ADVERTISEMENT

രാജസ്ഥാൻ റോയൽസ് ടീമിന്റെ ട്വിറ്റർ അക്കൗണ്ട് ലെഗ് സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ ഹാക്ക് ചെയ്തോ? ക്യാപ്റ്റൻ സഞ്ജു സംസണെ ട്രോളിയതിന് ടീമിന്റെ സോഷ്യൽ മീഡിയ അഡ്മിനെ പുറത്താക്കിയോ? ഇങ്ങനെ ഒരുപിടി ചോദ്യങ്ങളാണ് ഏതാനും ദിവസമായി റോയൽസ് ആരാധകരുടെ മനസ്സിലൂടെ കടന്നുപോകുന്നത്. എല്ലാറ്റിനും ഒടുവിൽ ‘എല്ലാം ഒരു പ്രാങ്ക്’ ആയിരുന്നു എന്ന വിശദീകരണവുമായി ടീം രംഗത്തെത്തി. പ്രാങ്ക് എന്നാൽ തമാശ. അത്ര മാത്രം!

കഴിഞ്ഞ ദിവസമാണ് ട്വിറ്ററിനെ ‘പിടിച്ചു കുലുക്കിയ’ സംഭവം. തലയിൽ ഒരു ടവ്വലും ചുറ്റിക്കെട്ടി, ചെവിയിൽ തൊങ്ങലും തൂക്കി, സൺഗ്ലാസും വച്ചിരിക്കുന്ന സഞ്ജുവിന്റെ ചിത്രം രാജസ്ഥാന്റെ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ സഞ്ജു തന്നെ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചു. പിന്നാലെ സോഷ്യൽ മീഡിയ ടീമിനെ പുറത്താക്കുന്നതായി രാജസ്ഥാന്റെ പത്രക്കുറിപ്പു വന്നു. തന്റെ വിടവാങ്ങൽ വിഡിയോ അഡ്മിൻ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എല്ലാം തമാശയായിരുന്നെന്നു പറഞ്ഞ വിഡിയോ ടീമിന്റെ ട്വിറ്റർ ഹാൻഡിലിൽ വന്നത്.

രസകരമായ ട്രോളുകളും പോസ്റ്റുകളുമായാണ് ഓരോ സീസണിലും രാജസ്ഥാൻ ടീം എത്താറുള്ളത്. എന്നാൽ ഈ പ്രാങ്ക് ഒരൽപം കടന്നുപോയെന്ന അഭിപ്രായത്തിലാണ് ആരാധകർ. ഐപിഎൽ ട്രോളുകൾക്ക് വൻ ജനപ്രീതിയുണ്ടെങ്കിലും ഇടയ്ക്കെല്ലാം ട്രോളുകൾ കൈവിട്ടുപോകുന്ന സംഭവങ്ങൾക്കും ഐപിഎൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

∙ ട്രോളൻമാരുടെ വാറുണ്ണി

തൊട്ടതിനും പിടിച്ചതിനും പൊട്ടിത്തെറിക്കുന്ന, പന്തുചുരണ്ടൽ വിവാദം മൂലം ക്രിക്കറ്റ് കരിയറിൽ ഒരു വർഷം നഷ്ടപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ചത് ഒരു പരിധിവരെ ടിക് ടോക്കും ട്രോളുകളും ആയിരുന്നു. ഇന്ത്യൻ സിനിമകളിലെ ഹിറ്റ് ഗാനങ്ങളും മാസ് സീനുകളും വാർണറും കുടുംബവും ടിക് ടോക്കിൽ പുനരാവിഷ്കരിച്ചു.

david-warner-troll

ബുട്ടബൊമ്മ പാട്ടിലെ അല്ലു അർജുനായും ബാഹുബലിയിലെ പ്രഭാസായുമെല്ലാം വാർണർ നിറഞ്ഞാടി. അതോടെ ട്രോളൻമാരുടെ പ്രിയപ്പെട്ട ‘വാറുണ്ണി’യായി വാർണർ മാറി. താനുമായി ബന്ധപ്പെട്ട ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും വാർണർ മടിച്ചില്ല.

∙ ചെഹലും ഗെയ്‌ലും 

ഇന്ത്യൻ ടീമിലെ ട്രോൾ കിങ് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ; ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. ടിക് ടോക്കിൽ വാർണറുടെ പ്രധാന എതിരാളിയായിരുന്നു ചെഹൽ. ഒരു രാജ്യാന്തര മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ആയിരുന്ന ചെഹൽ കൂളിങ് ഗ്ലാസും വച്ച് ഗ്രൗണ്ടിൽ കിടക്കുന്ന ചിത്രം ഇപ്പോഴും ട്രോളൻമാർക്കു പ്രിയപ്പെട്ടതാണ്.

gayle-chahal

ചെഹലിന്റെ വിഡിയോകൾ കണ്ടു സഹികെട്ട് റോയൽ ചാലഞ്ചേഴ്സ് ടീമിൽ സഹതാരമായിരുന്ന ക്രിസ് ഗെയ്ൽ ഒരിക്കൽ പറഞ്ഞു: നിന്റെ അക്കൗണ്ട് ഞാൻ പൂട്ടിക്കും! 

∙ ദിൻഡ അക്കാദമി

ഐപിഎലിനെക്കുറിച്ച് രസകരമായ പല ട്രോളുകളും വന്നിട്ടുണ്ടെങ്കിലും ട്രോളുകളുടെ പേരിൽ ക്രൂശിക്കപ്പെട്ട താരമായിരുന്നു അശോക ദിൻഡ. ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നന്നായി പന്തെറിഞ്ഞിട്ടും ചുരുക്കം ചില മത്സരങ്ങളുടെ പേരിൽ ദിൻഡ വളരെയധികം ട്രോൾ ചെയ്യപ്പെട്ടു.

dinda

ഐപിഎൽ മത്സരങ്ങളിൽ ധാരാളം റൺസ് വഴങ്ങുന്ന ബോളർമാരെ ‘ദിൻഡ അക്കാദമിയിലേക്ക് സ്വാഗതം’ എന്നു പറഞ്ഞ് പലരും പരിഹസിച്ചു. ഇതിനെതിരെ ഒടുവിൽ ദിൻഡ തന്നെ രംഗത്തെത്തിയിരുന്നു.

∙ ട്രോൾ ക്രുണാൽ 

ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെയും പിഴവുകളുടെയും പേരിൽ ഒട്ടേറെ ട്രോളുകൾ നേരിടേണ്ടിവന്ന താരമാണ് ക്രുണാൽ പാണ്ഡ്യ. ബറോഡ ടീമിലെ സഹതാരം ദീപക് ഹൂഡയുമായി ഉണ്ടായ പ്രശ്നങ്ങളും ക്രുണാലിനെതിരായ ട്രോളുകൾക്ക് ശക്തി കൂട്ടി.

krunal-pandya

ഗ്രൗണ്ടിൽ പലപ്പോഴും അതിവൈകാരികമായി പെരുമാറുന്ന ക്രുണാലിന്റെ ചിത്രങ്ങൾ ട്രോളുകളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

English Summary: Rajasthan Royals' Prank Involving Sanju Samson Makes Fans Angry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com