അവസാന ഓവറിൽ 3 സിക്സ്, 2 ഫോർ, 28 റൺസ്; എന്നിട്ടും വിൻഡീസ് 1 റണ്ണിനു തോറ്റു!

akeal-vs-england-1
മത്സരശേഷം നിരാശനായിരിക്കുന്ന അകീൽ ഹുസൈനെ ഇംഗ്ലിഷ് താരങ്ങൾ ആശ്വസിപ്പിക്കുന്നു (ട്വിറ്റർ ചിത്രം)
SHARE

ബ്രിജ്ടൗൺ∙ തോറ്റെന്നുറപ്പിച്ച മത്സരത്തിന്റെ അവസാന ഓവറിൽ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി അവതരിച്ച അകീൽ ഹുസൈനും ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസിനെ രക്ഷിക്കാനായില്ല. അവസാന ഓവറിൽ 30 റൺസെന്ന ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ അകീൽ ഹുസൈൻ ഇംഗ്ലണ്ടിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല. രണ്ടു ഫോറും മൂന്നു സിക്സും നിറംചാർത്തിയ പ്രകടനത്തിനൊടുവിൽ അവസാന ഓവറിൽ ഹുസൈന് നേടിയത് 28 റൺസ്. ഫലം, ആവേശപ്പോരാട്ടത്തിൽ വിൻഡീസിന് ഒരു റണ്ണിന്റെ നേരിയ തോൽവി. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് വിൻഡീസിനൊപ്പം (1–1).

ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് അവസാന ഓവറിൽ അകീൽ ഹുസൈന്‍ അവിശ്വസനീയ പ്രകടനവുമായി ആവേശമേറ്റിയത്. ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 20–ാം ഓവർ എറിയാനെത്തുമ്പോൾ വിജയത്തിന് 30 റൺസ് അകലെയായിരുന്നു വിൻഡീസ്. എട്ടു വിക്കറ്റ് നഷ്ടമാക്കിയ വിൻഡീസിനായി ക്രീസിൽ അകീൽ ഹുസൈൻ.

വൈഡുമായി ഓവർ തുടങ്ങിയ മഹ്മൂദ് പകരം എറിഞ്ഞ അടുത്ത പന്തിൽ റൺസ് വിട്ടുകൊടുത്തില്ല. എന്നാൽ, തുടർന്നങ്ങോട്ട് തകർത്തടിച്ച അകീൽ ഹുസൈൻ വിൻഡീസിന് വിജയപ്രതീക്ഷ സമ്മാനിച്ചു. രണ്ടും മൂന്നും പന്തുകളിൽ അകീൽ വക ഫോർ. പിന്നാലെ മഹ്മൂദിന്റെ ‘സംഭാവന’യായി വൈഡ്. തുടർന്നുള്ള മൂന്നു പന്തും നിലംതൊടാതെ ഗാലറിയിലെത്തിച്ച് അകീൽ കരുത്തുകാട്ടിയെങ്കിലും, അപ്പോഴും വിൻഡീസ് സ്കോർ ഇംഗ്ലിഷ് സ്കോറിനേക്കാൾ ഒരു റൺ കുറവായിരുന്നു. അവസാന മൂന്ന് ഓവറിൽ രണ്ടു വിക്കറ്റ് മാത്രം കയ്യിലിരിക്കെ വിജയത്തിന് 62 റൺസെന്ന നിലയിൽനിന്നാണ് വിൻഡീസ് ഒരു റൺ അടുത്തുവരെ മത്സരം എത്തിച്ചത്.

ആകെ 16 പന്തുകൾ നേരിട്ട ഹുസൈൻ മൂന്നു ഫോറും നാലു സിക്സും സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു. ഇതിനു മുൻപ് കളിച്ച 14 ട്വന്റി20 മത്സരങ്ങളിൽനിന്ന് 12 റൺസ് മാത്രം നേടിയ ഹുസൈന്റെ ഉയർന്ന സ്കോർ കൂടിയാണിത്! വിൻഡീസ് നിരയിൽ നിക്കോളാസ് പുരാൻ (22 പന്തിൽ 24), ഡാരൻ ബ്രാവോ (20 പന്തിൽ 23), റൊമാരിയോ ഷെഫേർഡ് (28 പന്തിൽ 44*), ഫാബിയൻ അലൻ (11 പന്തിൽ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇംഗ്ലണ്ടിനായി മോയിൻ അലി നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. ആദിൽ റഷീദ് നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടും റീസ് ടോപ്‌ലി നാല് ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഓപ്പണർ ജെയ്സൻ റോയി (31 പന്തിൽ 45), ടോം ബാന്റൻ (18 പന്തിൽ 25), മോയിൻ അലി (24 പന്തിൽ 31), ക്രിസ് ജോർദാൻ (15 പന്തിൽ 27) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തത്. വിൻഡീസിനായി ജെയ്സൻ ഹോൾഡർ നാല് ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. ഫാബിയൻ അലനും രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 50 റൺസ് വഴങ്ങി. അകീൽ ഹുസൈൻ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഷെൽഡൺ കോട്രൽ, കയ്റൻ പൊള്ളാർഡ്, റൊമാരിയോ ഷെഫേർഡ് എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: England seal one-run win over West Indies to level series in thriller

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS