ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു പന്തുകൾ ബാക്കി നിൽക്കെ റോയൽ ചാലഞ്ചേഴ്സ് മറികടന്നു. 62 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെട്ട ബാംഗ്ലൂരിനെ ഷഹബാസ് അഹമ്മദിന്റെയും ദിനേഷ് കാർത്തിക്കിന്റെയും തകർപ്പൻ ബാറ്റിങ് പ്രകടനമാണു വിജയത്തിലേക്കെത്തിച്ചത്.

26 പന്തുകൾ നേരിട്ട ഷഹബാസ് 45 റൺസെടുത്താണു പുറത്തായത്. 23 പന്തിൽ 44 റൺസെടുത്തു പുറത്താകാതെ നിന്ന കാർത്തിക്ക് അവസാന പന്ത് സിക്സ് പായിച്ച് ടീമിന്റെ വിജയം കുറിച്ചു. ബാംഗ്ലൂരിനായി ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും അനൂജ് റാവത്തും മികച്ച തുടക്കമാണു നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ട് തീർത്തു. 20 പന്തിൽ 29 റൺസെടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റനെ യുസ്‍വേന്ദ്ര ചെഹല്‍ പുറത്താക്കി. തുടർന്ന് എട്ട് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ പിഴുത് രാജസ്ഥാൻ മത്സരത്തിലേക്കു തിരിച്ചെത്തി. അനൂജ് റാവത്ത് (25 പന്തിൽ 26), വിരാട് കോലി (5), ഡേവിഡ് വില്ലി (പൂജ്യം) എന്നിവരാണു പുറത്തായത്.

സ്കോർ 87 ൽ നിൽക്കെ ഷെർഫെയ്ൻ റുഥർഫോർഡും (5) പുറത്തായി. തുടർന്നായിരുന്നു ഷഹബാസിന്റെയും ദിനേഷ് കാർത്തിക്കിന്റേയും വെടിക്കെട്ട് ബാറ്റിങ്. അതിവേഗം കളിയുടെ ഗതിമാറ്റിയ താരങ്ങൾ മത്സരം ബാംഗ്ലൂരിന്റെ കൈകളിലെത്തിച്ചു. 18–ാം ഓവറിൽ ഷഹബാസ് പുറത്തായെങ്കിലും അപ്പോഴേക്കും ബാംഗ്ലൂര്‍ സുരക്ഷിത നിലയിലെത്തിയിരുന്നു. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ടും ചെഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നവ്ദീപ് സെയ്നി ഒരു വിക്കറ്റും സ്വന്തമാക്കി.

രാജസ്ഥാന്‍ മൂന്നിന് 169

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. പൊതുവെ തകർത്തടിക്കുന്ന ബട്‍ലറിന് അതേ മികവു പുറത്തെടുക്കാനായില്ലെങ്കിലും അവസാന ഓവറുകളിലെ ബാറ്റിങ് വെടിക്കെട്ട് സഹിതം 47 പന്തിൽ നേടിയത് 70 റൺസ്. ആറു സിക്സറുകൾ സഹിതമാണ് ബട്‍ലർ 70 റൺസെടുത്തത്.

devdutt-padikkal-buttler
ദേവ്ദത്ത് പടിക്കലും ജോസ് ബട്‍ലറും ബാറ്റിങ്ങിനിടെ (ട്വിറ്റർ ചിത്രം)

ദേവ്ദത്ത് പടിക്കൽ 37 റൺസെടുത്തും ഷിമ്രോൺ ഹെറ്റ്മെയർ പുറത്താകാതെ 42 റൺസെടുത്തും ബട്‍ലറിന് പിന്തുണ നൽകി. 20 പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതമാണ് പടിക്കൽ 37 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട ഹെറ്റ്മെയർ നാലു ഫോറും രണ്ടു സിക്സും കണ്ടെത്തി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ (ആറു പന്തിൽ നാല്), ക്യാപ്റ്റൻ സഞ്ജു സാംസൺ (എട്ടു പന്തിൽ എട്ട്) എന്നിവർ നിരാശപ്പെടുത്തി. വാനിന്ദു ഹസരംഗയ്‌ക്കെതിരെ നിരാശപ്പെടുത്തുന്ന റെക്കോർഡുള്ള സഞ്ജു, അതിന്റെ തുടർച്ചയായി ഇത്തവണയും ഹസരംഗയുടെ പന്തിൽ അനായാസ ക്യാച്ച് സമ്മാനിച്ച് പുറത്തായി. ഹസരംഗയ്ക്കെതിരെ ട്വന്റി20യിൽ അഞ്ച് ഇന്നിങ്സുകളിലായി 15 പന്തുകൾ നേരിട്ട സഞ്ജു ആകെ നേടിയത് എട്ടു റൺസ്. നാലു തവണ പുറത്തുമായി.

സ്കോർ ബോർഡിൽ ആറു റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമാക്കിയ രാജസ്ഥാന് രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലിനൊപ്പവും പിരിയാത്ത നാലാം വിക്കറ്റിൽ ഷിമ്രോൺ ഹെറ്റ്മെയറിനൊപ്പവും ജോസ് ബട്‍ലർ പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ 49 പന്തിൽനിന്ന് 70 റൺസടിച്ചാണ് ജോസ് ബട്‍ലർ – പടിക്കൽ സഖ്യം രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ടത്. പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും അവസാന രണ്ട് ഓവറിൽ അടിച്ചുകൂട്ടിയ 42 റൺസ് സഹിതം പിരിയാത്ത നാലാം വിക്കറ്റിൽ 51 പന്തിൽനിന്ന് 83 റൺസടിച്ച് ജോസ് ബട്‍ലർ – ഹെറ്റ്മെയർ സഖ്യം രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചു.

ബാംഗ്ലൂരിനായി നാല് ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ പ്രകടനം ശ്രദ്ധേയമായി. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലി, നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗ എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. അതേസമയം, നാല് ഓവറിൽ 44 റൺസ് വഴങ്ങിയ ആകാശ് ദീപ്, നാല് ഓവറിൽ 43 റൺസ് വഴങ്ങിയ മുഹമ്മദ് സിറാജ് എന്നിവർ നിരാശപ്പെടുത്തി.

English Summary: Rajasthan Royals vs Royal Challengers Bangalore, 13th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com