ADVERTISEMENT

മുംബൈ∙ കഴിഞ്ഞ 2 ഐപിഎൽ സീസണുകള്‍ക്കിടെ ആകെ കളിച്ചത് 2 മത്സരങ്ങൾ. പരുക്കും ഫിറ്റ്നെസ്സ് പ്രശ്നങ്ങളും വിടാതെ പിന്തുടർന്നതോടെ ഇന്ത്യൻ ടീമിലെ സ്ഥാനം പോലും നഷ്ടമായി. ഐപിഎൽ മെഗാ താരലേലത്തിലാകട്ടെ, സൂപ്പർ ടീമുകളെല്ലാം  മുഖം തിരിക്കുകയും ചെയ്തു. ഒടുവിൽ ലേലം അവസാനിക്കുന്നതിനു തൊട്ടു മുൻപു മാത്രം കൊൽക്കത്ത ടീമിലെത്തി. ഇത്തവണ 3 മത്സരങ്ങളിൽ ഇതുവരെ വീഴ്ത്തിയത് 8 വിക്കറ്റുകൾ, സ്വന്തമാക്കിയത് 2 മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ.

തിരിച്ചടികളിൽനിന്ന് ഉയർത്തെഴുന്നേറ്റ് 2022 ഐപിഎൽ സീസൺ തന്റേതാക്കിയതിന്റെ കഥയാകും ഇന്ത്യയുടെ മുപ്പത്തിനാലുകാരൻ പേസർ ഉമേഷ് യാദവിനു പറയാനുണ്ടാകുക. പഞ്ചാബിനെതിരായ മത്സരത്തിൽ 23 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഉമേഷ് യാദവ് തന്നെയാണ് ഐപിഎൽ സീസണിൽ ഇതുവരെ ഏറ്റവും അധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരം. ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിനു പിന്നാലെ ഉമേഷിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫ്, വസീം ജാഫർ എന്നിവർ രംഗത്തെത്തി. ഇത്തവണ പർപ്പിൾ ക്യാപ് സ്വന്തമാക്കാൻ സാധ്യതയുള്ള താരമാണ് ഉമേഷ് യാദവ് എന്നു സ്പോർട്സ് പോർട്ടലായ സ്പോർട്സ് കീഡയോട് കൈഫ് പ്രതികരിച്ചപ്പോൾ ഉമേഷിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചാണു ജാഫർ രംഗത്തെത്തിയത്.  

‘ഉമേഷിന് ഇത്തവണ പർപ്പിൾ ക്യാപ് സ്വന്തമാക്കാം. കാരണം ഉമേഷിന്റെ ബോളിങ് ശൈലിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്. പന്തിനെ വിക്കറ്റിന് ഇരുവശത്തേക്കു നന്നായി നീക്കാൻ ഉമേഷിനു കഴിയുന്നുണ്ട്. ഇന്ത്യയ്ക്കു വേണ്ടി സ്ഥിരമായി കളിക്കാൻ സാധിച്ചില്ലെങ്കിലും ഉമേഷ് സീസണിലെ മുന്നൊരുക്കം ഗംഭീരമാക്കി. 

താരലേലത്തിന്റെ ഏറ്റവും ഒടുവിലാണു തനിക്കു ടീമിൽ സ്ഥാനം കണ്ടെത്താനായത് എന്നത് ഉമേഷിനെ വേദനിപ്പിച്ചിരിക്കും. ഭാവിയിലും ഒരു ഐപിഎൽ ടീമും തന്നിൽ താൽപര്യം പ്രകടിപ്പിച്ചേക്കില്ലെന്ന് ഉമേഷിനു തോന്നിയിരിക്കാം. ഇതാകും ഉമേഷിനെ ഉത്തേജിപ്പിച്ചത്. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനാകുന്നതാണ് ഉമേഷിന്റെ പ്രത്യേകത. ഉമേഷ് ഇപ്പോൾ ചെയ്യുന്നതും അതുതന്നെ’– കൈഫിന്റെ വാക്കുകൾ.

‘കഴിഞ്ഞ 2 ഐപിഎൽ സീസണിൽ 2 മത്സരങ്ങൾ മാത്രമാണു കൈഫ് കളിച്ചത്. ഏതെങ്കിലും സഹതാരങ്ങൾക്കു പരുക്കേൽക്കുകയോ അല്ലെങ്കിൽ വിശ്രമം അനുവദിക്കുകയോ ചെയ്താൽ മാത്രമാണ് ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തുന്നത്. പക്ഷേ, ഒരിക്കൽപ്പോലും പരാതിപ്പെടാത്ത, കഠിനാധ്വാനിയായ താരമാണ് ഉമേഷ്. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നതു കാണുമ്പോൾ ഏറെ സന്തോഷമുണ്ട്’– വസീം ജാഫർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ. 

 

English Summary: "Fact that he was picked late in the auction might have hurt him" - Mohammad Kaif hails Umesh Yadav's sensational comeback in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com