ADVERTISEMENT

മുംബൈ∙ 2022 ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ആരും വാങ്ങാനെത്താതിരുന്ന താരങ്ങളിലൊരാളാണു പേസർ ഇഷാന്ത് ശർമ. കഴിഞ്ഞ കുറച്ചു സീസണിൽ ഇഷാന്ത് കളിച്ചിരുന്നതു ഡൽഹി ക്യാപിറ്റൽസിലായിരുന്നു. ഇത്തവണ ഇഷാന്ത് ശർമയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസും മുന്നോട്ടുവന്നില്ല. ഇതോടെ സീസണിൽ താരത്തിനു കളിക്കാൻ അവസരമില്ലാതായി. ഗ്രൗണ്ടിലിറങ്ങി കളിക്കാൻ പറ്റിയില്ലെങ്കിലും മറ്റൊരു വഴിയിലൂടെ ഐപിഎല്ലിന്റെ ‘ഭാഗമായ’ ഇഷാന്ത് ശര്‍മയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച.

ബുധനാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെ വെർച്വൽ ഗസ്റ്റ് ബോക്സിലാണ് ഇഷാന്ത് ശർമയെത്തിയത്. വീടുകളിലിരുന്നു ടീമുകളെ പ്രോത്സാഹിപ്പിക്കുന്ന ആരാധകരെ ഗ്രൗണ്ടിലെ സ്ക്രീനിൽ കാണിക്കുന്ന രീതിയാണിത്. ഇഷാന്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തിരിച്ചറിഞ്ഞവർ കുറവാണെങ്കിലും സമൂഹമാധ്യമത്തിൽ ചിത്രമടക്കം പുറത്തുവന്നതോടെ സംഭവം ആരാധകർ ഏറ്റെടുത്തു.

റുപെ കമ്പനിയുടെ പ്രൊമോട്ടർ എന്ന നിലയ്ക്കാണ് അവരുടെ ടീ ഷർട്ടും ധരിച്ച് ഇഷാന്ത് ഗസ്റ്റ് ബോക്സ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ സീസൺ വരെ ഐപിഎല്ലിൽ കളിച്ച ഒരു താരത്തെ ഇങ്ങനെ കാണേണ്ടിവന്നതിൽ ആരാധകരിൽ പലരും നിരാശ പ്രകടിപ്പിച്ചു. ഐപിഎല്ലിൽ 93 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 72 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ന്യൂസീലൻഡിനെതിരെയാണ് ഇഷാന്ത് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ഈ മത്സരത്തിൽ വിക്കറ്റൊന്നും സ്വന്തമാക്കാൻ താരത്തിനു സാധിച്ചിരുന്നില്ല. പിന്നീട് ഇന്ത്യൻ ടീമിൽ ഇഷാന്തിന് അവസരം ലഭിച്ചുമില്ല. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടി പഞ്ചാബ് കിങ്സിനെതിരെയാണ് ഒടുവിൽ കളിച്ചത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി 105 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 311 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിൽ 80 മത്സരങ്ങളില്‍നിന്ന് 115 വിക്കറ്റുകളും സ്വന്തമാക്കി.

English Summary: Ishant Sharma features in virtual guest box during IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com