ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് വിട്ട് മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകുന്നതിനെ, വർഷങ്ങൾക്കു മുൻപ് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കു ചേക്കേറിയതുമായി താരതമ്യം ചെയ്ത് ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ. പുതിയ സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് റൊണാൾഡോയുടെ ക്ലബ് മാറ്റവുമായി ആർച്ചർ തന്റെ ടീം മാറ്റത്തെ താരതമ്യം ചെയ്തത്. റൊണാൾഡോ ഇംഗ്ലണ്ടിൽനിന്നു പോയാൽ രക്ഷപ്പെടില്ലെന്ന് പലരും വിധിയെഴുതിയെതിങ്കിലും, അദ്ദേഹം റയലിലും അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്ന് ആർച്ചർ ചൂണ്ടിക്കാട്ടി.

രാജസ്ഥാൻ റോയൽസിനായി നാലു സീസണുകളിൽ കളിച്ച ജോഫ്ര ആർച്ചർ, 15–ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിലാണ് മുംബൈ ഇന്ത്യൻസിന്റെ ഭാഗമായത്. പരുക്കിന്റെ പിടിയിലായതിനാൽ ഈ സീസണിൽ കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടും എട്ടു കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ആർച്ചറിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് അവസാന റൗണ്ട് വരെ താരത്തിനായി ശ്രമിച്ചെങ്കിലും മുംബൈ ഇന്ത്യൻസ് 8 കോടിയെറിഞ്ഞ് താരത്തെ സ്വന്തമാക്കി. പുതിയ ടീമിലേക്കു പോയാലും അവിടെയും തിളങ്ങാൻ തനിക്ക് സാധിക്കുമെന്ന് വിശദീകരിക്കാനാണ് ആർച്ചർ റൊണാൾഡോയുടെ റയൽ പ്രവേശം ഉദാഹരണമായി എടുത്തുകാട്ടിയത്.

‘ഇടയ്ക്ക് പുതിയ സാഹചര്യങ്ങളിലേക്കു പോകുന്നത് വളരെ നല്ലതാണ്. കാരണം, അതുവഴി സ്വയം വെല്ലുവിളിക്കാനുള്ള ഒരു അവസരം കൂടിയാണ് ലഭിക്കുന്നത്. നമ്മുടെ സ്ഥിരം തട്ടകത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എളുപ്പമാണ്. പക്ഷേ, പുതിയൊരു സാഹചര്യത്തിലേക്കു പറിച്ചുനട്ട് അവിടെ തിളങ്ങണമെങ്കിൽ കടുത്ത പ്രയത്നം വേണ്ടിവരും’ – ആർച്ചർ ചൂണ്ടിക്കാട്ടി.

‘ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷങ്ങൾക്കു മുൻപ് ആദ്യമായി ഇംഗ്ലണ്ട് വിട്ട് സ്പെയിനിലേക്കു പോയതുപോലെയാണ് ഇതും. അദ്ദേഹത്തിന് ഇംഗ്ലണ്ടിനു പുറത്തു തിളങ്ങാനാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, പോയിടത്തെല്ലാം തിളങ്ങിയ ചരിത്രമാണ് റൊണാൾഡോയുടേത്. അദ്ദേഹത്തിന്റെ പ്രതിഭയെ ചോദ്യം ചെയ്യാൻ ഇപ്പോൾ ആർക്കും സാധിക്കില്ല. ഏതാണ്ട് അതുപോലെയാണ് ഈ ടീം മാറ്റവും’ – ആർച്ചർ പറഞ്ഞു.

മഹേള ജയവർധനെ, കയ്റൻ പൊള്ളാർഡ് തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുള്ള മുംബൈയിലേക്കുള്ള മാറ്റം തനിക്ക് യാതൊരു പ്രയാസവും സൃഷ്ടിക്കാനിടയില്ലെന്ന് ആർച്ചർ അഭിപ്രായപ്പെട്ടു.

‘മുംബൈ ഇന്ത്യൻസിനായി കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വളരെ മികച്ചൊരു ടീമാണത്. മഹേള ജയവർധനെ എന്റെ ആദ്യകാല പരിശീലകരിൽ ഒരാളാണ്. പിന്നെ പൊള്ളാർഡിനേപ്പോലുള്ള താരങ്ങളും അവിടെയുണ്ട്. അദ്ദേഹത്തിനെതിരെ ഞാൻ പലതവണ കളിച്ചിട്ടുണ്ടെങ്കിലും ഒപ്പം കളിക്കുന്നത് ഇതാദ്യമായിരിക്കും. തുടർവിജയങ്ങളും കിരീടങ്ങളുമായി അവിടെ തിളങ്ങാനാകുമെന്ന് കരുതുന്നു’  ആർച്ചർ പറഞ്ഞു.

പരുക്ക് പ്രതീക്ഷിച്ചതിലും വേഗം ഭേദമാകുന്നുണ്ടെങ്കിലും, ഈ സീസണിൽ ഐപിഎലിൽ കളിക്കാനുള്ള സാധ്യതയില്ലെന്ന് ആർച്ചർ വെളിപ്പെടുത്തി. ‘ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത സീസണിൽ മാത്രമേ എനിക്കു കളിക്കാനാകൂ. പ്രതീക്ഷച്ചതിലും വേഗം പരുക്കു ഭേദമാകുന്നുണ്ട്. പക്ഷേ, പൂർണമായും സുഖപ്പെട്ട് കളത്തിലിറങ്ങാൻ അടുത്ത സീസണാകേണ്ടി വരും. ആർക്കും അമിത പ്രതീക്ഷ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരെയും നിരാശപ്പെടുത്താനും താൽപര്യമില്ല. അടുത്ത വർഷമേ ഞാൻ കളിക്കാനെത്തൂ’ – ആർച്ചർ പറഞ്ഞു.

English Summary: It's like when Cristiano Ronaldo left England: Jofra Archer on leaving Rajasthan Royals for Mumbai Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com