ADVERTISEMENT

മൊഹാലി∙ ടെസ്റ്റ് കരിയറിലെ കന്നി രാജ്യാന്തര സെഞ്ചുറി ‘കയ്യെത്തും’ ദൂരത്ത് ഉണ്ടായിരുന്നിട്ടും, ലങ്കയ്ക്കെതിരായ ടെസ്റ്റിൽ ടീം ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ആവശ്യപ്പെട്ടത് താൻ തന്നെയാണെന്ന് ഓൺറൗണ്ടർ രവീന്ദ്ര ജഡേജ.

ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് എടുത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. 175 റൺസുമായി ജഡേജ അപ്പോൾ ക്രീസിലുണ്ടായിരുന്നു. 4 വിക്കറ്റിന് 108 എന്ന നിലയിലാണ് ലങ്ക 2–ാം ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചത്. 

ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തതിനു പിന്നാലെ, മികച്ച ഫോമിൽ ബാറ്റു ചെയ്തിരുന്ന ജഡേജയ്ക്ക് ഇരട്ട സെ‍ഞ്ചുറി പൂർത്തിയാക്കാൻ അവസരം നൽകണമായിരുന്നു എന്ന് അഭിപ്രായപ്പെട്ട് ഒട്ടേറെ ആരാധകരും രംഗത്തെത്തിയിരുന്നു. 2–ാം ദിവസത്തെ കളിക്കുശേഷം, തീരുമാനം തന്റേതായിരുന്നെന്നു പ്രഖ്യാപിച്ച ജഡേജ, ക്രിക്കറ്റ് ആരാധകരെ ഒരിക്കൽക്കൂടി ‘വണ്ടറടിപ്പിച്ചിരിക്കുകയാണ്’ ഇപ്പോൾ. 

‘വിക്കറ്റിന്റെ സ്വഭാവം മാറിയ കാര്യം ഞാനാണ് സഹതാരങ്ങളെ അറിയിച്ചത്. പന്തുകൾക്കു കൂടുതൽ ടേൺ ലഭിച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ ഡിക്ലയർ ചെയ്ത് ലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയാകും ഉചിതമെന്നു ഞാൻ ടീം അംഗങ്ങൾക്കു സന്ദേശം നൽകി. 

5 സെഷന്‍ ഫീൽഡ് ചെയ്ത ലങ്കൻ താരങ്ങൾ ക്ഷീണിതരായിരുന്ന കാര്യവും കണക്കിലെടുത്തു. ഈ സാഹചര്യത്തിൽ വമ്പന്‍ അടികൾക്കു ശ്രമിക്കാനോ വലിയ ഇന്നിങ്സുകൾ കളിക്കാനോ അവർക്കു സാധിക്കില്ലെന്നായിരുന്നു വിശ്വാസം. താരങ്ങളുടെ തളർച്ച മുതലെടുത്ത് ലങ്കയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാനായിരുന്നു പദ്ധതി’– സെഞ്ചുറിക്കു പുറമേ, ആദ്യ ഇന്നിങ്സിൽ ലങ്കൻ നായകൻ ദിമുത് കരുണരത്നെയെ വിക്കറ്റിനു മുന്നിൽ കുരുക്കി ഇന്ത്യയ്ക്കു നിർണായക ബ്രേക്ക് നൽകുക കൂടി ചെയ്ത ജഡേജ പറഞ്ഞു.  

സൗരാഷ്ട്രയ്ക്കായി രഞ്ജി ട്രോഫിയിൽ 3 ട്രിപ്പിൾ സെ‍ഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്കായി 7–ാം നമ്പറിൽ ബാറ്റു ചെയ്യുന്നതിൽ തനിക്കു യാതൊരു പ്രശ്നവുമില്ലെന്നും ജഡേജ  പറഞ്ഞു. തനിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളികളായ ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവരെയും ജഡേജ പ്രശംസിച്ചു. 

 

English Summary: Pitch Offered Variable Bounce And Turn, So I Asked Team To Declare: Ravindra Jadeja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com