ADVERTISEMENT

ജയ്പുർ∙ മലയാളി താരം സഞ്ജു സാംസൺ ഏറ്റവും മികച്ച ട്വന്റി 20 താരങ്ങളിൽ ഒരാളാണെന്നു രാജസ്ഥാൻ റോയൽസ് ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാർ സംഗക്കാര. കഴിഞ്ഞ വർഷം ക്യാപ്റ്റനായി ചുമതല ഏറ്റെടുത്ത സഞ്ജു സാംസൺ തന്നെയാണ് ഇൗ സീസണിലും രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്.

റെഡ്ബുൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചയിലാണ് സഞ്ജുവിന്റെ ആസാധാരണ ബാറ്റിങ് മികവിനെ പുകഴ്ത്തി സംഗക്കാര വീണ്ടും രംഗത്തെത്തിയത്. ക്യാപ്റ്റൻ എന്ന നിലിയിലെ സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിക്കാനും സംഗക്കാര മറന്നില്ല.

‘രാജസ്ഥാൻ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനും ഭാവിയുമാണെന്നതു വിട്ടേക്കൂ. ട്വന്റി20യിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണു സഞ്ജു സാംസൺ. അസാമാന്യ മികവിന് ഉടമയാണു സഞ്ജു. എതിർ ടീം ബോളർമാർക്കു മേൽ നാശം വിതയ്ക്കാൻപോന്ന താരം, മാച്ച് വിന്നർ. ഒരു ബാറ്ററിൽനിന്ന് പ്രതീക്ഷിക്കുന്നതെല്ലാം സഞ്ജുവിനുണ്ട്. ഞാൻ ചുമതല ഏറ്റെടുക്കുന്നതിനു മുൻപ്, കഴിഞ്ഞ സീസണിൽത്തന്നെ രാജസ്ഥാന്റെ നായകനായി. സഞ്ജുവിനെ എനിക്ക് വളരെ അടുത്തറിയാം. അതുകൊണ്ടുതന്നെയാണു സഞ്ജുവിനെ അംഗീകരിക്കുന്നതും.

രാജസ്ഥാൻ റോയൽസ് ടീമിനോട് അത്രമേൽ അഭിനിവേശമാണു സഞ്ജുവിന്. സഞ്ജുവിന്റെ കരിയർ ഇവിടെയാണു തുടങ്ങിയത്. ഇതു സഞ്ജു അംഗീകരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും തനിക്കു ധാരണിയില്ലെന്ന് അംഗീകരിക്കുന്ന ക്യാപ്റ്റനാണു സഞ്ജു. കാര്യങ്ങൾ പഠിക്കാൻ തയാറാണ്. സഞ്ജു മെച്ചപ്പെട്ടു വരുമെന്നുറപ്പാണ്’– സംഗക്കാര പറഞ്ഞു.

കഴിഞ്ഞ ഐപിഎൽ സീസണിൽ 14 കളിയിൽ 40.33 ശരാശരിയിൽ 484 റൺസാണു സഞ്ജു നേടിയത്. 136.72 സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും 2 അർധ സെഞ്ചുറികളും സഞ്ജു സ്വന്തമാക്കിയിരുന്നു. 2020 സീസണിൽ 375 റൺസാണു സഞ്ജു നേടിയത്. 

‘സാധാരണക്കാരനായ ക്രിക്കറ്റ് താരമാണു സഞ്ജു. വളരെ കുറച്ചു മാത്രം സംസാരിക്കുന്നയാൾ. രാജസ്ഥാൻ നായകനാകാൻ ഏറ്റവും അനുയോജ്യന്‍. എല്ലാ മത്സരവും ജയിക്കണമെന്ന വാശിയാണു സഞ്ജുവിന്. ഏറ്റവും മികച്ച പിന്തുണ നൽകി സഞ്ജുവിന്റെ നേതൃപാടവം വളർത്തിയെടുക്കാനാണു ഞാൻ ശ്രമിക്കുന്നത്’– സംഗക്കാരയുടെ വാക്കുകൾ.

 

English Summary: 'He's magnificent, destructive and a match-winner': Sangakkara hails IND's 27-year-old as 'one of the best T20 players'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com