ADVERTISEMENT

സിഡ്നി∙ നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിലേക്ക് പര്യടനം നടത്താനിരുന്ന ഓസ്ട്രേലിയൻ താരങ്ങൾ, പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ ആശങ്കയിലെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ലഹോറിനു സമീപം നടന്ന ആക്രമണത്തിൽ മൂന്നു പേർ മരിച്ചതായാണ് റിപ്പോർട്ട്. 33 പേർക്കു പരുക്കേറ്റിരുന്നു. ഏതാണ്ട് കാൽ നൂറ്റാണ്ടോളമെത്തുന്ന സുദീർഘമായ ഇടവേളയ്ക്കുശേഷം ഓസ്ട്രേലിയൻ ടീം പാക്കിസ്ഥാനിൽ പര്യടനം നടത്താനിരിക്കെയാണ് കടുത്ത വെല്ലുവിളി സൃഷ്ടിച്ച് ലഹോറിൽ ഭീകരാക്രണം നടന്നത്.

മാർച്ച് മൂന്നു മുതലാണ് ഓസ്ട്രേലിയൻ ടീമിന്റെ പാക്ക് പര്യടനം ആരംഭിക്കേണ്ടത്. ഇത്തവണ ഓസ്ട്രേലിയ സമ്പൂർണ ടീമിനെത്തന്നെ പാക്കിസ്ഥാൻ പര്യടനത്തിന് അയയ്ക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീകരാക്രമണം കളിക്കാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനിലേക്കു പോകാൻ ആശങ്കയുണ്ടെന്ന് ഓസ്ട്രേലിയൻ ടീമുമായി ബന്ധപ്പെട്ട ചിലർ ഓസ്ട്രേലിയയിലെ ‘സിഡ്നി മോർണിങ് ഹെറാൾഡി’നോട് പ്രതികരിച്ചു. മൂന്നു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും ഉൾപ്പെടുന്ന പരമ്പരയാണ് ഓസ്ട്രേലിയ പാക്കിസ്ഥാനിൽ കളിക്കേണ്ടിയിരുന്നത്. ഇതിനു മുൻപ് 1998ൽ മാർക്ക് ടെയ്‍ലറിന്റെ നേതൃത്വത്തിലാണ് ഏറ്റവും ഒടുവിൽ ഓസ്ട്രേലിയൻ ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തിയത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ പിന്നീട് പാക്കിസ്ഥാനിലേക്കു പോകാൻ വിസമ്മതിച്ച ഓസ്ട്രേലിയൻ ടീം, നിഷ്പക്ഷ വേദിയായ യുഎഇയിൽ വച്ചാണ് പിന്നീട് പാക്ക് ടീമുമായി ഏറ്റുമുട്ടിയിട്ടുള്ളത്.

പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങൾ മികച്ചതാണെന്ന് ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സിലക്ടറായ ജോർജ് ബെയ്‍ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പലതവണ പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു ഇത്. എന്നാൽ, ലഹോറിലെ ഭീകരാക്രമണം പര്യടനത്തിനു മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയിരിക്കുന്നു.

ട്വന്റി20 ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയ ന്യൂസീലൻഡ് ടീം ആദ്യ മത്സരത്തിനു തൊട്ടുമുൻപ് പര്യടനം പൂർണമായും റദ്ദാക്കി മടങ്ങിയത് വിവാദമായിരുന്നു. പിന്നാലെ ഇംഗ്ലണ്ട് പാക്കിസ്ഥാനിലേക്കുള്ള പര്യടനം ഉപേക്ഷിച്ചിരുന്നു. 

English Summary: Australian cricketers on edge ahead of Pakistan tour, mulling over security arrangements: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com