ADVERTISEMENT

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു നിർഭാഗ്യത്തിന്റെ സീസൺ. മൂന്ന് കളിയിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയും നേടിയിട്ടും നോക്കൗട്ട് കാണാതെ കേരളത്തിനു മടങ്ങേണ്ടി വന്നു. മധ്യപ്രദേശിനെതിരായ നിർണായക കളിയിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനാവാതെ പോയതാണു കേരളത്തിനു വിനയായത്. ആദ്യകളിയിൽ മേഘാലയയ്ക്ക് എതിരെ ഇന്നിങ്സ് വിജയം നേടിയ കേരളം രണ്ടാം മത്സരത്തിൽ മുൻ രഞ്ജി ചാംപ്യന്മാർ കൂടിയായ കരുത്തരായ ഗുജറാത്തിനെതിരെ അവരുടെ നാട്ടിൽ (രാജ്കോട്ട്) അട്ടിമറി ജയം നേടി.

മധ്യപ്രദേശിനെതിരായ മൂന്നാം മത്സരത്തിൽ ജയമോ ഒന്നാം ഇന്നിങ്സ് ലീഡോ മികച്ച റൺറേറ്റോ തുണച്ചാൽ മാത്രം മുന്നേറാമായിരുന്നു. മധ്യപ്രദേശും കേരളത്തെപ്പോലെ തന്നെ രണ്ടു വിജയവും 13 പോയിന്റുമായാണു മൂന്നാം മത്സരത്തിനെത്തിയത്. ടോസ് നേടി വളരെ കരുതലോടെ കളിച്ച മധ്യപ്രദേശ് യഷ് ദുബെയുടെ ഇരട്ട സെഞ്ചുറിക്കരുത്തിൽ ഒൻപതു വിക്കറ്റിന് 585 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. നാലു ദിവസത്തെ കളിയിൽ മൂന്നാം ദിവസത്തിന്റെ ആദ്യ സെഷൻ‌ വരെ ബാറ്റ് ചെയ്ത മധ്യപ്രദേശ് കളി തോൽക്കില്ലെന്നുറപ്പാക്കി.

മുൻനിരയുടെ അസാധ്യ ബാറ്റിങ് പ്രകടനത്തിനു മാത്രം രക്ഷിക്കാവുന്ന അവസ്ഥയിലാണു കേരളം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. പി.രാഹുൽ, സച്ചിൻ ബേബി എന്നിവരുടെ സെഞ്ചുറികളും രോഹൻ കുന്നുമ്മലിന്റെ 75 റൺസും കേരളത്തെ രക്ഷിക്കുമെന്നു തോന്നിച്ചിരുന്നു. നാലാം ദിവസം ചായയ്ക്കു പിരിയുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 364 റൺസുമായി സുരക്ഷിതമായ നിലയിലായിരുന്നു. പിന്നീടു വിക്കറ്റ് നഷ്ടപ്പെടുത്താതെ നിന്നിരുന്നുവെങ്കിൽ റൺറേറ്റിൽ കേരളത്തിനു മുന്നേറാമായിരുന്നു.

പക്ഷേ പിന്നീട് രാജ്കോട്ടിൽ കണ്ടത് കൂട്ടത്തകർച്ച. മൂന്നാം സെഷനിൽ 6ന് 416 എന്ന നിലയിലേക്കും പിന്നീട് കളി അവസനിക്കുമ്പോൾ 9ന് 432 എന്ന നിലയിലേക്കും കേരളം വീണു. ഉജ്വലമായി തുടങ്ങിയ ഒരു രഞ്ജി സീസണ് ഒട്ടും യോജിക്കാത്ത ദുരന്ത പര്യവസാനം. മധ്യപ്രദേശ് ബാറ്റു ചെയ്യുമ്പോൾ വിക്കറ്റുകൾ നേടുന്നതിൽ കേരള ബോളർമാർ പരാജയപ്പെട്ടതാണു പ്രധാനമായും തിരിച്ചടിയായത്. മേഘാ‌ലയയ്ക്കെതിരായ കളിയിൽ തിളങ്ങി മാൻ ഓഫ് ദ് മാച്ചായ ഏദൻ ആപ്പിൾ ടോം മധ്യപ്രദേശിനെതിരെ കളിച്ചിരുന്നില്ല.

കേരളത്തിന് ഒർത്തിരിക്കാൻ ഏറെ കാര്യങ്ങൾ സമ്മാനിച്ചു, ഈ സീസൺ. രോഹൻ എസ്. കുന്നുമ്മൽ മൂന്ന് തുടർ സെഞ്ചുറികൾ  നേടി. മേഘാലയയ്ക്ക് എതിരെ 107, ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്സിൽ 129, രണ്ടാം ഇന്നിങ്സിൽ 106 എന്നിങ്ങനെ റൺസ് വാരിക്കൂട്ടി. മധ്യപ്രദേശിനെതിരെ 75 റൺസും രോഹൻ നേടി.

പി.രാഹുൽ രണ്ടു സെഞ്ചുറികൾ നേടി. മേഘാലയയ്ക്ക് എതിരെ 147, മധ്യപ്രദേശിനെതിരെ 136 എന്നിങ്ങനെ. സച്ചിൻ ബേബി ഗുജറാത്തിനെതിരെ 114, വിഷ്ണു വിനോദ് ഗുജറാത്തിനെതിരെ 113, വത്സൽ ഗോവിന്ദ് മേഘാലയയ്ക്ക് എതിരെ 106 എന്നിങ്ങനെയും മറ്റു കേരള താരങ്ങൾ സെഞ്ചുറി കുറിച്ചു.

അരങ്ങേറ്റം കുറിച്ച 17 വയസുകാരൻ ഏദൻ ആപ്പിൾ ടോം മേഘാലയയ്ക്ക് എതിരെ ആറു വിക്കറ്റ് നേടി മാൻ ഓഫ് ദ് മാച്ചായി. നിർഭാഗ്യം കൊണ്ട് ഇത്തവണ പുറത്തായെങ്കിലും ഏതു ടീമിനെയും തോൽപിക്കുന്ന കരുത്തുറ്റ യുവനിരയായി കേരള ടീം മാറിയിരിക്കുന്നു. വരും വർഷങ്ങളിൽ ഈ മികവു തുടർന്നാൽ‌ കേരളത്തിന് ആദ്യ രഞ്ജി ട്രോഫി കിരീടം എന്ന സ്വപ്നം യാഥാർഥ്യമാകുമെന്നു കരുതാം. 2018–19 സീസണിൽ സെമിഫൈനൽ വരെയെത്തിയതാണ് രഞ്ജി ട്രോഫിയിൽ ഇതുവരെ കേരളത്തിന്റെ ഏറ്റവും മികച്ച നേട്ടം. അന്ന് വിദർഭയോടു തോറ്റ് ഫൈനലിൽ എത്താതെ പുറത്തായി. കേരളത്തിന് ആദ്യത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം പുതുതലമുറ സമ്മാനിക്കുമോയെന്നതാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷയോടെ കാത്തുകാത്തിരിക്കുന്നത്. 

English Summary: Kerala Cricket Team's Bad Luck In Ranji Trophy 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com