ADVERTISEMENT

ബാങ്കോക്ക് ∙ തായ്‌ലൻഡിലെ വില്ലയിൽവച്ച് ഹൃദയാഘാതം മൂലം മരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ മൃതദേഹംകൊ സമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നു മാറ്റി. ബോട്ട് വഴി സുറത് തനി നഗരത്തിലേക്കാണു മൃതദേഹം കൊണ്ടുപോയത്. അവിടെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടക്കുക. തായ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 600 കിലോമീറ്റർ അകലെയാണു സുറത് തനി നഗരം.

അതിനിടെ, കൊ സമുയി ദ്വീപിൽ വോൺ താമസിച്ചിരുന്ന വില്ലയിലെ മുറിയിൽ രക്തത്തുള്ളികൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തറയിലും വോൺ ഉപയോഗിച്ചിരുന്ന ബാത്ത് ടവലിലുമാണു രക്തം കണ്ടത്. കൃത്രിമ ശ്വാസം നൽകുന്നതിനു മുൻപു തന്നെ വോൺ രക്തം ഛർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വോൺ ഈയിടെ ഒരു ഹൃദ്രോഗ വിദഗ്ധനെ കണ്ടിരുന്നതായും പൊലീസ് പറഞ്ഞു.

ശരീരഭാരം കുറയ്ക്കുന്നതിനായി ഷെയ്ൻ വോൺ സ്വീകരിച്ചിരുന്ന ചില ‘കഠിനമായ’ മാർഗങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിച്ചതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കരിയറിലുടനീളം ശരീരഭാരവുമായി പോരടിച്ചിരുന്ന വോൺ, അടുത്തിടെ ലിക്വിഡ് ഡയറ്റ് ഉൾപ്പെടെയുള്ള മാർഗങ്ങൾ പരീക്ഷിച്ചിരുന്നു. ഇത്തരം കഠിനമായ ഡയറ്റുകൾ വോണിന്റെ ആരോഗ്യസ്ഥിതി സങ്കീർണമാക്കിയെന്നാണ് അദ്ദേഹത്തിന്റെ മാനേജർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത്.

വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനു ശേഷമേ സംസ്കാര തീയതി തീരുമാനിക്കൂ.

വോണിനു ദേശീയ ബഹുമതികളോടെയുള്ള സംസ്കാരം നൽകുന്ന കാര്യം അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് ധാരണയിലെത്തിയതായി വിക്ടോറിയ സംസ്ഥാനത്തു നിന്നുള്ള ഓസ്ട്രേലിയൻ പാർലമെന്റ് അംഗം ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്തുള്ള വോണിന്റെ പ്രതിമയിൽ ഇന്നലെയും ഒട്ടേറെ ആരാധകർ ആദരാ‍ഞ്ജലി അർപ്പിച്ചു.

English Summary: Experts warn of ‘fatal’ problems with extreme diets after Shane Warne death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com