുടെ മാത്രം തീരുമാനമായിരുന്നു. അന്ന് നായകസ്ഥാനം ഒഴിയണമെന്ന് ആരും കോലിയോട് ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ, ട്വന്റി20 നായകസ്ഥാനം രാജിവച്ച സ്ഥിതിക്ക് ടീമുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളെക്കുറിച്ച് സിലക്ടർമാർക്ക് ആലോചിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് വൈറ്റ് ബോൾ ഫോർമാറ്റിന് ഒറ്റ ക്യാപ്റ്റനെന്ന തീരുമാനത്തിലെത്തിയത്. കോലി ട്വന്റി20 നായകസ്ഥാനം രാജിവച്ചതിനാൽ അതുമായി ബന്ധപ്പെട്ട് പെട്ടെന്ന് തീരുമാനം കൈക്കൊള്ളാൻ സിലക്ടർമാർക്ക് കഴിഞ്ഞു’ – ചേതൻ ശർമ വിശദീകരിച്ചു.

‘ചുരുക്കത്തിൽ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം വിരാട് കോലിയുടേതു മാത്രമായിരുന്നു. ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ നീക്കിയത് സിലക്ടർമാരുടെ തീരുമാനവും’ – ചേതൻ ശർമ പറഞ്ഞു.

ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ നീക്കുന്ന കാര്യം മുൻകൂട്ടി അറിയിക്കുന്നതിൽ സിലക്ടർമാർ പരാജയപ്പെട്ടോയെന്ന ചോദ്യത്തിനും ചേതൻ ശർമ മറുപടി നൽകി.

‘ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്ന കാര്യം വിരാട് കോലി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമയത്തുതന്നെ ഏകദിന ടീമിന്റെ നായകസ്ഥാനുമായി ബന്ധപ്പെട്ട തീരുമാനം കോലിയെ അറിയിക്കാൻ സിലക്ടർമാർക്ക് കഴിയുമോ? ട്വന്റി20 ലോകകപ്പ് തൊട്ടടുത്തു നിൽക്കെ അക്കാര്യം ചർച്ച ചെയ്യാനുള്ള സമയമായിരുന്നില്ല അത്. ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കാതിരിക്കാൻ രംഗം ശാന്തമാക്കേണ്ടത് സിലക്ടർമാരുടെ കൂടി ആവശ്യമായിരുന്നു’ – ചേതൻ ശർമ ചൂണ്ടിക്കാട്ടി.

‘ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്നു കൂടി കോലിയെ നീക്കുമെന്ന് അദ്ദേഹത്തെ അറിയിക്കാനുള്ള സമയം അതായിരുന്നില്ല. ബിസിസിഐയിലെ എല്ലാവരും അക്കാര്യം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു’ – ചേതൻ ശർമ പറഞ്ഞു.

ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം 90 മിനിറ്റു മുൻപു മാത്രമാണ് അറിയിച്ചതെന്ന കോലിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ചേതൻ ശർമയുടെ വിശദീകരണം ഇങ്ങനെ:

‘അന്നത്തെ സിലക്ഷൻ കമ്മിറ്റി യോഗം അവസാനിച്ച ഉടനെ ഞാൻ കോലിയെ വിളിച്ചിരുന്നു. യോഗത്തിനിടെ ഈ തീരുമാനം കോലിയെ അറിയിക്കാൻ എനിക്കു താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് യോഗത്തിനുശേഷം ഉടൻ വിളിച്ചത്. വൈറ്റ് ബോൾ ഫോർമാറ്റിൽ ഒറ്റ ക്യാപ്റ്റൻ മതിയെന്നാണ് സിലക്ടർമാരുടെ തീരുമാനമെന്ന് ഞാൻ കോലിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോലി ചില കാര്യങ്ങൾ ചോദിച്ചു. ഞാൻ മറുപടിയും നൽകി. നല്ല രീതിയിലാണ് അന്ന് ഞങ്ങൾ സംസാരിച്ചത്.’

‘സിലക്ടർമാരുടെ തീരുമാനത്തോട് അന്ന് കോലി യോജിച്ചിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങൾ പക്ഷേ, നിങ്ങൾക്കു മുൻപിൽ വെളിപ്പെടുത്താൻ നിർവാഹമില്ല. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ ഒറ്റ ക്യാപ്റ്റൻ മതിയെന്നു മാത്രമായിരുന്നു ഞങ്ങളുടെ തീരുമാനം’ – ചേതൻ ശർമ പറഞ്ഞു.

Content Highlights: Virat Kohli, Chetan Sharma, Sourav Ganguly, Indian Cricket Team, BCCI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com