ADVERTISEMENT

പന്തോ ബാറ്റോ ഇല്ലാതെയും ക്രിക്കറ്റിൽ ഇതിഹാസമാകാം എന്നു തെളിയിച്ച താരമാണ് ജോണ്ടി റോഡ്സ്. ബോളറായോ ബാറ്ററായോ അല്ല റോഡ്സിനെ ആരാധകർ ഓർക്കുന്നത്. ഫീൽഡിൽ പന്തുകൾ പറന്നു പിടിക്കുന്ന ഒന്നാന്തരം ഫീൽഡറായാണ്. ഒമാനിൽ ഇന്നു തുടങ്ങുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ജോണ്ടി റോഡ്സിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതും സിക്സും ഫോറും വിക്കറ്റുമൊന്നുമല്ല. പന്തിന്റെ വഴി മുടക്കുന്ന ഉജ്വലമായ ഡൈവുകളാണ്.

അൻപത്തിരണ്ടുകാരനായ റോഡ്സ് ഓൺലൈൻ അഭിമുഖത്തിൽ ‘മനോരമ’യോടു സംസാരിക്കുന്നു.

? ലീഗിൽ വേൾഡ് ജയന്റ്സ്  ടീം അംഗമാണല്ലോ. ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്സൻ, ഹെർഷലെ ഗിബ്സ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്. എങ്കിലും ആരുടെ  കൂടെ കളിക്കുന്നതാണ് കൂടുതൽ മോഹിപ്പിക്കുന്നത്

ക്യാപ്റ്റൻ ഡാരൻ സമി. വെസ്റ്റിൻഡീസ് കളിക്കാരെ എനിക്കു വലിയ ഇഷ്ടമാണ്. കളിയും ജീവിതവും ആഘോഷമാണ് അവർക്ക്. ഞങ്ങൾ ദക്ഷിണാഫ്രിക്കക്കാർ അങ്ങനെയല്ല. വലിയ അച്ചടക്കമുള്ളവരാണ്.

? സമകാലിക ക്രിക്കറ്റിലേക്കു വരാം. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തുനിന്നുള്ള വിരാട് കോലിയുടെ രാജിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം

ഒരു ദക്ഷിണാഫ്രിക്കക്കാരനെന്ന നിലയിൽ എന്നെ പേടിപ്പിക്കുന്നതാണ് ആ തീരുമാനം. ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തമില്ലാത്ത കോലി കൂടുതൽ അപകടകാരിയായിരിക്കുമെന്ന് ഞാൻ കരുതുന്നു.

? നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച 3 ഫീൽഡർമാരെ തിരഞ്ഞെടുക്കാമോ

ആദ്യം എനിക്കേറ്റവും ഇഷ്ടപ്പെട്ട 3 പേരെ പറയാം. വിൻഡീസ് താരം കയ്റൻ പൊള്ളാർഡ്, ഇന്ത്യൻ താരം സുരേഷ് റെയ്ന, ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. വിരമിച്ചവരെ ഒഴിവാക്കിയാൽ പൊളളാർഡ്, മാർട്ടിൻ ഗപ്ടിൽ, ബെൻ സ്റ്റോക്സ്. പിന്നെ തീർ‌ച്ചയായും ജഡ്ഡു (രവീന്ദ്ര ജഡേജ).

? ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കൻ ടീമിൽ ലെജൻഡ് പരിവേഷം ലഭിക്കുമെന്ന് ഉറപ്പുള്ള കളിക്കാരൻ

കഗീസോ റബാദ. മത്സരങ്ങളുടെ എണ്ണവും അധ്വാനവും റബാദ ശ്രദ്ധിക്കണമെന്നു മാത്രം.

? ക്രിക്കറ്റിനു പുറത്തു നിന്ന് ഒരു ചോദ്യം. ലോക ഫുട്ബോളിൽ റോഡ്സിന്റെ പ്രിയതാരം ആരാണ്

ഫുട്ബോൾ നന്നായി പിന്തുടരുന്ന ഒരാളല്ല ഞാൻ. ഗോൾ തടയുന്നവരേക്കാളേറെ ഗോളടിക്കുന്നവരെയാണ് എനിക്കിഷ്ടം. അങ്ങനെ നോക്കുമ്പോൾ അന്നും ഇന്നും പെലെയാണ് എന്റെ ഇഷ്ടതാരം.

English Summary: South African cricketer Jonty Rhodes on Virat Kohli.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com