ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനുള്ള കളിക്കാരുടെ പട്ടികയിൽ ഇടംപിടിച്ചതോടെ വീണ്ടും വാർത്തകളിലെ താരമായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. കഴിഞ്ഞ വർഷവും ലേലത്തിനായി പേരു റജിസ്റ്റർ ചെയ്ത് കാത്തിരുന്നെങ്കിലും ടീമുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ ലേലപ്പട്ടിക ചുരുക്കിയപ്പോൾ ശ്രീശാന്ത് പുറത്തായിരുന്നു. പ്രായം 38ലേക്ക് എത്തിയിട്ടും ഈ വർഷം 50 ലക്ഷം രൂപ അടിസ്ഥാന വിലയുമിട്ട് പേര് റജിസ്റ്റർ ചെയ്ത താരത്തിന്റെ ആത്മവിശ്വാസം ശരിയാണെന്ന് തെളിയിച്ചാണ് താരലേലത്തിനുള്ള 590 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ശ്രീശാന്ത് ഇടംപിടിച്ചിരിക്കുന്നത്.

ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഏഴു വർഷത്തോളം കളത്തിനു പുറത്തായ ശ്രീശാന്തിന്റെ തിരിച്ചുവരവിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ് ഇത്. സുപ്രീം കോടതി ഇടപെട്ട് വിലക്ക് ചുരുക്കിയതോടെയാണ് 37–ാം വയസ്സിൽ താരത്തിന് തിരിച്ചുവരവ് സാധ്യമായത്. തുടർന്ന് ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കഴിഞ്ഞ വർഷം കേരളത്തിനായി കളിച്ചു. നാലു വിക്കറ്റും വീഴ്ത്തി.

കഴിഞ്ഞ വർഷത്തെ താരലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് റജിസ്റ്റർ ചെയ്തെങ്കിലും ടീമുകൾ താൽപര്യം കാട്ടാതിരുന്നതോടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തായി. പിന്നീട് ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കുള്ള ടീമിൽ ഇടംപിടിക്കാനുമായിരുന്നില്ല. അതേസമയം, രഞ്ജി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യതാ പട്ടികയിൽ ശ്രീശാന്തുണ്ട്. ഇതിനു പിന്നാലെയാണ് ഐപിഎൽ താരലേലത്തിനുള്ള ചുരുക്കപ്പട്ടികയിലും ശ്രീശാന്ത് ഇടം കണ്ടെത്തിയത്.

‘എല്ലാവരോടും ഇഷ്ടം.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒത്തിരി നന്ദി. നിങ്ങളോട് എക്കാലവും കൃതജ്ഞതയുള്ളവനായിരിക്കും. താരലേലത്തിലും എന്നെ നിങ്ങളുടെ പ്രാർഥനയിൽ ഓർക്കുമല്ലോ. ഓം നമ ശിവായ..’ – ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിനു പിന്നാലെ ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

ഇനി ഫെബ്രുവരി 12, 13 തീയതികളിലായി നടക്കുന്ന താരലേലത്തിൽ ശ്രീശാന്തിന്റെ പേര് ഉയർന്നുവരുമ്പോൾ, 10 ടീമുകളിൽ ആരെങ്കിലുമൊക്കെ താരത്തിനായി രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വർഷങ്ങൾക്കു മുൻപ് ഒത്തുകളി വിവാദത്തിന്റെ പേരിൽ പടിയിറക്കപ്പെട്ട അതേ ഐപിഎൽ വേദിയിലേക്ക് പൂർവാധികം ശക്തിയോടെ താരം തിരിച്ചെത്തുന്നതും ആരാധകർ സ്വപ്നം കാണുന്നു.

∙ കേരള ടീമിൽനിന്ന് താരങ്ങൾ 13

ഈ വർഷത്തെ ഐപിഎൽ താരലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മലയാളി താരങ്ങൾ ശ്രീശാന്തിനു പുറമേ 12 പേരുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്ന പാതി മലയാളി റോബിൻ ഉത്തപ്പയും പട്ടികയിലുണ്ട്. ഇതോടെ കേരള ടീമിൽനിന്ന് ഐപിഎൽ ലേലത്തിനുള്ളത് ഏഴു പേരാണ്. നായകൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായി ഇടം ഉറപ്പാക്കിക്കഴിഞ്ഞു.

മുപ്പത്താറുകാരനായ റോബിൻ ഉത്തപ്പ രണ്ടു കോടി രൂപ അടിസ്ഥാന വിലയിട്ടാണ് ലേലപ്പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിങ്സിനായി ഉത്തപ്പ നോക്കൗട്ടിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ചെന്നൈയ്ക്ക് പുറമേ മുംബൈ ഇന്ത്യൻസ്, പുണെ വാരിയേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായും കളിച്ചിട്ടുള്ള താരമാണ് ഉത്തപ്പ.

മുഹമ്മദ് അസ്ഹറുദ്ദീൻ (ആർസിബി), വിഷ്ണു വിനോദ് (ആർസിബി, ഡൽഹി ക്യാപ്റ്റിൽസ്), കെ.എം. ആസിഫ് (സിഎസ്കെ), ബേസിൽ തമ്പി (ഗുജറാത്ത് ലയൺസ്, സൺറൈസേഴ്സ് ഹൈദരാബാദ്), സച്ചിൻ ബേബി (രാജസ്ഥാൻ റോയൽസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ആർസിബി), എം.ഡി.നിധീഷ്, എസ്.മിഥുൻ, സിജോമോൻ ജോസഫ്, രോഹൻ കുന്നുമ്മൽ, ഷോൺ റോജർ തുടങ്ങിയ കേരള ടീം താരങ്ങളും പട്ടികയിലുണ്ട്. തമിഴ്നാടിനു കളിക്കുന്ന സന്ദീപ് വാരിയർ, കർണാടകയുടെ ദേവ്ദത്ത് പടിക്കൽ, മലയാളി ബന്ധമുള്ള ശ്രേയസ്സ് അയ്യർ, കരുൺ നായർ തുടങ്ങിയവരും പട്ടികയിലുണ്ട്. കേരള ടീമിൽ കളിക്കുന്ന അതിഥി താരം ജലജ് സക്സേനയും പട്ടികയിലുണ്ട്.

English Summary: Sreesanth makes it to IPL 2022 auction list, base price 50 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com