ADVERTISEMENT

കൊച്ചി∙ സമാനതകൾ അധികമില്ലാത്ത തിരിച്ചടികളിൽനിന്ന് കരുത്തോടെ തിരിച്ചുവരിക; മോഹിച്ചതുപോലെ കേരളത്തിനായി ഒരിക്കൽക്കൂടി കളത്തിലിറങ്ങുക – സ്വപ്നം കണ്ട വഴിയേ കരിയർ വീണ്ടും സഞ്ചരിച്ചു തുടങ്ങുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മലയാളികളുടെ ശ്രീ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ദിവസം ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ശ്രീ, കേരള ക്രിക്കറ്റും ഇന്ത്യൻ ക്രിക്കറ്റും ശരിയായ കരങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പുതുതലമുറയ്ക്കു വേണ്ടി വഴിമാറുന്നുവെന്ന് വ്യക്തമാക്കിയാണ് വിരമിക്കൽ തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്.

ഇത്തവണ ഐപിഎൽ മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഒരു ടീമും ശ്രീശാന്തിനെ ലേലത്തിലെടുത്തിരുന്നില്ല. കരിയറിന്റെ ഉന്നതിയിൽനിന്ന് തിരിച്ചിറക്കത്തിനു വഴിയൊരുക്കിയ ഐപിഎൽ വേദിയിലേക്ക് ഒരിക്കൽക്കൂടി വരണമെന്ന മോഹം ബാക്കിയാക്കിയാണ് 39–ാം വയസ്സിൽ ശ്രീശാന്തിന്റെ പടിയിറക്കമെന്നതും ശ്രദ്ധേയം. ‘സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെ’ന്ന ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകളിലുണ്ട് ശ്രീയുടെ വികാരമത്രയും.

‘എന്റെ കുടുംബാംഗങ്ങൾക്കും ടീമംഗങ്ങൾക്കും ഇന്ത്യയിലെ സർവ ജനങ്ങൾക്കും ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി കളത്തിലിറങ്ങാനായത് ഒരു ബഹുമതിയായി കണക്കാക്കുന്നു. വേദനയുണ്ടെങ്കിലും ഒട്ടും ഖേദമില്ലാതെ, ഭാരിച്ച ഹൃദയത്തോടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു’ – ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

2013നു ശേഷം ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാനുള്ള അവസരം ശ്രീശാന്തിനെ തേടിയെത്തിയത് ഈ വർഷമാണ്. ഏഴു വർഷം നീണ്ട വിലക്കിനു ശേഷം കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ശ്രീശാന്ത് കേരളത്തിനായി കളിച്ചിരുന്നു. എന്നാൽ, രഞ്ജി ടീമിൽ അവസരം കിട്ടിയത് ഈ വർഷം മാത്രം. എലീറ്റ് ഗ്രൂപ്പ് എയിൽ മേഘാലയയ്‌ക്കെതിരായ കേരളത്തിന്റെ ആദ്യ മത്സരത്തിൽ താരം കളത്തിലിറങ്ങുകയും ചെയ്തു.

ഒന്നാം ഇന്നിങ്സിൽ മേഘാലലയുടെ രണ്ടു വിക്കറ്റ് പിഴുത് ശ്രീ തിരിച്ചുവരവ് ഗംഭീരമാക്കി. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിൽ വിക്കറ്റെടുത്ത ശേഷം നീണ്ടുനിവർന്ന‌ു കിടന്ന് പിച്ചിനെ ചുംബിക്കുന്ന ശ്രീയുടെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യ മത്സരത്തിനു പിന്നാലെ പരുക്കേറ്റതോടെ ഗുജറാത്ത്, മധ്യപ്രദേശ് ടീമുകൾക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ ശ്രീയ്ക്ക് കളിക്കാനായില്ല. ഇതിനിടെ ചികിത്സയ്ക്കായി നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

പരുക്കിൽനിന്ന് മുക്തനായി കരുത്തോടെ വീണ്ടും തിരിച്ചുവരുമെന്ന് ആരാധകർക്ക് ഉറപ്പു നൽകിയ ശ്രീ, തികച്ചും അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അതും പുതുതലമുറയ്ക്ക് വഴിമാറുന്നുവെന്ന കൂട്ടിച്ചേർക്കലോടെ...

English Summary: Sreesanth announces retirement from all forms of first-class cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com