ADVERTISEMENT

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ തോൽവി രുചിച്ചെങ്കിലും ഫീൽഡിലെ ഊർജസ്വല പ്രകടനത്തിനും ക്രിക്കറ്റിന്റെ സത്ത ഉയർത്തിപ്പിടിച്ചതിനും ചെന്നൈ സൂപ്പര്‍ കിങ്സ് താരം എം.എസ്. ധോണിക്ക് ആരാധകരുടെ പ്രശംസ. പഞ്ചാബ് ബാറ്റിങ്ങിനിടെ ലങ്കൻ താരം ഭാനുക രജപക്സയെ പുറത്താക്കിയ ‘മിന്നൽപ്പിണർ’ വേഗത്തിലുള്ള റണ്ണൗട്ട് അതിവേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ധോണിയുടെ അസാധാരണ ഫിറ്റ്നെസ്സ് ലെവലിന്റെയും മനസ്സാന്നിധ്യത്തിന്റെയും മറ്റൊരു ഉദാഹരണമായിരുന്നു ഈ റണ്ണൗട്ട്. സംഭവം ഇങ്ങനെ,

2-ാം ഓവറിൽ ക്രിസ് ജോർദാന്റെ പന്ത് ലോങ് ഓണിലേക്കു കളിച്ച രജപക്സ റണ്ണിനായി ഓടി. എന്നാൽ നോൺ സ്ട്രൈക്കിങ് എൻഡിൽനിന്ന ധവാൻ റണ്ണിനായി ഓടാതെ രജപക്സയെ തിരിച്ചയച്ചു. 

ഇതിനകം പന്തു ലഭിച്ച ജോർദാൻ അതു വിക്കറ്റിനു പിന്നിൽ നിലയുറപ്പിച്ചിരുന്ന ധോണിക്കുനേരെ എറിഞ്ഞു. പന്തുമായി സ്റ്റംപ് ലക്ഷ്യമാക്കി ഡൈവ് ചെയ്തെങ്കിലും പന്തു സ്റ്റംപിൽ കൊള്ളിക്കാനാകില്ലെന്നു ബോധ്യമായതോടെ ചാട്ടത്തിനിടെത്തന്നെ ധോണി പന്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞു. രജപക്സ റണ്ണൗട്ട്!

ഇതിനു പിന്നാലെ ധോണിയെ സാക്ഷാൽ സൂപ്പർ മാനോട് ഉപമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തെത്തി.  40–ാം വയസ്സിലും ശാരീരികക്ഷമതയിൽ ഏറെ മുന്നിലുള്ള ധോണി സഹ താരങ്ങൾക്ക് ഉത്തമ മാതൃകയാണെന്ന് ഒട്ടേറെ ആരാധകർ അഭിപ്രായപ്പെട്ടു. പിന്നീട് ഡ്വെയ്ൻ പ്രിട്ടോറിയസ് എറിഞ്ഞ 8–ാം ഓവറിൽ സംശയം എന്നു തോന്നിയ ക്യാച്ച് 3–ാം അംപയറുടെ തീരുമാനത്തിനു വിട്ടും ധോണി ആരാധകരുടെ കൈയടി വാങ്ങി. 

പഞ്ചാബ് താരം ലിയാം ലിവിങ്സ്റ്റന്റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റിനു പിന്നിൽ ധോണി പിടിച്ചെങ്കിലും ഗ്ലൗസിൽനിന്ന് ഊർന്നിറങ്ങി നിലത്തുതട്ടി. സഹതാരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും പന്തു നിലത്തുതട്ടിയെന്നു സംശയം തോന്നിയതോടെ ധോണി തീരുമാനം 3–ാം അംപയറിനു വിടാൻ ഫീൽഡ് അംപയറോട് അഭ്യർഥിച്ചു.

വിഡിയോ ദൃശ്യങ്ങളിൽ പന്തു നിലത്തുതട്ടിയെന്നു ബോധ്യമായതോടെ ലിവിങ്സ്റ്റൻ ഔട്ടല്ലെന്നായിരുന്നു 3–ാം അംപയറുടെ തീരുമാനം. ബാറ്റർമാർ‌ നിറം മങ്ങിയ മത്സരത്തിൽ പഞ്ചാബിനോട് ചെന്നൈ 54 റൺസിനു തോറ്റിരുന്നു. 

 

English Summary: MS Dhoni dubbed 'Superman' by internet after incredible stumping in PBKS vs CSK clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com