ADVERTISEMENT

ഹാമിൽട്ടൻ∙ ഇന്ത്യ ആകാംക്ഷയോടെ കാത്തിരുന്ന ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ പോയതോടെ, വനിതാ ലോകകപ്പിൽ സെമി കളിക്കാൻ അവസാന മത്സരത്തിൽ മിതാലി രാജിനും സംഘത്തിനും വിജയം അനിവാര്യം. ഇന്നത്തെ ഗ്രൂപ്പ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും പോയിന്റ് പങ്കുവയ്ക്കുകയും ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോൽപ്പിക്കുകയും ചെയ്തതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു.

പോയിന്റ് പങ്കുവച്ചതോടെ ദക്ഷിണാഫ്രിക്ക ഒൻപതു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി സെമി ഉറപ്പാക്കി. വെസ്റ്റിൻഡീസ് ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. പാക്കിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിച്ച് ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമെത്തി. ഇതോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണത്.

വെസ്റ്റിൻഡീസിനെതിരായ മത്സരം ഉപേക്ഷിച്ചത് ഒരു തരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് അനുഗ്രഹമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 22 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് മത്സരം മഴമൂലം ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിക്കുമ്പോൾ 10.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലായിരുന്നു അവർ. പോയിന്റ് പങ്കുവച്ചതോടെ ഒരു പോയിന്റ് കൂടി ചേർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു പോയിന്റായി. ഒരു മത്സരം ബാക്കിയുണ്ടെങ്കിലും രണ്ടാം സ്ഥാനത്തോടെ അവർ സെമിയും ഉറപ്പിച്ചു. മറുവശത്ത് വെസ്റ്റിൻഡീസ് ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.

അതേസമയം, വിൻഡീസിന്റെ മത്സരങ്ങൾ പൂർത്തിയായത് അവർക്ക് തിരിച്ചടിയാണ്. പിന്നിലുള്ള ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ആറു പോയിന്റ് വീതമുണ്ട്. മാത്രമല്ല, ഇരു കൂട്ടർക്കും ഓരോ മത്സരങ്ങളും ബാക്കിയാണ്. ഫലത്തിൽ, അവസാന മത്സരങ്ങളിൽ ഇരു ടീമുകൾക്കും വിജയം നേടാനായാൽ വിൻഡീസിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി സെമി കളിക്കാം.

ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കിയ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇംഗ്ലണ്ടിനാകട്ടെ, ഏറെക്കുറെ ടൂർണമെന്റിനു പുറത്തായ ബംഗ്ലദേശും. ജയിച്ചാൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും സെമി ഉറപ്പിക്കാം. അവസാന മത്സരത്തിൽ തോറ്റാലും ഇന്ത്യയ്ക്ക് നേരിയ സാധ്യത ബാക്കിയാണ്. ഇംഗ്ലണ്ട് ബംഗ്ലദേശിനോടും തോൽക്കണമെന്നു മാത്രം. റൺറേറ്റിൽ ഇംഗ്ലണ്ടിന് നേരിയ മുൻതൂക്കം ഉള്ളതിനാൽ, അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വൻ മാർജിനിൽ ബംഗ്ലദേശിനോടു തോറ്റാലേ ഇന്ത്യയ്ക്ക് സാധ്യതയുള്ളൂ.

ആറു മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രമുള്ള പാക്കിസ്ഥാൻ ടൂർണമെന്റിൽനിന്ന് പുറത്തായിക്കഴിഞ്ഞു. രണ്ടു മത്സരം ബാക്കിയുള്ള ബംഗ്ലദേശിനും ഒരു മത്സരം ബാക്കിയുള്ള ന്യൂസീലൻഡിനും നേരിയ സാധ്യത ബാക്കിയാണ്. ബംഗ്ലദേശിന് ഇനി കരുത്തരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് എതിരാളികൾ. ഈ രണ്ടു മത്സരങ്ങളും ജയിച്ചാലും മറ്റു ടീമുകളുടെ ഫലവും നിർണായകമാകും. മുന്നേറ്റം കഠിനമാണെന്നു ചുരുക്കം. ന്യൂസീലൻഡിന് പാക്കിസ്ഥാനാണ് എതിരാളികൾ. ആ മത്സരം ജയിച്ചാലും ഇന്ത്യയും ഇംഗ്ലണ്ടും അവസാന മത്സരം തോൽക്കാൻ പ്രാർഥിക്കണം. മാത്രമല്ല, ബംഗ്ലദേശ് ആദ്യ മത്സരത്തിൽ ഓസീസിനോടും തോൽക്കണം.

English Summary: How can India women qualify for the semi-final of World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com