ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) മുഖ്യ സ്പോൺസർഷിപ്പിൽനിന്ന് വിവോ പിൻമാറിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. ഐപിഎൽ 15–ാം സീസണിലേക്ക് മുഖ്യ സ്പോൺസറായി ഇന്ത്യൻ കമ്പനിയായ ടാറ്റ എത്തും. ഇതോടെ, അടുത്ത സീസണിൽ ‘ടാറ്റ ഐപിഎൽ’ എന്നാകും ടൂർണമെന്റ് അറിയപ്പെടുക.

വർഷം 440 കോടി രൂപയ്ക്കാണ് 2018ൽ ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോ ഐപിഎലിന്റെ മുഖ്യ സ്പോൺസർമാരാകുന്നത്. എന്നാൽ, 2020ൽ ഇന്ത്യ–ചൈന അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ വിവോ സ്പോൺസർഷിപ്പിൽനിന്ന് പിൻമാറി. തുടർന്ന് ‘ഡ്രീം ഇലവനാ’ണ് ആ സീസണിൽ മുഖ്യ സ്പോൺസറായത്.

ഇടയ്ക്ക് ഒരു വർഷം നഷ്ടമായ സാഹചര്യത്തിൽ വിവോയുമായുള്ള കരാർ 2023 വരെ നീട്ടാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. യഥാർഥത്തിൽ 2022ലാണ് കരാർ അവസാനിക്കേണ്ടിയിരുന്നത്. വിവോ പിൻമാറിയതോടെ 2022, 2023 സീസണുകളിൽ ടാറ്റാ ഗ്രൂപ്പായിരിക്കും ഐപിഎലിന്റെ മുഖ്യ സ്പോണ്‍സർമാർ.

ചൊവ്വാഴ്ച നടന്ന ഐപിഎൽ ഭരണസമിതി യോഗത്തിലാണ് വിവോയ്ക്കു പകരം ടാറ്റയെ മുഖ്യ സ്പോൺസറാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ‘ക്രിക്ബസ്സി’നോട് സ്ഥിരീകരിക്കുകയും ചെയ്തു.

അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയ ഐപിഎൽ ടീമിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിച്ചതായി പട്ടേൽ അറിയിച്ചു. സിവിസി ക്യാപിറ്റലിന് ഇതുമായി ബന്ധപ്പെട്ട അനുമതികളെല്ലാം നൽകി. 

English Summary: Vivo pulls out, hands IPL title rights to Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com