ADVERTISEMENT

ക്രിക്കറ്റ് കളത്തിൽ ഒരു കാലത്ത് വിക്കറ്റിനു പിന്നിലും പിന്നീട് ക്രിക്കറ്റ് വേദികളിലും നിറസാന്നിധ്യമായിരുന്ന ഓസ്ട്രേലിയയുടെ റോഡ്നി വില്യം മാർഷ് എന്ന റോഡ് മാർഷ് ഇനിയില്ല. ഇതിഹാസതാരം ഷെയ്ൻ വോൺ ഓർമയായ അതേ ദിവസം തന്നെ ഓസ്ട്രേലിയ നേരിട്ട മറ്റൊരു വേദനയായിരുന്നു മുൻ കീപ്പറുടെ അന്ത്യം.  1970കളിലും 80കളിലും ഓസിസ് വിക്കറ്റിനുപിന്നിലെ ശക്തമായ പ്രതിരോധമായിരുന്നു റോഡ് മാർഷ്. ടെസ്റ്റിൽ കൂടുതൽ ബാറ്റർമാരെ പവലിയനിലേക്ക് പറഞ്ഞയച്ച കീപ്പർ എന്ന റെക്കോർഡ് നേട്ടം ദീർഘകാലം മാർഷിന്റെ പേരിലായിരുന്നു.

1981ൽ ഇംഗ്ലിഷ് കീപ്പർ അലൻ നോട്ടിന്റെ റെക്കോർഡ് (254 പുറത്താക്കലുകൾ) തിരുത്തിക്കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ മാർഷ് വിരമിക്കുമ്പോൾ വിക്കറ്റിനു പിന്നിലെ പുറത്താക്കലുകളുടെ എണ്ണം 355 എന്ന മാന്ത്രിക നമ്പറിലെത്തി. സ്വന്തം നാട്ടുകാരനായ ഇയാൻ ഹീലിയാണ് പിന്നീട് ആ റെക്കോർഡ് മറികടന്നത്. 1971 ജനുവരി 5ന് രാജ്യാന്തര ഏകദിന ക്രിക്കറ്റിന് തുടക്കമിട്ട ഇംഗ്ലണ്ട്–ഓസീസ് മൽസരത്തിൽ ഓസീസ് വിക്കറ്റ് കാത്തത് മാർഷാണ്. അങ്ങനെ ഏകദിനക്രിക്കറ്റിലെ ആദ്യ വിക്കറ്റ് കീപ്പർ എന്ന പെരുമ മാർഷ് സ്വന്തമാക്കി. വിൻഡീസിന്റെ ഡെഫ് ഡുജോൺ തകർക്കുംവരെ ഏകദിനത്തിലും കൂടുതൽ പുറത്താക്കലുകൾ നടത്തിയ കീപ്പർ മാർഷായിരുന്നു. 

1970–71ലെ ആഷസ് പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയ റോഡ് മാർഷിനൊപ്പം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ മറ്റൊരു ഇതിഹാസവുമുണ്ട്: ഡെന്നിസ്  ലിലി. ഒന്നര പതിറ്റാണ്ടോളം ലോക ക്രിക്കറ്റിലെ വമ്പൻമാരെ വിറപ്പിച്ച കൂട്ടുകെട്ടിന് തുടക്കമിട്ടത് അവിടെയായിരുന്നു. കോട്ട് മാർഷ് – ബോൾഡ് ലിലി എന്നത് കമന്റേറ്റർമാരുടെ സ്ഥിരം പല്ലവിയായി മാറി. ഈ കൂട്ടുകെട്ട് ടെസ്റ്റിൽ പറഞ്ഞയച്ചത് 95 പേരെയാണ്. നാലു പതിറ്റാണ്ടിനിപ്പുറവും ബോളർ–വിക്കറ്റ് കീപ്പർ കൂട്ടുകെട്ടിൽ ഇന്നും ലോക റെക്കോർ‌ഡ് ആണിത്.

rod-marsh-1

1984 ജനുവരിയിൽ പാക്കിസ്ഥാനെതിരായ അഞ്ചാം ടെസ്റ്റിൽ മാർഷ് വിരമിച്ച അതേ മൽസരത്തിൽ ക്രിക്കറ്റിനോട് വിടപറയാൻ മറ്റു രണ്ട് ഇതിഹാസ താരങ്ങൾകൂടിയുണ്ടായിരുന്നു: ഗ്രെഗ് ചാപ്പലും ഡെന്നിസ് ലിലിയും. ടെസ്റ്റിൽ മാർഷ് നടത്തിയ പുറത്താക്കലുകൾക്കത്ര തന്നെ ടെസ്റ്റ് വിക്കറ്റുകളും നേടിയാണ് കൂട്ടുകാരൻ ലിലി അന്ന് വിടപറഞ്ഞതും (355 വിക്കറ്റുകൾ). ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഏറെക്കാലംകൊണ്ടാണ് അവരുടെ അസാന്നിധ്യം സൃഷ്‌ടിച്ച വിടവിൽനിന്നു മോചിതരായത്. 23 വർഷങ്ങൾക്കുശേഷം 2006–07ലെ ആഷസ് പരമ്പരയിലെ അവസാന മൽസരത്തിനുശേഷം വിരമിച്ചത് മൂന്നു പേരായിരുന്നു: ഷെയ്ൻ വോണും ഗ്ലെൻ മഗ്രോയും ജസ്റ്റിൻ ലാംഗറും. ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും വൈകാരികമായ യാത്രയയപ്പുകളിലൊന്നായിരുന്നു അതും. 

ടീമിനു ഉൗർജവും ഉത്തേജനവും നൽകുന്നതിൽ മുന്നിലായിരുന്നു വിക്കറ്റിനുപിന്നിലെ ഈ കപ്പടാ മീശക്കാരൻ. അതുകൊണ്ടുതന്നെ മാർഷൽ എന്ന വിളിപ്പേരും കൈവന്നു. എതിർ ടീമിലെ ബാറ്റർമാരോട് ഒന്നും രണ്ടും പറഞ്ഞ് അവരുടെ ശ്രദ്ധ അകറ്റി വിക്കറ്റ് തെറിപ്പിച്ചതിനാൽ ചില ജയങ്ങളും ഓസിസിനൊപ്പം കൂടിയ ചരിത്രമുണ്ട്. ദേശീയത വിളിച്ചോതുന്ന ഗാനങ്ങളിലൂടെ ഓസീസ് വിജയങ്ങളുടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത് മാർഷാണ്. ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഓസീസ് കീപ്പർ, ആഷസ് പരമ്പരയിൽ സെഞ്ചുറി കുറിച്ച ആദ്യ ഓസ്ട്രേലിയൻ കീപ്പർ, ആഷസ് പരമ്പരയിൽ 100 പുറത്താക്കലുകൾ നടത്തിയ ആദ്യ കീപ്പർ, 3000 റൺസ് നേടിയ ആദ്യ ഓസീസ് കീപ്പർ‌ തുടങ്ങിയ റെക്കോർഡുകളും മാർഷിനു സ്വന്തം. 

റോഡ് മാർഷ്
റോഡ് മാർഷ്

ക്രിക്കറ്റിനു പുറത്തും രസകരമായ അനവധി ഓർമകൾ ബാക്കിവച്ചാണ് അദ്ദേഹം കടന്നുപോകുന്നത്. ഇംഗ്ലീഷ് നായകനായിരുന്ന മൈക്ക് ഗാറ്റിങ്ങും മാർഷും തമ്മിൽ 2005ൽ പന്തയം വച്ചത് കൗതകമുണർത്തി. ഓസ്ട്രേലിയ ആഷസ് നിലനിർത്തിയാൽ മൈക്ക് ഗാറ്റിങ് തന്റെ ട്രേഡ് മാർക്കായ താടി വടിക്കും. ഇംഗ്ലിഷ് ടീമിനാണ് ജയമെങ്കിൽ താൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന മീശ വടിച്ചുകളയാമെന്നു മാർഷും ശപഥമെടുത്തു. 1981 ഫെബ്രുവരി 1ന് മെൽബണിൽ ന്യൂസീലൻഡിനെതിരെ കുപ്രസിദ്ധി നേടിയ ‘അണ്ടർ ആം’ മൽസരം നടക്കുമ്പോൾ വിക്കറ്റിനുപിന്നിൽ നിന്നത് മാർഷായിരുന്നു. അവസാന പന്തിൽ ന്യൂസീലൻഡിനു ജയിക്കാൻ ആറു റൺസ് വേണമെന്നിരിക്കെ ഓസീസ് ക്യാപ്‌റ്റൻ ഗ്രെഗ് ചാപ്പലിന്റെ നിർദേശപ്രകാരം പന്ത് നിലത്തുകൂടി ഉരുട്ടിയെറിഞ്ഞാണ് ക്യാപ്റ്റന്റെ  സഹോദരൻ കൂടിയായ ട്രവർ ചാപ്പൽ കുപ്രസിദ്ധിയാർജിച്ചത്. 

2000ലെ സിഡ്നി ഒളിംപിക് മേളയ്ക്ക് മുന്നോടിയായി നടന്ന ഒളിംപിക് ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാൻ ലിലി– മാർഷ് കൂട്ടുകെട്ടുണ്ടായിരുന്നു. ലിലിയുടെ ഊഴത്തിനുശേഷമായിരുന്നു മാർഷിന്റേത്. ഒരു തണുത്ത വെളുപ്പാൻകാലത്തായിരുന്നു മാർഷ് ദീപശിഖയുമായി ഓടിയത്. സുദീർഘമായ ക്രിക്കറ്റ് കരിയറിനിടയിൽ താൻ അധികം ഓടിയിട്ടില്ല എന്നു തുറന്നു പറയാൻ മടിച്ചില്ല. കീപ്പറെന്ന നിലയിൽ അധികം ഓടേണ്ടി വന്നിട്ടില്ല. ബാറ്റിങ്ങിനിടയിൽ മാർഷ് മെനക്കെട്ട് ഓടുന്ന പ്രകൃതക്കാരനായിരുന്നില്ല. ബൗണ്ടറി ലൈനിനുപുറത്തേക്ക് പന്തടിക്കുന്നതിലായിരുന്നു കൂടുതൽ താൽപര്യം. 

English Summary: Remembering Rod Marsh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com