ADVERTISEMENT

രാജ്യമാണോ വലുത്, അതോ പണമോ? അതു തെളിയിക്കാൻ പറ്റിയ അവസരമാണ് വന്നിരിക്കുന്നത്’ ഐപിഎൽ ടീമുകളിലുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ മുന്നിൽ അവരുടെ ടെസ്റ്റ് ക്യാപ്റ്റൻ ഡീൻ എൽഗാർ പുറത്തെടുത്ത അവസാന അടവായിരുന്നു അത്. പക്ഷേ ഏറ്റില്ല, നാട്ടിൽ ബംഗ്ലദേശുമായി നടക്കുന്ന ടെസ്റ്റ് പരമ്പര ഉപേക്ഷിച്ച് എല്ലാ ദക്ഷിണാഫ്രിക്കൻ താരങ്ങളും ഐപിഎൽ കളിക്കാൻ തന്നെ തീരുമാനിച്ചു. ഐപിഎലിന് എതിരു നിൽക്കുന്നവർക്കെല്ലാം ചർച്ച ചെയ്യാൻ കിട്ടിയ ആയുധമായിരുന്നു ഇത്. ടൂർണമെന്റ് രാജ്യാന്തര ക്രിക്കറ്റിനെ ഞെരുക്കി കൊല്ലുന്നുവെന്നു ആരോപിക്കുന്നവരുടെ ശബ്ദത്തിന് കൂടുതൽ ശക്തി പകർന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ സിഇഒ തന്നെ താരങ്ങളെ പിന്തുണച്ച് എത്തിയതോെട വിമർശകരുടെ വായടഞ്ഞു. 

ഐപിഎൽ കളിക്കുന്നതുകൊണ്ട് താരങ്ങളുടെ രാജ്യസ്നേഹം കുറഞ്ഞു പോകില്ലെന്ന് അഭിപ്രായപ്പെട്ട ഫൊലേസി മൊസെകി, ഐപിഎൽ നൽകുന്ന പണം താരങ്ങളുടെ വിരമിച്ചതിനുശേഷമുള്ള ജീവിതത്തിൽ മുതൽക്കൂട്ടാകുമെന്നും വ്യക്തമാക്കി. ‘ഐപിഎലിന് പോകുന്ന താരങ്ങളെല്ലാം രാജ്യാന്തര മത്സരങ്ങളെ അതീവ ഗൗരവമായി കാണുന്നവരാണ്, അവർ രാജ്യസ്നേഹികളല്ലെന്നു പറയുന്നതിൽ അർഥമില്ല’ – മൊസെകിയുടെ മറുപടി എൽഗാറിനു കൂടി ഉള്ളതായിരുന്നു. പണം താരങ്ങളെ മയക്കുകയാണോ, ന്യായം ആരുടെ ഭാഗത്താണ്.

∙ 11 താരങ്ങൾ

10 ഐപിഎൽ ടീമുകളിലുമായി 11 ദക്ഷിണാഫ്രിക്കൻ താരങ്ങളാണ് കളിക്കുന്നത്. ഇതിൽ 5 പേരാണ് ബംഗ്ലദേശിനെതിരായ ടെസ്റ്റ് ടീമിൽ ഇടം പിടിക്കേണ്ടിയിരുന്നത്. കഗീസോ റബാദ, ലുംഗി എൻഗിഡി, മാർക്കോ ജാൻസൻ, എയ്ഡൻ മാർക്രം, റസി വാൻഡെർ ദസൻ എന്നിവരാണവർ. പരുക്കിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്ത ആൻറിച് നോർട്യ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനായി ഇറങ്ങുമോയെന്ന് ഉറപ്പില്ല. ടെസ്റ്റ് കളിക്കേണ്ടെന്ന തീരുമാനം താരങ്ങൾ ഒറ്റക്കെട്ടായി എടുത്തതാണ്.

∙ എത്ര കിട്ടും?

ഇത്തവണ ഐപിഎൽ കളിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ഒരാളുടെ ഈ സീസണിലെ മാത്രം ശമ്പളം, 13 വർഷം ദക്ഷിണാഫ്രിക്കൻ ടീമിൽ കളിച്ചാൽ ലഭിക്കുന്നതിലും അധികമാണ്!. ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. ക്രിക്കറ്റ് ബോർഡുമായി കരാറുള്ള ഒരു കളിക്കാരന് വർഷം 1.1 മില്യൻ റാൻഡിനും 3 മില്യൻ റാൻഡിനും ഇടയിലാണ് ശമ്പളം (75,000 മുതൽ 2 ലക്ഷം ഡോളർ വരെ). ഇന്ത്യൻ രൂപയിൽ മാറ്റിയാൽ ഏകദേശം 56 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ കിട്ടും. കഗീസോ റബാദയെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചത് ഒൻപതേ കാൽ കോടി രൂപ നൽകിയാണ്.

അടിസ്ഥാന വിലയ്ക്ക് ടീമിലെത്തിച്ച ഇംഗ്ലിഷ്, ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎൽ വിട്ടു പോകുമ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ തുടരുന്നതിനു കാരണം ഡോളറുമായി റാൻഡിനുള്ള വ്യത്യാസമാണ്. ഒരു യുഎസ് ഡോളറിന് 15 ദക്ഷിണാഫ്രിക്കൻ റാൻഡിന്റെ വിലയുണ്ട്. അതിനാൽ ഐപിഎൽ ഒഴിവാക്കിയാൽ ദക്ഷിണാഫ്രിക്കൻ കളിക്കാർക്കുണ്ടാകുന്ന നഷ്ടം ഓസ്ട്രേലിയൻ, ഇംഗ്ലിഷ് താരങ്ങളെ അപേക്ഷിച്ച് ഭീമമാണ്. പരുക്കും ഫോമുമെല്ലാം നിർണായകമാകുന്ന ക്രിക്കറ്റർമാരുടെ കരിയറിന് ഇപ്പോഴും ദൈർഘ്യം കുറവാണ്. സമ്പാദിക്കാൻ പറ്റുമ്പോൾ അതിനു ശ്രമിച്ച് ക്രിക്കറ്റ് ഇല്ലാത്ത കാലം സുരക്ഷിതമാക്കുന്നവരെ കുറ്റം പറയുന്നതെങ്ങനെ.

ഐപിഎലിന് വിടാമെന്ന ധാരണയോടെയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് കളിക്കാരുമായി കരാർ ഉണ്ടാക്കുന്നതു തന്നെ. ടെസ്റ്റ് സ്പെഷലിസ്റ്റായ എൽഗാർ പുതിയ ടീമിനെ കെട്ടിപ്പടുത്താനുള്ള കഠിനമായ ശ്രമത്തിലാണ് അദ്ദേഹത്തിന് അപ്പോൾ താരങ്ങളുടെ അഭാവം വിഷമമുണ്ടാക്കുന്നത് സ്വാഭാവികം.

അതേ സമയം നെതർലൻഡ്സുമായുള്ള നാട്ടിലെ പരമ്പരയിൽനിന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ അടക്കം 12 താരങ്ങൾക്ക് വിടുതൽ നൽകിയാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഐപിഎൽ കളിക്കാൻ വിട്ടത്. അവിടെ ഒരു പ്രശ്നവുമില്ല.

 

English Summary: Tussle in cricket South Africa over IPL and national team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com