കപ്പടിക്കാൻ കൗമാരം; അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു നാളെ തുടക്കം

yashdool
യഷ് ദൂൽ
SHARE

വിരാട് കോലി, കെയ്ൻ വില്യംസൻ, സ്റ്റീവ് സ്മിത്ത്, രവീന്ദ്ര ജഡേജ... 2008ലെ അണ്ടർ 19 ഏകദിന ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിലെത്തി മികവിന്റെ തലപ്പാവണിഞ്ഞവരിൽ ചിലർ മാത്രമാണ് ഇവർ. കൗമാര ലോകകപ്പിന്റെ 14–ാം പതിപ്പിനു നാളെ കരീബിയൻ ദ്വീപുകളിൽ തുടക്കമാകുമ്പോൾ താരോദയങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ആന്റിഗ്വ, ഗയാന, സെന്റ് കിറ്റ്സ്, ട്രിനിഡാഡ് എന്നീ 4 വേദികളിലായി 48 മത്സരങ്ങൾ ലോകകപ്പിൽ അരങ്ങേറും. 16 ടീമുകളാണു മത്സരിക്കുന്നത്. ബംഗ്ലദേശാണു നിലവിലെ ജേതാക്കൾ. ഇന്ത്യയാണു 2–ാം സ്ഥാനക്കാർ.

നാളെ 2 മത്സരങ്ങളുണ്ട്്: വെസ്റ്റിൻഡീസ് – ഓസ്ട്രേലിയ, സ്കോട്‌ലൻഡ് – ശ്രീലങ്ക. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7.30ന്. ഫൈനൽ ഫെബ്രുവരി 5ന്. ഇന്ത്യയുടെ ആദ്യ മത്സരം 15നു രാത്രി 7.30നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ. ആദ്യഘട്ടം റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ്. പിന്നീടു പ്ലേറ്റ്, സൂപ്പർ ലീഗ് ഘട്ടങ്ങൾ. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.

∙ ഓൾ ദ് ബെസ്റ്റ് ഇന്ത്യ

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായിട്ടുള്ള ടീമാണ് ഇന്ത്യ (2000, 2008, 2012, 2018). കപ്പിലേക്കു നേരത്തേ ഇന്ത്യയെ നയിച്ച ഡൽഹി സ്വദേശികളായ വിരാട് കോലി (2008), ഉൻമുക്ത് ചന്ദ് (2012) എന്നിവർക്കുശേഷം ആ നേട്ടത്തിലേക്കെത്താൻ ശ്രമിക്കുന്ന ഡൽഹിക്കാരൻ യഷ് ദൂലാണ് ഇക്കുറി ഇന്ത്യൻ ക്യാപ്റ്റൻ. ഈ മാസമാദ്യം ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണു ടീ ഇന്ത്യ കളത്തിലിറങ്ങുക.

ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനോടു തോറ്റെങ്കിലും പിന്നീടു മികച്ച പ്രകടനം നടത്താൻ ഇന്ത്യയ്ക്കായി. ഓപ്പണിങ് ബാറ്റർ ഹർനൂർ സിങ്, ഓൾറൗണ്ടർ രാജ് അംഗദ് ബാവ എന്നിവരുടെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമാകും.

ഗ്രൂപ്പ് എ

ബംഗ്ലദേശ്, ഇംഗ്ലണ്ട്, കാനഡ, യുഎഇ

ഗ്രൂപ്പ് ബി

ഇന്ത്യ, അയർലൻഡ്, ദക്ഷിണാഫ്രിക്ക, യുഗാണ്ട

ഗ്രൂപ്പ് സി

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, പാപ്പുവ ന്യൂഗിനി, സിംബാബ്‌വെ

ഗ്രൂപ്പ് ഡി

ഓസ്ട്രേലിയ, സ്കോട്‌ലൻഡ്, ശ്രീലങ്ക, വെസ്റ്റിൻഡീസ്

∙ യുഎഇയെ മലയാളി നയിക്കും

ലോകകപ്പിൽ യുഎഇ ടീമിനെ നയിക്കുന്നതു മലയാളിയാണ്: കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകൻ അലിഷാൻ ഷറഫു. ദുബായ് ഡിമോന്റ് ഫോർട് യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർഥിയാണ്. ഒരേ സമയം അണ്ടർ 19, സീനിയർ ടീമുകളിൽ കളിക്കുന്ന താരമാണ് അലിഷാൻ.

alishan
ഹർകീരത്, ഫത്തേ സിങ്, അലിഷാൻ, മിഹിർ, നിവേദൻ

∙ ടീമുകൾ നിറയെ ഇന്ത്യക്കാർ

ഇന്ത്യൻ വംശജരായ ഒട്ടേറെപ്പേർ മറ്റു ടീമുകൾക്കായി കളിക്കുന്നുണ്ട്. കാനഡയുടെ ക്യാപ്റ്റൻ മിഹിർ പട്ടേൽ ഇന്ത്യൻ വംശജനാണ്. മിഹിറിനു പുറമേ ടീമിലുള്ള അനൂപ ചിമ, ഗുർണക് സിങ്, ഹർജാപ് സെയ്നി, പരംവീർ ഖാറൂഡ്, രമൺവീർ ധാലിവാൽ, സിദ്ധ് ലാഡ് എന്നിവരെല്ലാം ഇന്ത്യയിൽ വേരുകളുള്ളവരാണ്. 1965ൽ ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് ഇംഗ്ലണ്ടിനായി കളിക്കുന്ന ഫത്തേ സിങ്. സ്കോട്‌ലൻ‍ഡ് ടീമിൽ ആയുഷ് ദാസ് മഹാപത്രയാണ് ഇന്ത്യൻ വംശജൻ. അലി ഷാനു പുറമേ യുഎഇ ടീമിലെ ശിവൽ ബാവയും ഇന്ത്യക്കാരനാണ്. ഓസ്ട്രേലിയൻ ടീമിൽ ഹർകീരത് ബജ്‌വ, നിവേദൻ രാധാകൃഷ്ണൻ എന്നിവരുണ്ട്.

English Summary: Under 19 cricket world cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA