ADVERTISEMENT

കറാച്ചി∙ ഇന്ത്യൻ ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തുനിന്ന് രാജിവച്ച വിരാട് കോലിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്ത്. വിരാട് കോലിക്കെതിരെ ഒട്ടേറെ ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും അക്തർ ഉയർത്തി. ഈ ലോബികളുടെ സമ്മർദ്ദമാണ് കോലിയുടെ രാജിയിലേക്ക് നയിച്ചതെന്നും അക്തർ ആരോപിച്ചു. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി, ലോകകപ്പിനുശേഷം താൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് കോലി ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നീട് ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ സിലക്ടർമാർ ഇടപെട്ട് ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ പുറത്താക്കി. ഇതിനു പിന്നാലെയാണ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും കോലി രാജിവച്ചത്.

രാജികൾ നിറഞ്ഞ ഈ കാലഘട്ടം കോലിയെ സംബന്ധിച്ച് അതീവ ദുഷ്കരമായിരുന്നുവെന്ന് അക്തർ അഭിപ്രായപ്പെട്ടു. ‘വിരാട് കോലിയെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ ദിനങ്ങളായിരുന്നു അത്. ലോകകപ്പിന്റെ സമയത്ത് ഞാൻ ദുബായിലുണ്ടായിരുന്നു. കിരീടം നേടിയെങ്കിലും അത് കോലിയെ പ്രതികൂലമായി ബാധിക്കുമെന്ന് അന്നേ എനിക്ക് ഉറപ്പായിരുന്നു. അത് അതേപടി സംഭവിച്ചു. കോലിക്കെതിരെ പ്രവർത്തിക്കുന്ന ആളുകളുണ്ട്. കോലിയെ എതിർക്കുന്ന ലോബികളുമുണ്ട്. ഇക്കാരണത്താലാണ് കോലി രാജിവയ്ക്കേണ്ടി വന്നത്’ – അക്തർ പറഞ്ഞു.

‘സൂപ്പർതാരമായി മാറുന്ന ആരും കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും. പക്ഷേ, അവർക്ക് ഭയപ്പെടാനൊന്നുമില്ല. കോലിയും ഒന്നിനെയും ഭയക്കേണ്ട കാര്യമില്ല. അദ്ദേഹം ധൈര്യവാനായിരിക്കട്ടെ. ആ രാജ്യം മുഴുവൻ കോലിയെ സ്നേഹിക്കുന്നുണ്ട്. ഇത് കോലിയെ സംബന്ധിച്ച് ഒരു പരീക്ഷണ ഘട്ടമാണ്. അദ്ദേഹം അതെല്ലാം തരണം ചെയ്ത് ശക്തിയോടെ തിരിച്ചെത്തും’ – അക്തർ പറഞ്ഞു.

കാര്യങ്ങളെ സങ്കീർണമായി കാണാതെ ലളിതമായി കാണാൻ കോലി ശ്രമിക്കണമെന്ന് അക്തർ അഭിപ്രായപ്പെട്ടു. ആസ്വദിച്ച് കളി തുടരാനാകണമെന്നും അക്തർ ചൂണ്ടിക്കാട്ടി.

‘അങ്ങനെ കോലിക്ക് ക്യാപ്റ്റൻ സ്ഥാനം സമ്പൂർണമായി നഷ്ടമായി. ഇനി കഠിനാധ്വാനം ചെയ്യേണ്ട സമയമാണ്. സ്വാഭാവികമായി കളിക്കുന്ന ആ പഴയ വിരാട് കോലിയായി അദ്ദേഹം തിരിച്ചുവരണം. ക്യാപ്റ്റൻസി അത്ര എളുപ്പമുള്ള സംഗതിയല്ല. അത് വളരെയധികം സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. കോലിക്ക് ആസ്വദിച്ച് കളിക്കാൻ സാധിക്കണം. ആളുകളോട് പൊറുത്തും മറന്നും പുതിയൊരു മനുഷ്യനായി കോലി മാറട്ടെ’ – അക്തർ വിശദീകരിച്ചു.

‘അടുത്ത 5–6 മാസത്തിനുള്ളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിൽ കോലിക്ക് സന്തോഷം തോന്നും. മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റിൽ അദ്ദേഹത്തിന് 120 സെഞ്ചുറിയെങ്കിലും നേടാനുമാകും. ഇപ്പോൾ മനസ്സിലുള്ള ദേഷ്യമാണ് കോലിയുടെ അടുത്ത 50 സെഞ്ചുറിക്കുള്ള ഇന്ധനം. ഈ ദേഷ്യം മുന്നിലുള്ള ആളുകളോടല്ല കോലി തീർക്കേണ്ടത്. പകരം അത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ പ്രതിഫലിക്കണം’ – അക്തർ പറഞ്ഞു.

English Summary: Shoaib Akhtar backs Kohli to bounce back strong, says ‘there are lobbies against him’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com