താഹിർ 19 പന്തിൽ 52*; ഓജയുടെ (69 പന്തിൽ 140) പോരാട്ടം വിഫലം, ഇന്ത്യ മഹാരാജാസ് തോറ്റു!
Mail This Article
അൽ അമീറത്ത് (ഒമാൻ)∙ 69 പന്തിൽ 140 റൺസുമായി മിന്നിത്തിളങ്ങിയ നമാൻ ഓജയുടെ പോരാട്ടം വിഫലം. പന്തുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ബാറ്റിങ്ങിൽ അതിശയിപ്പിച്ച ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറിന്റെ മികവിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ വേൾഡ് ജയന്റ്സിന് ആദ്യ ജയം. ഇന്ത്യൻ മഹാരാജാസിനെ മൂന്നു വിക്കറ്റിനാണ് അവർ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ മഹാരാജാസ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 209 റൺസ്. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ വേൾഡ് ജയന്റ്സ്, ഇമ്രാൻ താഹിറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിൽ മൂന്നു പന്തും മൂന്നു വിക്കറ്റും ബാക്കിനിർത്തി ലക്ഷ്യത്തിലെത്തി.
ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിൽ തകർന്ന വേൾഡ് ജയന്റ്സിന്, അവസാന ഓവറുകളിൽ ഇമ്രാൻ താഹിർ നടത്തിയ കടന്നാക്രമണമാണ് കരുത്തായത്. വെറും 19 പന്തുകളിൽനിന്ന് താഹിർ അടിച്ചുകൂട്ടിയത് 52 റൺസ്. മൂന്നു ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് താഹിറിന്റെ ഇന്നിങ്സ്. 27 പന്തിൽനിന്ന് രണ്ടു ഫോറും ആറു സിക്സും സഹിതം 53 റൺസെടുത്ത കെവിൻ പീറ്റേഴ്സന്റെ പ്രകടനവും വേൾഡ് ജയന്റ്സിന് കരുത്തായി.
ബ്രാഡ് ഹാഡിൻ (13 പന്തിൽ 21), ക്യാപ്റ്റൻ ഡാരൻ സമി (11 പന്തിൽ 28), മോണി മോർക്കൽ (15 പന്തിൽ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ മത്സരത്തിൽ 95 റൺസടിച്ച അയർലൻഡ് താരം കെവിൻ ഒബ്രീന് ഇക്കുറി തിളങ്ങാനായില്ല. ആറു പന്തിൽ ഒൻപതു റൺസെടുത്ത് ഒബ്രീൻ പുറത്തായി. ജൊനാഥൻ ട്രോട്ട് (6), കോറി ആൻഡേഴ്സൻ (0), ആൽബി മോർക്കൽ (4) എന്നിവരും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി സ്റ്റുവാർട്ട് ബിന്നി നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുനാഫ് പട്ടേലിനും രണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 51 റൺസ് വഴങ്ങി. മൻപ്രീത് ഗോണി നാല് ഓവറിൽ 51 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഓപ്പണർ നമാൻ ഓജയുടെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വസിം ജാഫറിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത ഓജ വെറും 69 പന്തിൽനിന്ന് 140 റൺസാണ് അടിച്ചുകൂട്ടിയത്. 15 ഫോറും ഒൻപതു സിക്സും ഉൾപ്പെടുന്നതാണ് ഓജയുടെ ഇന്നിങ്സ്. ക്യാപ്റ്റൻ മുഹമ്മദ് കൈഫ് 47 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 53 റൺസെടുത്ത് ഓജയ്ക്ക് കൂട്ടുനിന്നു. 15 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റിൽ നമാൻ ഓജ – മുഹമ്മദ് കൈഫ് കൂട്ടുകെട്ട് 109 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 187 റൺസാണ്!
അതേസമയം, വസിം ജാഫർ (0), എസ്. ബദരീനാഥ് (0) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. നേരിട്ട ഒരേയൊരു പന്തിൽ സിക്സർ നേടി യൂസഫ് പഠാൻ ക്യാപ്റ്റൻ കൈഫിനൊപ്പം പുറത്താകാതെ നിന്നു. വേൾഡ് ജയന്റ്സിനായി സൈഡ്ബോട്ടം മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മോണി മോർക്കലിനാണ് ശേഷിക്കുന്ന വിക്കറ്റ്.
English Summary: World Giants vs India Maharajas, 3rd Match - Live Cricket Score