മുംബൈ ഇന്ത്യൻസിൽ കൂട്ടുകാർ; കേപ് ടൗണിലും ‘തമ്മിലടിച്ച്’ ബുമ്രയും ജാൻസനും- വിഡിയോ

jansen-vs-bumrah
ജൊഹാനാസ്ബർഗ് ടെസ്റ്റിൽ ജാൻസനും ബുമ്രയും നേർക്കുനേർ വന്നപ്പോൾ, കേപ് ടൗൺ ടെസ്റ്റിൽ ജാൻസനെ ബൗൾഡാക്കിയ ബുമ്രയുടെ പ്രതികരണം (ട്വിറ്റർ ചിത്രങ്ങൾ)
SHARE

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ലോകത്ത് ഒരുപാടു മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കളിക്കാരുടെ മനസ്സുകളിൽ നിലനിന്നിരുന്ന അതിർത്തികൾ മായ്ച്ചുകളഞ്ഞു എന്നതാണ് ഐപിഎലിന്റെ ഏറ്റവും വലിയ സംഭാവന എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങും ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സും ഒരുകാലത്ത് ബദ്ധശത്രുക്കളായിരുന്നു. എന്നാൽ മുംബൈ ഇന്ത്യൻസിനുവേണ്ടി ഒന്നിച്ചുകളിച്ചതോടെ സൈമണ്ട്സും ഹർഭജനും വൈരം മറന്ന് ചങ്ങാതിമാരായി മാറി.

ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയും ദക്ഷിണാഫ്രിക്കയുടെ ഇടംകയ്യൻ പേസ് ബോളർ മാർക്കോ ജാൻസനും ഈ വിവരം അറിഞ്ഞ മട്ടില്ല. ഇരുവരും മുംബൈ ഇന്ത്യൻസ് താരങ്ങളാണ്. പക്ഷേ, ആ സൗഹൃദം കളിക്കളത്തിൽ കാണാനില്ല. പരസ്പരം കടിച്ചുകീറാൻ വെമ്പിനിൽക്കുന്ന രണ്ട് സിംഹങ്ങളെപ്പോലെയാണ് ബുമ്രയും ജാൻസനും ദക്ഷിണാഫ്രിക്കയിൽ പോരടിച്ചുകൊണ്ടിരിക്കുന്നത്!

അങ്കത്തിന്റെ ആദ്യ റൗണ്ട് തുടങ്ങിയത് ജൊഹാനാസ്ബർഗിലാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 228/8 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് ബുമ്ര ബാറ്റിങ്ങിനെത്തിയത്. ആദ്യ പന്തിൽത്തന്നെ ബുമ്ര വലിയ ഷോട്ടിന് ശ്രമിച്ചു. ജാൻസന് ഇത് ഒട്ടും രസിച്ചില്ല. അദ്ദേഹം ബുമ്രയെ തുറിച്ചുനോക്കി.

അടുത്ത ഓവറിലും ജാൻസൻ കണ്ണുകൊണ്ടുള്ള ആശയവിനിമയം തുടര്‍ന്നു. ജാൻസന്റെ പ്രകോപനങ്ങളെ ചിരിച്ചുതള്ളാനും അവഗണിക്കാനും ബുമ്ര പരമാവധി ശ്രമിച്ചു. പക്ഷേ ജാൻസന് പിന്തിരിയാനുള്ള ഉദ്ദേശമില്ലെന്ന് മനസ്സിലായതോടെ ബുമ്രയും ആക്രമണോത്സുകനായി.

ജാൻസന്റെ രണ്ട്  ഷോർട്ട്ബോളുകൾ വെള്ളിടി പോലെ തോളിൽ വന്നുവീണിട്ടും ബുമ്ര കുലുങ്ങിയില്ല. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് ബുമ്ര ആംഗ്യം കാണിച്ചു. ഇതോടെ ജാൻസൻ ബുമ്രയുമായി വാക്പോര് ആരംഭിച്ചു. അംപയർ ഇറാസ്മസ് ഓടിവന്ന് ഇരുതാരങ്ങളെയും പിടിച്ചുമാറ്റുകയായിരുന്നു.

അതിനുപിന്നാലെ ദക്ഷിണാഫ്രിക്കയുടെ നമ്പർ വൺ ബോളറായ കഗീസോ റബാ‌ദയുടെ പന്തിൽ ബുമ്ര സിക്സർ പറത്തി. ഇന്ത്യൻ ഡ്രസിങ് റൂമിലെ എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ച് ആ ഷോട്ടിനെ അഭിനന്ദിച്ചു. ബുമ്രയും ജാൻസനും തമ്മിലുള്ള തർക്കം ഇന്ത്യൻ ടീമിന്റെ അഭിമാനപ്രശ്നമായി മാറിക്കഴിഞ്ഞു എന്നതിന്റഎ സൂചനയായിരുന്നു അത്.

പക്ഷേ ബാറ്റുകൊണ്ടുള്ള ബുമ്രയുടെ മുന്നേറ്റം അധികം നീണ്ടില്ല. ഏഴ് റൺസെടുത്ത ബുമ്രയെ ലുങ്കി എൻഗിഡി പുറത്താക്കി. ബുമ്രയുടെ ക്യാച്ച് എടുത്തത് ജാൻസനായിരുന്നു. അമർഷത്തോടെ ബുമ്ര പവിലിയനിലേയ്ക്ക് നടന്നു. അധികം വൈകാതെ ഇന്ത്യ ഓൾഔട്ടായി. സന്ദർശകർ വച്ചുനീട്ടിയ 240 റണ്ണുകളുടെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക വിജയകരമായി പിന്തുടർന്നതോടെ ബുമ്ര-ജാൻസൻ മുഖാമുഖവും ഒഴിവായി.

കേപ് ടൗണിലെ മൂന്നാം ടെസ്റ്റിൽ ബുമ്ര വീണ്ടും ജാൻസനെ കണ്ടുമുട്ടി. ആദ്യ ഇന്നിങ്ങ്സിൽ 223 എന്ന ചെറിയ ടോട്ടലാണ് ഇന്ത്യ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി എട്ടാമനായിട്ടാണ് ജാൻസൻ കളിക്കാനിറങ്ങിയത്. ആതിഥേയർ അപ്പോഴും 64 റണ്ണുകൾക്ക് പിന്നിലായിരുന്നു. ജാന്‍സന്റെ ഒരു കാമിയോ ദക്ഷിണാഫ്രിക്ക വല്ലാതെ കൊതിച്ചിരുന്നു. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഒന്നാം ഇന്നിങ്സ് ലീഡ് നിർണായകമായിരുന്നു.

ബുമ്രയ്ക്ക് ചില കണക്കുകൾ തീർക്കാനുണ്ടായിരുന്നു. ജാൻസനുനേരെ തുരുതുരാ ബൗൺസറുകൾ പറന്നെത്തി. അതൊരു മാനസിക യുദ്ധമായിരുന്നു. ജാൻസൻ സദാസമയവും ഷോർട്ട്ബോളുകൾ പ്രതീക്ഷിച്ച് ബാറ്റ് ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഫുട്‌വർക്കിന്റെ താളം തെറ്റി.

ടീമുകൾ ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുൻപ് ബുമ്ര ജാൻസനെ വീഴ്ത്തി. പന്തിന്റെ ലെങ്തിൽ വന്ന മാറ്റം ജാൻസൻ തിരിച്ചറിഞ്ഞപ്പോഴേക്കും ഓഫ് സ്റ്റംപ് തെറിച്ചിരുന്നു. ബുമ്ര ജാൻസനോട് ഒന്നും പറഞ്ഞില്ല. തറപ്പിച്ചൊന്ന് നോക്കുക മാത്രം ചെയ്തു. പക്ഷേ അതിൽ എല്ലാം അടങ്ങിയിരുന്നു. ഒരു വാക്കു പോലും ഉരിയാടാതെ തന്നെ ഒരുപാട് വാചകങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു!

അഞ്ചുവിക്കറ്റുകളാണ് ബുമ്ര എറിഞ്ഞിട്ടത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായ ഡീൻ എൽഗാറും ടോപ് സ്കോറർ ആയ കീഗൻ പീറ്റേഴ്സനും ബുമ്രയുടെ ഇരകളായി. ആ സ്പെല്ലിന്റെ ബലത്തിൽ ഇന്ത്യ 13 റൺസിന്റെ നേരിയ ലീഡ് കരസ്ഥമാക്കി. 

കേപ് ടൗൺ ടെസ്റ്റിൽ താരതമ്യേന ചെറിയ സ്കോറിൽ ഒന്നാം ഇന്നിങ്സിൽ പുറത്തായിട്ടും ഇന്ത്യയ്ക്ക് വിജയസാധ്യത ശേഷിക്കുന്നു. അതിന് ഇന്ത്യ ബുമ്രയോട് കടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർ എന്നാണ് മുൻ ഇംഗ്ലിഷ് നായകൻ മൈക്കൽ വോൻ ബുമ്രയെ വിശേഷിപ്പിക്കുന്നത്. 

പണ്ട് ഇന്ത്യൻ ആരാധകർ വെസ്റ്റ് ഇൻഡീസിന്റെ പേസ് ബോളർമാരെ കണ്ട് അസൂയപ്പെട്ടിരുന്നു. മൈക്കൽ ഹോൾഡിങ്ങ്, ആൻഡി റോബർട്സ്, മാൽക്കം മാർഷൽ തുടങ്ങിയ മഹാരഥൻമാരിലൂടെ ആരംഭിച്ച പാരമ്പര്യമായിരുന്നു അത്. കർട്‌ലി ആംബ്രോസും കോട്നി വാൽഷും വിരമിക്കുന്നത് വരെ ആ ഫാസ്റ്റ് ബോളിങ് സംസ്കാരം കരീബിയൻ ദ്വീപുകളിൽ നിലനിന്നിരുന്നു.

വീൻഡീസിന്റെ പേസ് ബോളർമാർക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവർ എതിരാളികളോട് സംസാരിക്കാറില്ല. ഒരു തുറിച്ചുനോട്ടത്തിൽ ഒതുങ്ങുന്നതായിരുന്നു അവരുടെ സ്ലെജിങ്. അതിന് അകമ്പടിയായി കലിപ്സോ സംഗീതവും ഉണ്ടായിരുന്നു. നമുക്ക് അതെല്ലാം ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു.

ഇന്ത്യയ്ക്ക് ഇപ്പോൾ ജസ്പ്രീത് ബുമ്രയുണ്ട്. വെസ്റ്റ് ഇന്ത്യൻ താരങ്ങളുടെ ഉയരമോ ആകാരമോ ബുമ്രയ്ക്കില്ല. ശുഐബ് അക്തറിനെപ്പോലെ പേടിപ്പിക്കുന്ന റൺ അപ് ഇല്ല. ബോളിങ് ആക്ഷൻ പോലും അസ്വാഭാവികമാണ്.

പക്ഷേ ബുമ്രയുടെ പന്തുകൾ തീ തുപ്പുന്നുണ്ട്. ഫോർമാറ്റ് ഏതായാലും ബുമ്രയെ നേരിടാൻ ബാറ്റർമാർ നന്നേ പ്രയാസപ്പെടുന്നുണ്ട്. എതിരാളികൾക്ക് തലവേദനയായ ബുമ്രയുടെ ചിൻ മ്യൂസിക് നമുക്ക് മധുരതരമായി അനുഭവപ്പെടുന്നുണ്ട്. ലോകം ഇപ്പോൾ ഇന്ത്യൻ ടീമിനെ നോക്കി അസൂയപ്പെടുകയാണ്!

English Summary: Jasprit Bumrah Takes Perfect Revenge From Marco Jansen, Sends His Stumps Flying In 3rd Test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA