ADVERTISEMENT

കൊൽക്കത്ത∙ സ്റ്റേഡിയത്തിന്റെ പേര് അന്വർഥമാക്കി കൊൽക്കത്ത ഈഡൻ ഗാർഡൻസ് ബാറ്റർമാരുടെ പറുദീസയായി മാറിയപ്പോൾ, നാഗാലൻഡിനെതിരായ രഞ്ജി ട്രോഫി പ്രീക്വാർട്ടറിൽ റൺമല സൃഷ്ടിച്ച് മഹേന്ദ്രസിങ് ധോണിയുടെ പിൻമുറക്കാർ! കൗതുകകരമായ ഒരുപിടി കളിക്കണക്കുകളിലൂടെ ശ്രദ്ധ നേടിയ മത്സരത്തിൽ, നാഗാലാൻഡിനെതിരെ ആദ്യം ബാറ്റു ചെയ്ത ജാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ നേടിയത് 880 റൺസ്! 203.4 ഓവറിലാണ് ജാർഖണ്ഡ് 880 റൺസ് നേടിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ പിറക്കുന്ന ഏറ്റവുമുയർന്ന നാലാമത്തെ മാത്രം സ്കോറാണ് ജാർഖണ്ഡ് നേടിയത്. കഴിഞ്ഞ 18 വർഷത്തിനിടെ പിറക്കുന്ന ഏറ്റവും ഉയർന്ന സ്കോറും.

തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി പടനയിച്ച പതിനേഴുകാരൻ വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയാണ് ജാർഖണ്ഡിന്റെ ടോപ് സ്കോറർ. 269 പന്തുകൾ നേരിട്ട കുശാഗ്ര 37 ഫോറും രണ്ടു സിക്സും സഹിതം 266 റൺസെടുത്ത് പുറത്തായി. ഇതോടെ, രഞ്ജി ട്രോഫിയിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും 250 റൺസിലധികം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കുശാഗ്ര മാറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അദ്ദേഹം പിന്നിലാക്കിയത് പാക്കിസ്ഥാന്റെ ഇതിഹാസ താരം ജാവേദ് മിയാൻദാദിനെ!

എട്ടാമനായി ബാറ്റിങ്ങിനെത്തിയ ഷഹബാസ് നദീമാണ് ജാർഖണ്ഡ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ കുറിച്ചത്. 304 പന്തുകൾ നേരിട്ട നദീം 177 റൺസെടുത്ത് പത്താമനായി പുറത്തായി.ഇവർക്കു പുറമേ വിരാട് സിങ്ങും സെഞ്ചുറി കുറിച്ചു. 155 പന്തുകൾ നേരിട്ട വിരാട് സിങ് 13 ഫോറുകൾ സഹിതം 107 റൺസാണ് നേടിയത്.

ഒരു ഇരട്ടസെഞ്ചുറിക്കും രണ്ട് സെഞ്ചുറികൾക്കും പുറമേ ജാർഖണ്ഡ് നിരയിൽ മൂന്ന് അർധസെഞ്ചുറികളും പിറന്നു. അതിൽത്തന്നെ, പതിനൊന്നാമനായി ക്രീസിലെത്തിയ രാഹുൽ ശുക്ലയുടെ ഇന്നിങ്സ് ശ്രദ്ധേയമായി. ഏറ്റവും ഒടുവിൽ ക്രീസിലെത്തിയ ശുക്ല, 85 റൺസുമായി പുറത്താകാതെ നിന്നു. 149 പന്തിൽ ഏഴു ഫോറും ആറു സിക്സും സഹിതമാണ് ശുക്ല 85 റൺസെടുത്തത്. കുമാർ സൂരജ് (91 പന്തിൽ 66), അനുകൂൽ റോയ് (88 പന്തിൽ 59) എന്നിവരാണ് അർധസെഞ്ചുറി നേടിയ മറ്റുള്ളവർ.

അതിലും രസകരമായ മറ്റൊരു കളിക്കണക്കു കൂടി ജാർഖണ്ഡ് ഇന്നിങ്സ് ബാക്കിവയ്ക്കുന്നുണ്ട്. 880 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്തിയ ജാർഖണ്ഡ് ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് പിറന്നത് 10–ാം വിക്കറ്റിലാണ്! ഷഹബാസ് നദീമും രാഹുൽ ശുക്ലയും ചേർന്ന് കൂട്ടിച്ചേർത്തത് 191 റൺസാണ്! ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് നഷ്ടമായത് നിർഭാഗ്യം കൊണ്ടു മാത്രം. 323 പന്തുകൾ നേരിട്ടാണ് ഇരുവരും ചേർന്ന് സ്കോർ ബോർഡിൽ 191 റൺസെത്തിച്ചത്.

സെഞ്ചുറി കടന്ന മറ്റു മൂന്നു കൂട്ടുകെട്ടുകൾ കൂടിയുണ്ട് ജാർഖണ്ഡ് ഇന്നിങ്സിൽ. അഞ്ചാം വിക്കറ്റിൽ വിരാട് സിങ് – കുശാഗ്ര സഖ്യം പടുത്തുയർത്തിയത് 175 റൺസ്, ആറാം വിക്കറ്റിൽ കുശാഗ്ര – അനുകൂൽ റോയ് സഖ്യം കൂട്ടിച്ചേർത്തത് 128 റൺസ്, ഏഴാം വിക്കറ്റിൽ കുശാഗ്ര – ഷഹബാസ് നദീം കൂട്ടുകെട്ട് കൂട്ടിച്ചേർത്തത് 166 റൺസ്!

ജാർഖണ്ഡ് ബാറ്റർമാർ റൺമഴ പെയ്യിച്ച മത്സരത്തിൽ നാഗാലൻഡ് നിരയിൽ അഞ്ച് ബോളർമാരാണ് ‘സെഞ്ചുറി’ നേടിയത്. ജോനാഥൻ 40 ഓവറിൽ വഴങ്ങിയത് 174 റൺസ്, ഇം‌ലിവാതി 51.4 ഓവറിൽ വഴങ്ങിയത് 174 റൺസ്, ക്രിയേവിട്സോ 31 ഓവറിൽ വഴങ്ങിയത് 166 റൺസ്, മുൻധെ 22 ഓവറിൽ വഴങ്ങിയത് 103 റൺസ്, രാജ സ്വൻകർ 18 ഓവറിൽ വഴങ്ങിയത് 106 റൺസ്! നാഗാലൻഡ് നിരയിൽ 100 റൺസിൽ കുറവു റൺസ് വഴങ്ങിയത് രണ്ടു ബോളർമാർ മാത്രം. അബു നെച്ചിം അഹമ്മദ് 20 ഓവറിൽ 51 റൺസും ഹോപോൻക്യു 21 ഓവറിൽ 89 റണ്‍സും വഴങ്ങി.

∙ രഞ്ജി ട്രോഫിയിലെ ഉയർന്ന ഇന്നിങ്സ് ടോട്ടലുകൾ

944/6 – ഹൈദരാബാദ് ആന്ധ്രയ്‌ക്കെതിരെ, 1993-94

912/6 – തമിഴ്നാട് ഗോവയ്‌ക്കെതിരെ, 1988-89

912/8 – മധ്യപ്രദേശ് കർണാടകയ്ക്കെതിരെ, 1945-46

880/10 – ജാർഖണ്ഡ് നാഗാലാൻഡിനെതിരെ, 2021-22*

English Summary: Jharkhand break 31-year-old record against Nagaland; Kumar Kushagra scores sublime double century

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com