ADVERTISEMENT

കേപ് ടൗൺ∙ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്ന വിവരം ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുന്നതിന് 24 മണിക്കൂർ മുൻപുതന്നെ വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിലെ സഹതാരങ്ങളെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽവച്ചാണ് രാജിക്കാര്യം കോലി സഹതാരങ്ങളെ അറിയിച്ചത്. കോലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിനിന്ന സഹതാരങ്ങളോട്, രാജിക്കാര്യം പുറത്തുപറയരുതെന്നും കോലി പ്രത്യേകം നിഷ്കർഷിച്ചിരുന്നു.

‘ഞാൻ നിങ്ങളിൽനിന്ന് ഒരു ചെറിയ ഉപകാരം ആവശ്യപ്പെടുകയാണ്. ഡ്രസിങ് റൂമിനു പുറത്തുള്ള ആരുമായും ഇക്കാര്യം (ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കുന്ന കാര്യം) പങ്കുവയ്ക്കരുത്’ – വിരാട് കോലി സഹതാരങ്ങളോട് ആവശ്യപ്പെട്ടതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

ഇതിനു പിന്നാലെയാണ് ശനിയാഴ്ച വൈകീട്ട് ടെസ്റ്റ് ടീമിന്റെയും നായകസ്ഥാനം രാജിവയ്ക്കുന്നതായി കോലി പരസ്യമാക്കിയത്. കോലിയുടെ രാജി പ്രഖ്യാപനത്തിന്റെ പൂർണരൂപം ഇതാ:

നന്ദി... നന്ദി... നന്ദി...

ടീമിനെ ജയത്തിലേക്കു നയിക്കാൻ കഴിഞ്ഞ 7 വർഷമായി ഓരോ ദിവസവും കഠിനാധ്വാനവും അക്ഷീണ പരിശ്രമവും നടത്തിവരികയാണ്. അങ്ങേയറ്റം വിശ്വസ്തതയോടെയാണു ഞാൻ ആ ജോലി ചെയ്തത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ എല്ലാറ്റിനുമൊരു വിരാമമുണ്ടാകും. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ കരിയറിൽ അതിപ്പോഴാണെന്നു ഞാൻ കരുതുന്നു. ഈ യാത്രയിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഉഴപ്പുകയോ വിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന എല്ലാക്കാര്യത്തിലും 120% ആത്മാർഥത കാട്ടി. അങ്ങനെ ചെയ്തില്ലെങ്കിൽ അതു ശരിയല്ലെന്നാണ് എന്റെ തോന്നൽ. എല്ലാക്കാര്യത്തിലും എനിക്കു വ്യക്തതയുണ്ട്. എന്റെ ടീമിനോടു ഞാൻ അവിശ്വസ്ത പുലർത്തിയിട്ടില്ല.

ദീർഘകാലം ക്യാപ്റ്റനായി തുടരാൻ അവസരം നൽകിയ ബിസിസിഐക്കു നന്ദി. ടീമിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടിനു പിന്തുണ നൽകിയും പ്രതിസന്ധിഘട്ടങ്ങളിൽ തോൽക്കാതെ ഒപ്പംനിന്നും സഹായിച്ച സഹതാരങ്ങൾക്കും നന്ദി. നിങ്ങളാണ് എന്റെ യാത്ര അവിസ്മരണീയവും സുന്ദരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ നേട്ടങ്ങളിലേക്കു മാത്രം കുതിക്കാൻ എൻജിൻപോലെ പ്രവർത്തിച്ച രവിഭായിക്കും (രവി ശാസ്ത്രി) സഹായികൾക്കും നന്ദി. ക്യാപ്റ്റനെന്ന നിലയിൽ എന്നിൽ വിശ്വാസമർപ്പിച്ചതിനും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാൻ പ്രാപ്തിയുള്ള ആളായി എന്നെ കണ്ടെത്തിയതിനും എം.എസ്.ധോണിക്കും നന്ദി.

English Summary: 24 hours before tweeting, Virat Kohli had informed team that he was stepping down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com