ADVERTISEMENT

കൊച്ചി∙ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. ഐപിഎൽ വാതുവയ്പ്പു വിവാദവുമായി ബന്ധപ്പെട്ട വിലക്കുകൾക്കുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് അധികം വൈകും മുൻപാണ് താരം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. നിലവിൽ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്കോട്ടിൽ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയിരുന്നു.

ഈ സീസണിലെ ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരെ കളിച്ച് 2 വിക്കറ്റുകൾ വീഴ്ത്തി. പരുക്ക് ഭേദമായി ടീമിൽ തിരിച്ചെത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് ഉറപ്പു നൽകിയ താരം, തികച്ചും അപ്രതീക്ഷിതമായാണ് ഇന്ന് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

‘അടുത്ത തലമുറയിലെ താരങ്ങൾക്കായി ഞാൻ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നു. ഈ തീരുമാനം എന്റേത് മാത്രമാണ്. ഇത് എനിക്ക് ഒട്ടും സന്തോഷം പകരുന്നില്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തിൽ കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ്. കരിയറിലെ ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്’ – ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

രാജ്യാന്തര തലത്തിൽ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത്, ഇടക്കാലത്ത് ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയിരുന്നു. ടെസ്റ്റിൽനിന്ന് 87 വിക്കറ്റുകൾ സ്വന്തമാക്കി. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നാഗ്പുരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2011 ഓഗസ്റ്റിൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ തന്നെ രാജ്യാന്തര കരിയറിലെ അവസാന ടെസ്റ്റും കളിച്ചു.

ഏകദിനത്തിൽ 53 മത്സരങ്ങളിൽനിന്ന് 75 വിക്കറ്റുകൾ വീഴ്ത്തി. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 55 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 2005 ഒക്ടോബർ 25ന് ശ്രീലങ്കയ്‌ക്കെതിരെ നാഗ്പുരിലായിരുന്നു ഏകദിന അരങ്ങേറ്റം. 2011 ഏപ്രിലിൽ ശ്രീലങ്കയ്‌ക്കെതിരെ തന്നെ അവസാന ഏകദിനം കളിച്ചു.

10 ട്വന്റി20 മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളും നേടിയിട്ടുണ്ട്. 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2008 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ അവസാന ട്വന്റി20 മത്സരം കളിച്ചു.

ഫസ്റ്റ് ക്ലാസ് കരിയറിൽ 74 മത്സരങ്ങളിൽനിന്ന് 213 വിക്കറ്റുകൾ സ്വന്തമാക്കി. ഇതിൽ ആറ് അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 92 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 124 വിക്കറ്റുകൾ പിഴുതു. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവുമുണ്ട്. 55 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി20യിൽ 65 മത്സരങ്ങളിൽനിന്ന് 54 വിക്കറ്റ് നേടി. 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം

English Summary: Sreesanth announces retirement from all forms of first-class cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com