ADVERTISEMENT

മെൽബൺ∙ വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായിരുന്ന സൗരവ് ഗാംഗുലിയെ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ രസകരമായ രീതിയിൽ പ്രകോപിപ്പിച്ച് പുറത്താക്കിയ സംഭവം വിവരിച്ച് മറ്റൊരു ഓസ്ട്രേലിയൻ താരം ഇയാൻ ചാപ്പൽ. ‘ഷെയ്ൻ’ എന്ന പേരിലുള്ള ഡോക്യുമെന്ററിയിലാണ് വോൺ ഗാംഗുലിയെ പ്രകോപിപ്പിച്ച് ‘കുഴിയിൽ ചാടിച്ച’ സംഭവം ഇയാൻ ചാപ്പൽ പങ്കുവച്ചത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒരു മത്സരത്തിനിടെയായിരുന്നു ഇത്.

ഷെയ്ൻ വോണിന്റെ മരണത്തിനു പിന്നാലെയാണ് ഗാംഗുലിയും സച്ചിനുമായി ബന്ധപ്പെട്ട ഈ സംഭവം മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയത്. അക്കാലത്ത് ഓസ്ട്രേലിയൻ താരങ്ങൾ സ്ലെജിങ്ങിന്റെ പേരിൽ കുപ്രസിദ്ധരായിരുന്നെങ്കിലും ഷെയ്ൻ വോൺ അൽപം വ്യത്യസ്തനായിരുന്നു. എതിരാളികളെ നേരിട്ട് ചീത്ത വിളിക്കുന്നതിനു പകരം അവർ പോലുമറിയാതെ പ്രകോപിപ്പിച്ച് വീഴ്ത്തുന്നതായിരുന്നു വോണിന്റെ ശൈലി. ഇതേക്കുറിച്ച് വിശദീകരിക്കാനാണ് ഗാംഗുലി ഉൾപ്പെട്ട ഒരു സംഭവം ഡോക്യുമെന്ററിയിൽ ഇയാൻ ചാപ്പൽ വിശദീകരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

‘ഞാനൊരു ഉദാഹരണം പറയാം. ഒരിക്കൽ അഡ്‍ലെയ്ഡ് ഓവലിൽ ഓസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുന്നു. ക്രീസിലുള്ള ഗാംഗുലിക്കെതിരെ ഷെയ്ൻ വോൺ ബോൾ ചെയ്യുകയാണ്. സച്ചിൻ തെൻഡുൽക്കറായിരുന്നു നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ. വോൺ 3–4 പന്തുകൾ എറിഞ്ഞെങ്കിലും ഗാംഗുലി അതെല്ലാം തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തത്’ – ഇയാൻ ചാപ്പൽ വിശദീകരിച്ചു.

‘അന്ന് മൂന്നോ നാലോ ബോൾ ചെയ്തശേഷം വോൺ ഗാംഗുലിയോടായി പറഞ്ഞു: സുഹൃത്തേ, ഈ സ്റ്റേഡിയത്തിലെത്തിയിരിക്കുന്ന 40,000ത്തോളം ആളുകൾ നിങ്ങളുടെ തട്ടും മുട്ടും കാണാൻ വന്നവരല്ല. അവർക്ക് കാണേണ്ടത് മറുവശത്ത് നിൽക്കുന്ന സച്ചിന്റെ ഷോട്ടുകളാണ്. പിന്നാലെ ഒരു ഓവറിനുശേഷം വോണിനെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തിൽ ഗാംഗുലിയെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് പുറത്താക്കി’ – ചാപ്പൽ പറഞ്ഞു.

ഇന്ത്യ 3–0ന് തോറ്റ ഒരു പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ ഇയാൻ ചാപ്പൽ വിവരിച്ചത്. അന്ന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ഗാംഗുലിയും സച്ചിനും അർധസെഞ്ചുറി നേടിയിരുന്നു. ഒടുവിൽ വോൺ തന്നെയാണ് ഇരുവരെയും പുറത്താക്കിയത്. ജസ്റ്റിൻ ലാംഗറിന്റെ ഉജ്വലമായ ക്യാച്ചിലാണ് അന്ന് സച്ചിൻ പുറത്തായത്.

English Summary: People have come to watch Sachin Tendulkar: Chappell recalls Shane Warne's hilarious jibe at Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com