ADVERTISEMENT

ധാക്ക∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15–ാം സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകർക്ക് ആവേശം പകർന്ന് ബംഗ്ലദേശ് പ്രിമിയർ ലീഗിൽ (ബിപിഎൽ) വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ന്റെ ഐതിഹാസിക പ്രകടനം. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി കുറിച്ച നരെയ്ന്റെ മികവിൽ രണ്ടാം ക്വാളിഫയറിൽ ജയിച്ച കോമില്ല വിക്ടോറിയൻസ് ബിപിഎൽ ഫൈനലിലെത്തി. ചറ്റോഗ്രം ചാലഞ്ചേഴ്സിനെയാണ് വിക്ടോറിയൻസ് വീഴ്ത്തിയത്. 

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചറ്റോഗ്രം ചാലഞ്ചേഴ്സ് നേടിയത് 19.1 ഓവറിൽ 148 റൺസ്. മറുപടി ബാറ്റിങ്ങിലാണ് കോമില്ല വിക്ടോറിയൻസിനായി നരെയ്ന്‍ തകർത്തടിച്ചത്. 13 പന്തിൽ അർധസെഞ്ചുറിയിലെത്തിയ നരെയ്ൻ, ബംഗ്ലദേശ് പ്രിമിയർ ലീഗിന്റെ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി എന്ന നേട്ടവും സ്വന്തമാക്കി.

അഞ്ച് ഫോറുകളും ആറു സിക്സും കണ്ടെത്തിയ നരെയ്ന്റെ മികവിൽ 12.5 ഓവറിൽ വിക്ടോറിയൻസ് വിജയലക്ഷ്യം മറികടന്നു. ഇന്ത്യൻ താരം യുവരാജ് സിങ് ഉൾപ്പെടെയുള്ളവരുടെ 12 പന്തിൽ അർധസെഞ്ചുറിയെന്ന റെക്കോർഡ് നേരിയ വ്യത്യാസത്തിനാണ് നരെയ്ന് നഷ്ടമായത്. അർധസെഞ്ചുറി വരെയുള്ള 13 പന്തിൽ നരെയ്ന്റെ പ്രകടനം ഇങ്ങനെ:

0, 6, 4, 4, 6, 6, 4, 6, 0, 4, 6, 1, 6 

മത്സരത്തിലാകെ 16 പന്തിൽ 57 റൺസെടുത്ത നരെയ്നെ മൃത്തുൻജോയ് ചൗധരിയാണ് പുറത്താക്കിയത്. പിന്നീട് ക്യാപ്റ്റൻ ഇമ്രുൾ കയേസ് (24 പന്തിൽ 22), ഫാഫ് ഡുപ്ലേസി (23 പന്തിൽ പുറത്താകാതെ 30), മൊയീൻ അലി (13 പന്തിൽ പുറത്താകാതെ 30) എന്നിവർ ചേർന്ന് വിക്ടോറിയൻസിനെ വിജയത്തിലെത്തിച്ചു.

∙ ട്വന്റി20യിലെ അതിവേഗ അർധസെഞ്ചുറികൾ

1. യുവരാജ് സിങ് – 12 പന്തിൽ – ഇംഗ്ലണ്ടിനെതിരെ 2007ൽ

2. ക്രിസ് ഗെയ്‍ൽ – 12 പന്തിൽ – മെൽബൺ റെനെഗേഡ്സിനായി അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ, 2016ൽ

3. ഹസ്രത്തുല്ല സസായ് – 12 പന്തിൽ – കാബൂൾ സ്വനാനായി ബാൽഖ് ലെജൻഡ്സിനെതിരെ, 2018ൽ

4. മാർക്കസ് ട്രെസ്കോത്തിക് – 13 പന്തിൽ – സോമർസെറ്റിനായി ഹാംഷയറിനെതിരെ, 2010ൽ

5. സുനിൽ നരെയ്ൻ – 13 പന്തിൽ – കോമില്ല വിക്ടോറിയൻസിനായി ചറ്റഗ്രോം ചാലഞ്ചേഴ്സിനെതിരെ, 2022ൽ

English Summary: Sunil Narine hits 13-ball fifty, joint 2nd-fastest in history of T20 cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com