ADVERTISEMENT

ന്യൂഡൽഹി∙ ഐപിഎൽ താരലേലത്തിൽ ഇഷൻ കിഷനും ശ്രേയസ് അയ്യരുമടക്കമുള്ള ഒട്ടേറെ താരങ്ങൾ കോടികൾ വാരിയപ്പോൾ ഒരു ഫ്രാഞ്ചൈസികളും താൽപര്യം പ്രകടിപ്പിക്കാതിരുന്ന ഇന്ത്യൻ ബോളർമാർ ടൂർണമെന്റിൽ തിരിച്ചുവരവിന് ഒരുങ്ങുന്നു. പരുക്കേറ്റു പുറത്താകുകയോ, ടൂർണമെന്റിൽനിന്നു പിന്മാറുകയോ ചെയ്ത താരങ്ങൾക്കുള്ള പകരക്കാരായി മറ്റു ടീമുകളിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ബോളർമാരിൽ ചിലർ. 

താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കാത്ത താരങ്ങൾക്കും, മറ്റു താരങ്ങൾക്കുള്ള പകരക്കാരായി ഫ്രാഞ്ചൈസികളുമായി ഇനിയും കറാറിലെത്താനാകും. 2022ലെ താര ലേലത്തിൽ ഏറ്റവും അധികം ആവശ്യക്കാർ ഉണ്ടായത് ഇന്ത്യൻ ബോളർമാർക്കാണ്. പലർക്കും 5 കോടി രൂപയിലധികം പ്രതിഫലവും ലഭിച്ചിരുന്നു. 

∙ അമിത് മിശ്ര– ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻ നിരയിലുള്ള അമിത് മിശ്രയെ ഇക്കുറി ആരും ടീമിലെടുത്തിരുന്നില്ല. കഴിഞ്ഞ സീസണിൽ ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും വെറ്റെറൻ താരം മിശ്രയെ ഇക്കുറി സകല ടീമുകളും തഴഞ്ഞു. 

∙ ഇഷാന്ത് ശർമ– കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച ഇഷാന്ത് ശർമയെ വാങ്ങാനും ഇക്കുറി ആളുണ്ടായില്ല. ഡൽഹിക്കായി തരക്കേടില്ലാത്ത പ്രകടനമാണു കാഴ്ചവച്ചതെങ്കിലും ഫിറ്റ്നെസ്സ് പ്രശ്നങ്ങളാണു ഇഷാന്തിനു തിരിച്ചടിയായത്. ഐപിഎല്ലിൽ ഇതുവരെ 72 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഇഷാന്തിനും ഐപിഎൽ കരാർ ഇനിയും അകലെയല്ല. 

∙ പീയുഷ് ചൗള– ഐപിഎൽ ചരിത്രത്തിൽ 150ല്‍ അധികം വിക്കറ്റുകൾ പേരിലാക്കിയ ചുരുക്കം ബോളർമാരിൽ ഒരാളാണ് 33 കാരനായ പീയുഷ് ചൗള. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു. പകരക്കാരന്റെ റോളിൽ ഏതൊരു ടീമും പരിഗണിക്കാൻ സാധ്യതയുള്ള പരിചയസമ്പന്ന താരം.

∙ സന്ദീപ് വാരിയർ– കഴിഞ്ഞ ജൂലൈയിലായിരുന്നു മലയാളി താരം സന്ദീപ് വാരിയറുടെ രാജ്യാന്തര അരങ്ങേറ്റം. മുൻ സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമുകൾക്കായി കളിച്ചിട്ടുള്ള സന്ദീപ് വാരിയർക്കും ഇക്കുറി കരാർ ലഭിച്ചിട്ടില്ല. 63 ട്വന്റി 20 മത്സരങ്ങളിൽനിന്ന് 7നോട് അടുത്ത ഇക്കോണമി നിരക്കിൽ 59 വിക്കറ്റുകളാണു നേട്ടം. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായി മികച്ച റെക്കോർഡുള്ള സന്ദീപ് വാരിയറും ‘പകരക്കാരനായി’ ഐപിഎൽ കളിച്ചേക്കാം.

∙ ധവാൽ കുൽക്കർണി– മുംബൈയിലെ വിക്കറ്റുകളിൽ ക്രിക്കറ്റ് കളിച്ച് ‘ആവശ്യത്തിലധികം’ പരിചയമുള്ള പേസർ ധവാൽ കുൽക്കർണിയെ പല ടീമുകളും ഇപ്പോഴും നോട്ടമിടുന്നുണ്ടാകാം. ഇക്കുറി ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങൾക്കും ആഥിത്യമരുളുന്നതു മുംബൈയാണ് എന്നതുതന്നെ കാരണം. പകരക്കാരനായി ധവാൽ കുൽക്കർണി ഐപിഎല്ലിനെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ലെന്നു ചുരുക്കം. 

 

English Summary: IPL 2022 Auction: 5 unsold Indian bowlers who could return as replacements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com