പൂജാര, രഹാനെ, മയാങ്ക് നേടിയ റൺസ് ടീമിന് എക്സ്ട്രായായും കിട്ടി: പരിഹസിച്ച് ചോപ്ര

mayank-rahane-pujara
മയാങ്ക് അഗർവാൾ, അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര
SHARE

മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം ഒരിക്കൽക്കൂടി പടിക്കൽ വീണുടഞ്ഞതിനു പിന്നാലെ, തോൽവിക്ക് കാരണം ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ എന്നിവർ ബാറ്റിങ്ങിൽ പരാജയപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. പരമ്പരയിലെ ഒന്നാം ടെസ്റ്റ് ജയിച്ച് പ്രതീക്ഷയുണർത്തിയ ഇന്ത്യ, രണ്ടും മൂന്നും ടെസ്റ്റുകൾ തോറ്റാണ് പരമ്പര അടിയറവു വച്ചത്. ഇതിനു പിന്നാലെയാണ് തോൽവിക്കു കാരണം ഓപ്പണർ മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരുടെ മോശം പ്രകടനമാണെന്ന ചോപ്രയുടെ നിലപാട്.

കുറച്ചുനാളായി മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന പൂജാരയ്ക്കും രഹാനെയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും കാര്യമായി തിളങ്ങാനായിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അഗർവാളിനാകട്ടെ, തുടർന്ന് അതേ ഫോം നിലനിർത്താനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ചോപ്ര തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

‘പൂജാര, അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ എന്നിവർക്ക് തിളങ്ങാനായില്ല. ആദ്യ ടെസ്റ്റിൽ അഗർവാൾ അർധസെഞ്ചുറി നേടിയിരുന്നു. പൂജാരയും രഹാനെയും ഒന്നോ രണ്ടോ ഭേദപ്പെട്ട ഇന്നിങ്സുകൾ കളിച്ചു. പക്ഷേ മൊത്തത്തിൽ നോക്കിയാൽ, ഇവർ മൂന്നു പേരും ആറ് ഇന്നിങ്സുകളിൽനിന്ന് നേടിയ റൺസോളം തന്നെ എതിർ ടീമിന്റെ ബോളർമാർ എക്സ്ട്രാ ആയിട്ടും നൽകിയിട്ടുണ്ട്’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘നോക്കൂ, ഈ താരങ്ങളിൽനിന്നൊന്നും പ്രതീക്ഷിച്ച തരത്തിലുള്ള പ്രകടനം ഉണ്ടായിട്ടില്ല. ഇവർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോകുന്നതോടെ മുൻനിരയും മധ്യനിരയും തീർത്തും ശുഷ്കമായിപ്പോകും. അത് ടീമിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ദക്ഷിണാഫ്രിക്കയിൽ മയാങ്ക് അഗർവാൾ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നത് തീർച്ചയായിരുന്നു. അദ്ദേഹം മികച്ച രീതിയിൽ തുടക്കമിട്ടെങ്കിലും പിന്നീട് നിറം മങ്ങി’ – ചോപ്ര ചൂണ്ടിക്കാട്ടി.

മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽനിന്ന് അജൻക്യ രഹാനെ അടിച്ചുകൂട്ടിയത് 136 റൺസാണ്. മയാങ്ക് അഗർവാൾ ആകെ 135 റൺസും ചേതേശ്വർ പൂജാര 124 റൺസും മാത്രമാണ് നേടിയത്. ഇതിൽ അജിൻക്യ രഹാനെ നേടിയ റൺസോളം ദക്ഷിണാഫ്രിക്കൻ ബോളർമാർ എക്സ്ട്രായിനത്തിലും നൽകി. ഈ പരമ്പരയോടെ പൂജാര – രഹാനെ കൂട്ടുകെട്ട് ഏറെക്കുറെ അവസാനിക്കുകയാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘ചേതേശ്വ‍ർ പൂജാര, അജിൻക്യ രഹാനെ – ഈ കൂട്ടുകെട്ട് ഏറെക്കുറെ അവസാനിക്കുകയാണ്. ഇത് തികച്ചും നിർഭാഗ്യകരമെന്നു തന്നെ പറയണം. ഇരുവരെയും നമുക്ക് ഏറെ ഇഷ്ടമാണ്. അവർ രാജ്യത്തിനായി ഒട്ടേറെ സുപ്രധാന ഇന്നിങ്സുകൾ കളിച്ചിട്ടുമുണ്ട്. ഇനി ഇരുവരെയും ഒരുമിച്ച് പുറത്തിരുത്തുമോ എന്നതാണ് ചോദ്യം. അത് ശരിയാകില്ലെന്നാണ് എന്റെ അഭിപ്രായം. ഇരുവരെയും ഒന്നിച്ച് പുറത്തിരുത്തി രണ്ടു മാറ്റങ്ങൾ കൊണ്ടുവരുന്നത് തിരിച്ചടിക്കാൻ സാധ്യതയുണ്ട്’ – ചോപ്ര പറഞ്ഞു.

‘ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഒരു മാറ്റം ഉറപ്പാണ്. അജിൻക്യ രഹാനെയെ സംബന്ധിച്ച് ടീമിൽ സ്ഥാനം നിലനിർത്തുന്നത് പ്രയാസമായിരിക്കും. ഈ പരമ്പരയിൽ പൂജാരയേക്കാൾ 10 റൺസ് അധികം സ്കോർ ചെയ്ത താരമാണ് രഹാനെ എന്നത് അംഗീകരിക്കുന്നു. എങ്കിലും ആദ്യം പുറത്തുപോകുന്നത് രഹാനെ തന്നെയായിരിക്കും. പിന്നീട് പൂജാരയ്ക്ക് ടീമിൽ തുടരാൻ തീർച്ചയായും സെഞ്ചുറികൾ നേടേണ്ടിവരും. അർധസെഞ്ചുറി കൊണ്ടും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല’ – ചോപ്ര പറഞ്ഞു.

English Summary: The opposing team gave almost the same extras as the runs Pujara, Ajinkya Rahane and Mayank Agarwal scored: Aakash Chopra on India's batting woes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS