അന്ന് സച്ചിനെ രക്ഷിച്ചപ്പോൾ ഡിആർഎസ് കൊള്ളാം, ഇന്ന് തള്ളിപ്പറയുന്നു: ‘കുത്തി’ അജ്മൽ

elgar-sachin
എൽഗാറിന്റെയും സച്ചിന്റെയും ഔട്ടിന്റെ വിഡിയോ റീപ്ലേ (ട്വിറ്റർ ചിത്രങ്ങൾ)
SHARE

കറാച്ചി∙ 2011ലെ ഏകദിന ലോകകപ്പിൽ സച്ചിൻ തെൻഡുൽക്കറിനെതിരായ വിക്കറ്റ് സംശയകരമായ രീതിയിൽ ഡിആർഎസിലൂടെ തിരുത്തപ്പെട്ടപ്പോൾ സാങ്കേതിക വിദ്യയെ പിന്തുണച്ചവരും അതിനായി കയ്യടിച്ചവരുമാണ് ഇന്ന് സമാനമായ അനുഭവം നേരിട്ടപ്പോൾ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നതെന്ന് പാക്കിസ്ഥാന്റെ മുൻ താരം സയീദ് അജ്മൽ. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിന്റെ ഔട്ട് ഡിആർഎസിലൂടെ തിരുത്തിയത് വൻ വിവാദമായിരുന്നു. പാഡിലിടിച്ച പന്ത് അവിശ്വസനീയമായ രീതിയിൽ ബൗൺസ് ചെയ്ത വിക്കറ്റിനു മുകളിലൂടെ പോയതോടെയാണ് ഔട്ട് വിളിച്ച തീരുമാനം അംപയർ തിരുത്തിയത്. എന്നാൽ, ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ളവരുടെ ആക്ഷേപം.

ഇതിനു പിന്നാലെയാണ് ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പിൽ നടന്ന സമാനമായ സംഭവം സയീദ് അജ്മൽ ഓർമിപ്പിച്ചത്. അന്ന് 115 പന്തിൽ 85 റൺസുമായി ഇന്ത്യയുടെ വിജയശിൽപിയായ സച്ചിൻ തെൻഡുൽക്കറിനെ വളരെ മുൻപുതന്നെ അജ്മൽ എൽബിയിൽ കുരുക്കിയിരുന്നു. എന്നാൽ, ഡിആർഎസിലൂടെ അംപയർ ആ തീരുമാനം തിരുത്തുകയായിരുന്നു. അന്ന് സച്ചിന്റെ പാഡിലിടിച്ച പന്തും അവിശ്വസനീയമായാണ് ബൗൺസ് ചെയ്ത് സ്റ്റംപിൽ തട്ടാതെ പോയതെന്നാണ് അജ്മലിന്റെ വാദം.

‘വിക്കറ്റ് ഉറപ്പിച്ചശേഷം തീരുമാനം നമുക്കെതിരാകുമ്പോൾ അത് അംഗീകരിക്കാൻ പ്രയാസമാണ്. 2011ലെ ഏകദിന ലോകകപ്പിൽ സച്ചിൻ െതൻഡുൽക്കറിനെതിരായ എന്റെ ആ പന്ത് സ്റ്റംപിനെ ഒഴിഞ്ഞുപോകാൻ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഡീൻ എൽഗാറിനെതിരായ അശ്വിന്റെ പന്തുപോലെ തന്നെ’ – സയീദ് അജ്മൽ പറഞ്ഞു.

‘അന്ന് സച്ചിൻ തെൻ‍ഡുൽക്കറിന്റെ വിക്കറ്റ് അനുവദിച്ചശേഷം ഡിആർഎസിലൂടെ ആ തീരുമാനം തിരുത്തിയപ്പോൾ, എല്ലാവരും പറഞ്ഞത് സാങ്കേതിക വിദ്യ മികച്ചതാണ്, കൃത്യമാണ്, വിശ്വസനീയമാണ് എന്നൊക്കെയാണ്. ഇന്ന് അതേ ആളുകളാണ് സാങ്കേതിക വിദ്യ കൊള്ളില്ല, വിശ്വസനീയമല്ല എന്നൊക്കെ പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നത്’ – അജ്മൽ ചൂണ്ടിക്കാട്ടി.

2011ലെ ഏകദിന ലോകകപ്പ് സെമിയിൽ സച്ചിൻ തെൻഡുൽക്കർ അജ്മലിന്റെ പന്തിൽ പുറത്തായെന്ന് വിധിച്ച തീരുമാനം ഡിആർഎസിലൂടെ തിരുത്തിയത് മത്സരഫലത്തിൽ നിർണായകമായിരുന്നു. സച്ചിന്റെ വ്യക്തിഗത സ്കോർ 23ൽ നിൽക്കെയാണ് അംപയർ ഇയാൻ ഗൗൾഡ് പുറത്തായതായി വിധിച്ചത്. ഡിആർഎസിലൂടെ തീരുമാനം തിരുത്തേണ്ടിവന്നതോടെ ‘ലൈഫ്’ ലഭിച്ച സച്ചിൻ, 85 റൺസെടുത്ത് ഇന്ത്യയുടെ വിജയശിൽപിയായി. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും സച്ചിൻ തന്നെ.

English Summary: No way my delivery to Tendulkar from the 2011 WC was missing the stumps, just like the Ashwin delivery to Elgar: Saeed Ajmal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS