ADVERTISEMENT

ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു തയാറെടുക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി സ്പിൻ ബോളർ യുസ്‌വേന്ദ്ര ചെഹലിനെ പ്രഖ്യാപിച്ചു! ഇത്തവണ ജോസ് ബട്‍ലറിനൊപ്പം ചെഹലിനെ ഓപ്പണറായി അയയ്ക്കുന്ന കാര്യവും ടീമിന്റെ പരിഗണനയിൽ! എന്താണ് സംഭവമെന്നല്ലേ? രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ചെഹലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണറാക്കാൻ പരിഗണിക്കുന്ന കാര്യവും ട്വിറ്റർ പേജിൽത്തന്നെയാണ് പ്രത്യക്ഷപ്പെട്ടത്.

ആശയക്കുഴത്തിലായ ആരാധകർ എല്ലാം തമാശയാണെന്ന് കരുതിയെങ്കിലും, പിന്നാലെ ‘നിയുക്ത ക്യാപ്റ്റൻ’ യുസ്‌വേന്ദ്ര ചെഹലിന് ആശംസകൾ നേർന്ന് സാക്ഷാൽ സഞ്ജു സാംസൺ രംഗത്തെത്തിയത് ആശയക്കുഴപ്പം വർധിപ്പിച്ചു. പിന്നീട് രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ പേജിലെ മറ്റ് പോസ്റ്റുകൾ കൂടി കണ്ടതോടെയാണ് സംഭവത്തിന്റെ ഏതാണ്ട് രൂപം ആരാധകർക്ക് പിടികിട്ടിയത്.

രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ പേജിൽ ഇന്നു രാവിലെ മുതൽ നടക്കുന്ന ട്വീറ്റ് പരമ്പരയുടെ തുടർച്ചയാണ് ചെഹലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ്.

ഹോട്ടലിലേക്ക് എത്തുന്ന യു‌സ്‌വേന്ദ്ര ചെഹലിനെ ട്രോളുന്ന ഒരു വിഡിയോയിലൂടെയാണ് ഇന്നത്തെ ട്വീറ്റ് പരമ്പരയ്ക്ക് തുടക്കമായത്. തനിക്കും ഭാര്യയ്ക്കുമായി ഭക്ഷണം ഓർഡർ ചെയ്യുന്ന ചെഹലിനെ ട്രോളുന്നതാണ് വിഡിയോ.

ഇതോടെ, രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ അക്കൗണ്ട് ‘ഹാക്ക്’ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ചെഹൽ രംഗത്തെത്തി. പിന്നാലെ രാജസ്ഥാൻ അക്കൗണ്ടിന്റെ പാസ്‌വേഡ് ലഭിച്ചെന്ന് വ്യക്തമാക്കി ചെഹലിന്റെ ട്വീറ്റ് എത്തി. തനിക്ക് പാസ്‌വേഡ് തന്ന രാജസ്ഥാൻ സിഇഒ ജെയ്ക് ലൂഷ് മക്രമിന് ചെഹൽ നന്ദിയറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചെഹലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് രാജസ്ഥാന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. എല്ലാം ‘ചെഹലിന്റെ കളികളാണെ’ന്ന് വ്യക്തം!

English Summary: Did Yuzvendra Chahal hack Rajasthan Royals' Twitter account? Know here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com