മുംബൈ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഡീൻ എൽഗാറിനെതിരെ അംപയർ വിധിച്ച ഔട്ട് ഡിആർഎസിലൂടെ തിരുത്തിയ നടപടിയിൽ കുപിതനായി സ്റ്റംപ് മൈക്കിലൂടെ രോഷ പ്രകടനം നടത്തിയ വിരാട് കോലിക്കെതിരെ സുനിൽ ഗാവസ്കർ രംഗത്ത്. ഒഴിവാക്കാമായിരുന്ന നീക്കമാണ് കോലിയിൽനിന്ന് ഉണ്ടായതെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു. വിദേശ ടീമിന്റെ നായകൻ ഇന്ത്യയിൽവച്ച് മത്സരം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ചാനലുകാരോടായി ഇത്തരത്തിൽ പ്രതികരിച്ചിരുന്നെങ്കിൽ നമ്മൾ അത് എങ്ങനെ സ്വീകരിക്കുമായിരുന്നുവെന്നും ഗാവസ്കർ ചോദിച്ചു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കേപ് ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് ഡീൻ എൽഗാറിനെതിരെ ഔട്ട് തീരുമാനം ഡിആർഎസിലൂടെ തിരുത്തിയതിൽ ഇന്ത്യൻ താരങ്ങൾ കുപിതരായത്. ബാറ്റിൽ തട്ടാതെ പാഡിൽ ഇടിച്ച പന്ത്, റീപ്ലേയിൽ അവിശ്വസനീയമായ രീതിയിൽ സ്റ്റംപിനു മുകളിലൂടെ നീങ്ങുന്നതായി കാണിച്ചതാണ് ഇന്ത്യൻ താരങ്ങളെ രോഷം കൊള്ളിച്ചത്. റീപ്ലേയ്ക്കായി ഉപയോഗിച്ച ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ഇന്ത്യൻ താരങ്ങളുടെ ആക്ഷേപം. തുടർന്ന് സ്റ്റംപ് മൈക്കിന് അടുത്തെത്തിയ കോലി, ബ്രോഡ്കാസ്റ്റർമാർക്കെതിരെ രോഷപ്രകടനം നടത്തുകയായിരുന്നു.
‘പന്ത് മിനുക്കുമ്പോൾ എതിർ ടീമിലെ താരങ്ങളെ മാത്രമല്ല, സ്വന്തം ടീമിനെയും ഇടയ്ക്ക് ക്യാമറയിൽ പകർത്തൂ’ – എന്നായിരുന്നു സ്റ്റംപ് മൈക്കിലൂടെ ബ്രോഡ്കാസ്റ്റർമാർക്ക് കോലിയുടെ ‘ഉപദേശം’. ഇതിനെയാണ് ഗാവസ്കർ വിമർശിച്ചത്.
‘രാജ്യത്തിനായി കളിക്കുമ്പോൾ, കഴിവിന്റെ പരമാവധി പുറത്തെടുത്ത് ജയിക്കാനായി ശ്രമിക്കുമ്പോൾ ഓരോ നിമിഷവും നിയന്ത്രണം നഷ്ടപ്പെടാനും രോഷം കൊള്ളാനും സാധ്യത കൂടുതലാണ്. കളത്തിൽവച്ച് എന്തെങ്കിലുമൊക്കെ പറയുന്നത് സ്വാഭാവികം. പക്ഷേ, സ്റ്റംപ് മൈക്കിന് അടുത്തുചെന്ന് വായിൽ തോന്നുന്നതൊക്കെ പറയുന്നത് അത്ര നല്ലതാണെന്ന് കരുതുന്നില്ല. റെക്കോർഡ് ചെയ്യുമെന്നും എല്ലാവരും കാണുമെന്നും അറിയാവുന്നതല്ലേ? അത് ഒഴിവാക്കാമായിരുന്നു’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
‘കായിക മത്സരങ്ങൾക്കിടെ നിയന്ത്രണം നഷ്ടപ്പെടുന്നതും പ്രതികരിക്കുന്നതുമെല്ലാം നാം കാണാറുണ്ട്. ഫുട്ബോളായാലും ക്രിക്കറ്റായാലും മറ്റേത് കായികയിനമായാലും അങ്ങനെതന്നെ. അത് മനഃപൂർവം സംഭവിക്കുന്നതാണെന്ന് കരുതാനാകില്ല. ഇത് അങ്ങനെയല്ല. നോക്കൂ, ഒരു വിദേശ ടീമിന്റെ ക്യാപ്റ്റൻ സ്റ്റംപ് മൈക്കിന് അടുത്തുവന്ന് മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകാരോടായി ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് എപ്രകാരം സ്വീകരിക്കുമായിരുന്നു? വലിയ വിവാദമാകുമെന്ന് ഉറപ്പല്ലേ?’ – ഗാവസ്കർ ചോദിച്ചു.
English Summary: Gavaskar condemns Kohli's 'avoidable' stump mic outburst