ADVERTISEMENT

ലക്നൗ∙ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയാറടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി ഫോമിലുള്ള ബാറ്റർ സൂര്യകുമാർ യാദവും മുൻനിര ബോളർ ദീപക് ചാഹറും ടീമിനു പുറത്ത്. പരമ്പരയ്ക്കായി ലക്നൗവിലെത്തിയ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന സൂര്യകുമാർ യാദവ് ചൊവ്വാഴ്ച പരിശീലനത്തിനും ഇറങ്ങിയെങ്കിലും കൈയ്ക്കു പൊട്ടലുള്ള സാഹചര്യത്തിൽ കളിക്കാനാകില്ലെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു.

സൂര്യകുമാർ യാദവിന്റെ പരുക്കിന്റെ വിശദാംങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഫീൽഡ് ചെയ്യുമ്പോഴാണ് താരത്തിനു പരുക്കേറ്റതെന്നാണ് സൂചന. ഈ മാസം 20ന് ഈഡൻ ഗാർഡൻസിലാണ് ഈ മത്സരം നടന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ മിന്നുന്ന ഫോമിലായിരുന്ന സൂര്യകുമാർ മൂന്നാം ട്വന്റി20യിൽ മാൻ ‍ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സൂര്യ തന്നെ. ഈ സാഹചര്യത്തിൽ സൂര്യകുമാറിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

കൊൽക്കത്തയിലെ മത്സരത്തിനിടെ പരുക്കേറ്റ ദീപക് ചാഹറിനും ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പൂർണമായും നഷ്ടമാകും. മൂന്നാം ട്വന്റി20യിൽ ബോൾ ചെയ്യുന്നതിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ ദീപക് ചാഹർ മത്സരം പൂർത്തിയാക്കാതെ തിരികെ കയറിയിരുന്നു. പിന്നീട് വെങ്കടേഷ് അയ്യരാണ് ചാഹറിനു പകരം ബോൾ ചെയ്തത്. ലക്നൗവിലെത്തിയ ടീമിനൊപ്പം ദീപക് ചാഹറില്ല.

ജസ്പ്രീത് ബുമ്ര ടീമിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ ദീപക് ചാഹറിനു പകരക്കാരനെ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനും ബുമ്രയാണ്. ബുമ്രയ്ക്കു പുറമേ ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ തുടങ്ങിയ പേസ് ബോളർമാർ ടീമിലുണ്ട്. സൂര്യകുമാറിനും പകരക്കാരനെ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. ബയോ സെക്യുർ ബബ്ളിലെ നിയന്ത്രണങ്ങളും ഏതാനും ദിവസം നീണ്ടുനിൽക്കുന്ന പരമ്പരയ്ക്ക് പകരക്കാരനെ ഉൾപ്പെടുത്താൻ തടസ്സമാണ്. ഇതോടെ, ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസൺ കളത്തിലിങ്ങാനുള്ള സാധ്യത വർധിച്ചു.

ഫലത്തിൽ 16 അംഗ ടീമാകും ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഫെബ്രുവരി 24ന് ലക്നൗവിൽ നടക്കുന്ന ഒന്നാം ട്വന്റി20ക്കു ശേഷം ടീമുകൾ ധരംശാലയിലേക്കു പോകും. അവിടെ ഫെബ്രുവരി 26, 27 തീയതികളിലാണ് രണ്ടും മൂന്നും ട്വന്റി20കൾ.

ഇന്ത്യൻ ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, സഞ്‍ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), ആവേശ് ഖാൻ

English Summary: Suryakumar Yadav ruled out of Sri Lanka T20Is due to hairline fracture on hand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com