ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണമായി നിരാശപ്പെടുത്തിയ ഓൾറൗണ്ടർ വെങ്കടേഷ് അയ്യരെ ഇനി ഏകദിന ടീമിലേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏഴോ എട്ടോ ഐപിഎൽ ഇന്നിങ്സുകളുടെ ബലത്തിൽ മാത്രം ടീമിലെടുത്ത വെങ്കടേഷ് അയ്യരെ, ട്വന്റി20 ടീമിലേക്കു മാത്രം പരിഗണിക്കുന്നതാണ് ഉചിതമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് ഏകദിനങ്ങളിൽ അവസരം ലഭിച്ചിട്ടും താരത്തിനു തിളങ്ങാനാകാതെ പോയ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന.

ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് ടീമിനു പുറത്തായതോടെ, താരത്തിന്റെ പകരക്കാരനെന്ന നിലയിൽ ടീമിലെത്തിയ ആളാണ് വെങ്കടേഷ് അയ്യർ. ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ കളിച്ച അയ്യർ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ അവസരം ലഭിച്ച അയ്യരെ ഒരു കളിയിൽ മൂന്നാം നമ്പറിലും രണ്ടാം കളിയിൽ ആറാം നമ്പറിലുമാണ് ബാറ്റിങ്ങിന് അയച്ചത്. 28 പന്തിൽ 36 റൺസെടുത്തെങ്കിലും ബോൾ ചെയ്തത് ഒരേയൊരു മത്സരത്തിൽ മാത്രം. 12 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ടു കളികളിൽ അവസരം ലഭിച്ചെങ്കിലും 40 പന്തിൽനിന്ന് നേടിയത് 24 റൺസ് മാത്രം. അഞ്ച് ഓവർ ബോൾ ചെയ്ത് 28 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചുമില്ല. വെങ്കടേഷ് അയ്യരെ പരീക്ഷിച്ച് പരാജയപ്പെട്ടതോടെ 2023 ലോകകപ്പ് മുൻനിർത്തിയുള്ള ഇന്ത്യയുടെ ഒരുക്കം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഏകദിന ക്രിക്കറ്റിൽ കളിക്കാനാവശ്യമായ പക്വതയും പാകതയും വെങ്കടേഷ് അയ്യർക്കു വന്നിട്ടില്ലെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ട്വന്റി20 ടീമിൽത്തന്നെ ഓപ്പണിങ്ങിന് അവസരമുണ്ടെങ്കിൽ മാത്രമേ അയ്യരെ പരിഗണിക്കാവൂ എന്നും ഗംഭീർ ആവശ്യപ്പെട്ടു.

‘ട്വന്റി20 ടീമിലേക്കു മാത്രം പരിഗണിക്കപ്പെടേണ്ട താരമാണ് അയ്യരെന്നാണ് എന്റെ അഭിപ്രായം. കാരണം അതിനപ്പുറത്തേക്കുള്ള പക്വതയും പാകതയും അദ്ദേഹത്തിനില്ല. ഏഴോ എട്ടോ ഐപിഎൽ മത്സരങ്ങളിലെ പ്രകടനം കണ്ടിട്ടാണ് അദ്ദേഹത്തിന് രാജ്യാന്തര വേദിയിൽ അവസരം ലഭിച്ചത്. ഐപിഎലാണ് ടീമിലെടുക്കുന്നതിന്റെ മാനദണ്ഡമെങ്കിൽ അദ്ദേഹത്തെ ട്വന്റി20 ടീമിലേക്കു പരിഗണിക്കൂ. ഏകദിനം തീർത്തും വ്യത്യസ്തമായ മേഖലയാണ്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

ഏകദിന ടീമിലേക്ക് താരത്തെ തുടർന്നും പരിഗണിക്കുന്നുണ്ടെങ്കിൽ, ഐപിഎൽ മത്സരങ്ങളിൽ അയ്യരെ മധ്യനിരയിൽ കളിപ്പിക്കാൻ ഇന്ത്യൻ മാനേജ്മെന്റ് അദ്ദേഹത്തിന്റെ ടീമിനോട് ആവശ്യപ്പെടണമെന്ന് ഗംഭീർ നിർദ്ദേശിച്ചു.

‘ഐപിഎലിൽ അയ്യർ ഓപ്പണറാണ്. ഇപ്പോൾ മധ്യനിരയിലാണ് സ്ഥാനം. അദ്ദേഹത്തെ തിരിച്ചയയ്ക്കൂ. അയ്യരെ തുടർന്നും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുവെങ്കിൽ അദ്ദേഹത്തെ മധ്യനിരയിൽ കളിപ്പിക്കാൻ ഐപിഎൽ ടീമിനോട് ആവശ്യപ്പെടൂ. പക്ഷേ, അയ്യരെ ഇനി ട്വന്റി20യിൽ മാത്രം കളിപ്പിക്കുന്നതാണ് ഉചിതമെന്നാണ് എന്റെ അഭിപ്രായം. അതും ഓപ്പണറായിട്ടാണെങ്കിൽ മാത്രം. കാരണം, ഐപിഎലിൽ അയ്യരുടെ സ്ഥാനം അവിടെയാണ്’ – ഗംഭീർ പറഞ്ഞു.

English Summary: Send him back. He doesn't have that level of maturity: Gambhir wants India to use promising 27-year-old only in T20Is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com