ADVERTISEMENT

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിലേക്കു തിരിച്ചത്തുമെന്ന കാര്യം കോലി സ്ഥിരീകരിച്ചത്. പുറത്തിനേറ്റ പരുക്കിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ കോലി കളിച്ചിരുന്നില്ല. അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കില്ലെന്നും കോലി വ്യക്തമാക്കി.

‘ഞാൻ പൂർണമായും കളിക്കാൻ ഫിറ്റാണ്. പക്ഷേ, സിറാജിന്റെ കാര്യം സംശയമാണ്. അദ്ദേഹം പരുക്കിന്റെ പിടിയിൽനിന്ന് മോചിതനാകുന്നതേയുള്ളൂ. അദ്ദേഹത്തിന് മൂന്നാം ടെസ്റ്റിൽ കളിക്കാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്’ – കോലി പറഞ്ഞു.

‘ഫാസ്റ്റ് ബോളറെന്ന നിലയിൽ 110 ശതമാനം ഫിറ്റല്ലാത്ത താരത്തെ കളിപ്പിച്ച് റിസ്ക് എടുക്കാനാകില്ല. നിലവിൽ പരുക്ക് അത്ര ഗുരുതരമല്ലെങ്കിലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കില്ല’ – കോലി പറഞ്ഞു.

അതേസമയം, സിറാജിനു പകരം ആരാണു കളിക്കുകയെന്ന കാര്യം കോലി വെളിപ്പെടുത്തിയില്ല. ‘ഞാൻ മുൻപു പറഞ്ഞതുപോലെ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഞാനും പരിശീലകൻ രാഹുൽ ദ്രാവിഡും വൈസ് ക്യാപ്റ്റനും ഒന്നിച്ചിരുന്ന് ഇക്കാര്യം സംസാരിച്ച് തീരുമാനിക്കും’ – കോലി പറഞ്ഞു.

‘നമ്മുടെ ടീമിൽ പകരക്കാരുടെ നിര അതിശക്തമാണ്. എല്ലാവരും നന്നായിത്തന്നെ ബോൾ ചെയ്യുകയും ബാറ്റു ചെയ്യുകയുമൊക്കെ ചെയ്യുന്നതിനാൽ ആരെയാണ് കളിപ്പിക്കേണ്ടതെന്ന് ആലോചിച്ചേ തീരുമാനിക്കാനാകൂ. എല്ലാവരുമായി സംസാരിച്ച് ടീമിന് ഏറ്റവും നല്ലതെന്നു കരുതുന്ന തീരുമാനമാകും കൈക്കൊള്ളുക’ – കോലി പറഞ്ഞു. മറ്റു വിഷയങ്ങളിൽ കോലിയുടെ പ്രതികരണങ്ങൾ ഇങ്ങനെ:

∙ രഹാനെ, പൂജാര

മാറ്റങ്ങൾ സംഭവിച്ചേ തീരൂ. പക്ഷേ, അവ സ്വാഭാവികമായി സംഭവിക്കണം. അതുകൊണ്ട് മാറ്റങ്ങൾ അതിന്റെ വഴിക്കു നടക്കട്ടെ. ആരെയും നമ്മൾ നിർബന്ധിച്ച് മാറ്റങ്ങൾക്ക് വിധേയരാക്കേണ്ടതില്ല.

∙ രണ്ടാം ടെസ്റ്റിൽ രാഹുലിന്റെ ക്യാപ്റ്റൻസി

രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകൾ സ്വന്തമാക്കാൻ രാഹുൽ സർവ അടവും പയറ്റിയതാണ്. പക്ഷേ, ദക്ഷിണാഫ്രിക്ക നല്ല രീതിയിൽ ബാറ്റു ചെയ്തു. അദ്ദേഹത്തിന് കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമായിരുന്നുവെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ഞാനാണെങ്കിൽ വ്യത്യസ്തമായ രീതിയിൽ ചില ശ്രമങ്ങൾ നടത്തുമായിരുന്നു. രണ്ടായാലും ലക്ഷ്യം ഒന്നുതന്നെ. ഓരോരുത്തർക്കും ടീമിനെ നയിക്കുന്നതിൽ അവരുടേതായ ശൈലികളുണ്ട്.

∙ ഋഷഭ് പന്തിനെതിരായ വിമർശനം

പിഴവുകളിൽനിന്ന് ഋഷഭ് പന്ത് പാഠം പഠിച്ചിട്ടുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ കൂടുതൽ നല്ല കളിക്കാരനായും മാറുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തോടു ഞങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹം തെറ്റുകൾ തിരുത്തി കൂടുതൽ പക്വതയുള്ള താരമായി മാറിയെന്നാണ് ഞാൻ കരുതുന്നത്. 

∙ ജഡേജയുടെ അഭാവവും അശ്വിന്റെ ഫോമും

രവീന്ദ്ര ജഡേജയുടെ മൂല്യം നമുക്കെല്ലാം അറിയാം. അദ്ദേഹം ടീമിനായി നൽകിയിരുന്ന സംഭാവനകളും നമുക്കറിയാം. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും രവിചന്ദ്രൻ അശ്വിൻ ആ റോൾ ഭംഗിയായി ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ ബോളിങ്, പ്രത്യേകിച്ചും വിദേശത്തെ ബോളിങ് നല്ല രീതിയിൽ മാറിയിട്ടുണ്ട്. ഓസ്ട്രേലിയൻ പര്യടനം മുതൽ നാം അതു കാണുന്നുമുണ്ട്. കഴിഞ്ഞ ടെസ്റ്റിൽ അദ്ദേഹം പുറത്തെടുത്ത ബാറ്റിങ് പ്രകടനവും രണ്ടാം ഇന്നിങ്സിലെ ബോളിങ്ങും ടീമിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ടീമിനായി എന്തു സേവനവും ചെയ്യാൻ തയാറുള്ള താരമാണ് അദ്ദേഹം.

English Summary: I am absolutely fit but can’t risk Siraj as he isn’t ready to play 3rd Test: Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com