ADVERTISEMENT

മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരിൽ സുനിൽ ഗാവസ്കറും ഗൗതം ഗംഭീറും ഉൾപ്പെടെയുള്ള മുൻ താരങ്ങൾ യുവതാരം ഋഷഭ് പന്തിനെതിരെ കടുത്ത വിമർശനം തുടരുന്നതിനിടെ, താരത്തെ പിന്തുണച്ച് മറ്റൊരു മുൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. ഇപ്പോൾ ഋഷഭ് പന്തിന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലിയെ എല്ലാവരും വിമർശിക്കുന്നുണ്ടെങ്കിലും, ഇന്ത്യയെ ജയിപ്പിച്ച പല ഇന്നിങ്സുകളും പന്ത് കളിച്ചത് ഇതേ ശൈലിയിലാണെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. ജൊഹാനാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ 17, 0 എന്നിങ്ങനെയായിരുന്നു പന്തിന്റെ സ്കോറുകൾ.

ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ്ടമായ സമയത്താണ് പന്ത് ക്രീസിലെത്തിയത്. ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവർ പുറത്തായപ്പോഴായിരുന്നു ഇത്. ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് മുന്നേറുന്ന സമയത്ത് ഇരുവരെയും തുടർച്ചയായി നഷ്ടമായതിനു പിന്നാലെ നേരിട്ട മൂന്നാം പന്തിൽ പന്തും പുറത്തായത് തിരിച്ചടിയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ സമയത്ത് മോശം ഷോട്ട് സിലക്ഷനിലൂടെ പന്ത് പുറത്തായതാണ് ഗാവസ്കർ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്.

എന്നാൽ, പന്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ സ്വീകരിച്ചത്. ഇത്രയും നാൾ പന്തിന്റെ ആക്രമണോത്സുകതയെ പുകഴ്ത്തിയവരാണ് ഇപ്പോൾ കുറ്റം പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തീർത്തും ചുരുങ്ങിയ തന്റെ ടെസ്റ്റ് കരിയറിൽ രണ്ട് സുപ്രധാന ഇന്നിങ്സുകൾ കളിച്ച താരമാണ് ഋഷഭ് പന്ത്. ഒന്ന് ഓസ്ട്രേലിയയ്‌ക്കെതിരെയും ഒന്ന് ഇംഗ്ലണ്ടിനെതിരെയും. ആ രണ്ട് ഇന്നിങ്സുകളുടെയും തുടക്കത്തിൽ ഇത്തവണ കണ്ട അതേ ശൈലിയിലാണ് പന്ത് കളിച്ചിരുന്നത്. ഇതാണ് പന്തിന്റെ ശൈലി. ഇങ്ങനെയാണ് പന്ത് കളിക്കുന്നത്. അല്ലാതെ പന്ത് നിരുത്തരവാദിത്തപരമായി കളിക്കുന്നതല്ല’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

പന്തിന് ആക്രമിച്ചു കളിക്കാൻ മാത്രമല്ല, നന്നായി പ്രതിരോ‌ധിക്കാനും ‌അറിയാമെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. ഷോർട്ട് പന്ത് ഋഷഭ് പന്തിന്റെ ദൗർബല്യമാണെന്ന വാദത്തെയും ‌അദ്ദേഹം എതിർത്തു.

‘നല്ല ബുദ്ധിയുള്ള താരമാണ് പന്ത്. ഷോർട്ട് ബോ‌ൾ പന്തിന്റെ ദൗർബല്യമാണെന്ന് ചിലർ വിലയിരുത്തിയത് ശ്രദ്ധിച്ചു. അടുത്ത പന്ത് ആക്രമിക്കാമെന്ന ധാരണയിലാകും പന്ത് മൂന്നാം പന്തിൽ ആ ഷോട്ടിന് ശ്രമിച്ചത്. ഇത്തരത്തിൽ ഒരു പന്തിനുപിന്നാലെ അടുത്ത പന്തിൽ ബൗണ്ടറി ലക്ഷ്യമിട്ട് പന്ത് കളിക്കുന്നത് നാം മുൻപ് കണ്ടിട്ടുണ്ട്. ആ പന്തിൽ കൃത്യമായി ബാറ്റു വയ്ക്കാൻ സാധിച്ചാൽ അത് ബൗണ്ടറി കടക്കുന്നതും അങ്ങനെ പന്ത് ക്രീസിൽ ഉറയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ പ്രതിരോ‌ധിക്കാനും അറിയാവുന്ന താരമാണ് പന്ത്. പന്തിന് ഷോർട്ട് ബോ‌ളിൽ പ്രത്യേകിച്ച് എന്തെ‌ങ്കിലും ദൗർബല്യമില്ല എന്നതാണ് വസ്തുത’ – മഞ്ജരേക്കർ പറഞ്ഞു.

‘പന്ത് റിസ്കുള്ള ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ്. ഇത്തരം ഷോട്ടുകൾ കളിച്ച് അദ്ദേഹം മികച്ച ഫലമുണ്ടാക്കിയ സമയത്തെല്ലാം നാം അദ്ദേഹത്തിന് കയ്യടിച്ചിട്ടുണ്ട്. അപ്പോ‌ൾ അത്തരം പരീക്ഷണങ്ങൾ വിജയിക്കാത്ത സമയത്തും നാം ഒപ്പം നിൽക്കണം. ഈ ബാറ്റിങ് ശൈലിയുടെ ഒരു പ്രത്യേകതയാണത്’ – മഞ്ജരേക്കർ പറഞ്ഞു.‌‌

English Summary: Manjrekar comes out in support of Rishabh Pant, says ‘he can also defend well’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com