ADVERTISEMENT

കേപ് ടൗൺ∙ മകളുടെ ചിത്രം എടുക്കുന്നതിനെയും പ്രസിദ്ധീകരിക്കുന്നതിനെയും എതിർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വിരാട് കോലി വീണ്ടും രംഗത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗാലറിയിൽ നിൽക്കുന്ന കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുടെയും മകൾ വാമികയുെടയും ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മകളുടെ ചിത്രം പകർത്തുന്നതിനെതിരെ മുൻപ് കൈക്കൊണ്ട നിലപാട് ആവർത്തിച്ച് കോലി രംഗത്തെത്തിയത്.

ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിനിടെ വിരാട് കോലി അർധസെഞ്ചുറി തികച്ചപ്പോഴാണ് അനുഷ്കയുടെയും വാമികയുടെയും ചിത്രം ക്യാമറയിൽ പതിഞ്ഞത്. അർധസെഞ്ചുറി പൂർത്തിയാക്കിയ ഉടൻ കോലി ‘തൊട്ടിൽ സെലബ്രേഷ’നിലൂടെ നേട്ടം കുഞ്ഞിന് സമർപ്പിച്ചിരുന്നു. ഗാലറിയിലേക്ക് നോക്കിയായിരുന്നു ആഘോഷം. ഇതിനു പിന്നാലെയാണ് ഗാലറിയിൽ നിൽക്കുന്ന അനുഷ്കയിലേക്കും വാമികയിലേക്കും ക്യാമറക്കണ്ണുകൾ നീണ്ടത്. തുടർന്ന് കോലിയുടെ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എന്നാൽ, തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ ചിത്രം പകർത്തിയതെന്ന് കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കുഞ്ഞിന്റെ ചിത്രം എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന പഴയ നിലപാടു തന്നെയാണ് ഇപ്പോഴുമുള്ളതെന്നും കോലി അറിയിച്ചു.

‘പ്രിയരേ, ഇന്നലെ സ്റ്റേഡിയത്തിൽവച്ച് ഞങ്ങളുടെ മകളുടെ ചിത്രം പകർത്തുകയും അതിനുശേഷം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി മനസ്സിലാക്കുന്നു. ഞങ്ങൾ അറിയാതെയാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ ചിത്രം പകർത്തിയത്. ക്യാമറ ഞങ്ങൾക്കു നേരെ തിരിഞ്ഞിരിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല’ – ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കോലി കുറിച്ചു.

‘മകളുടെ ചിത്രം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാടിൽ ഇപ്പോഴും മാറ്റമില്ല. ഞങ്ങൾ മുൻപ് വിശദീകരിച്ചിട്ടുള്ള കാരണങ്ങളാൽ വാമികയുടെ ചിത്രം പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തണമെന്ന് അഭ്യർഥിക്കുന്നു. നന്ദി’ – കോലി എഴുതി.

മകളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിനോടുള്ള എതിർപ്പ് അറിയിച്ച് കോലിയും അനുഷ്കയും മുൻപ് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ചാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. മകൾ വളർന്ന് പ്രായമായി സമൂഹമാധ്യമങ്ങളെന്താണെന്ന് തിരിച്ചറിയാനും സ്വയം തീരുമാനമെടുക്കാൻ പ്രാപ്തി നേടുകയും ചെയ്യുന്നതുവരെ മകളുടെ ചിത്രം പുറത്തുവിടില്ലെന്നായിരുന്നു അന്ന് കോലിയും അനുഷ്കയും അറിയിച്ചത്. ക്രിക്കറ്റ് പരമ്പരകൾക്കായുള്ള യാത്രകൾക്കിടെ കോലിക്കൊപ്പം കുഞ്ഞുമായി പോകുമ്പോൾ ചിത്രം പകർത്താതെ ഈ അഭ്യർഥനയെ മാനിക്കുന്നവർക്ക് നന്ദിയറിയിച്ച് അടുത്തിടെ അനുഷ്ക രംഗത്തെത്തിയിരുന്നു.

English Summary: Caught off-guard, would appreciate if Vamika's pictures are not clicked or published: Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com