ADVERTISEMENT

പഞ്ചാബ് കിങ്സിനെതിരെ വെള്ളിയാഴ്ച രാത്രി ഗുജറാത്ത് ടൈറ്റൻസ് വിജയം നേടുമ്പോൾ, ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഡഗ്ഔട്ടില്‍ തലയിൽ കൈവച്ച് ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഗ്രൗണ്ടിൽ വൈകാരിക പ്രകടനങ്ങൾക്കു പേരുകേട്ട പാണ്ഡ്യ, രാഹുൽ തെവാത്തിയ എന്ന ഓൾ റൗണ്ടറുടെ അവിശ്വസനീയ പ്രകടനത്തിൽ ഞെട്ടിയിരിക്കാം. അതാണ് തെവാത്തിയ, ബൗണ്ടറികള്‍ കണ്ടെത്താന്‍ മിടുക്കനായ ക്യാപ്റ്റനടക്കം പരാജയപ്പെട്ട ഇടത്ത് ചിലപ്പോഴൊക്കെ അയാൾ അങ്ങ് അടിച്ചു കയറും. ബാറ്റുകൊണ്ടും പന്തുകൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളില്ലെന്നു പഴികേട്ട താരം. പക്ഷേ ഒരു സീസണിലേക്ക് ഓർത്തുവയ്ക്കാൻ അത്രയും ആവേശം നിറഞ്ഞ പ്രകടനം ഒരു മത്സരത്തിൽ അദ്ദേഹം സൃഷ്ടിച്ചിട്ടുമുണ്ടാകും. പഞ്ചാബിനെതിരെ ജയിക്കാൻ‌ വേണ്ട രണ്ടു പന്തുകളിലെ 12 റൺസ് എന്ന ലക്ഷ്യം എത്ര കൃത്യതയോടെയാണ് അദ്ദേഹം ബൗണ്ടറി കടത്തിയത്.

‌ഇതാദ്യമായല്ല തെവാത്തിയ ഓരോ പന്തും നിർണായകമായ ട്വന്റി20 ക്രിക്കറ്റിൽ അദ്ഭുതങ്ങൾ കാണിക്കുന്നത്. ‌മുൻപ് രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുമ്പോഴും പഞ്ചാബ് കിങ്സിനെതിരെ ഇതിലും വലിയ പ്രകടനം തെവാത്തിയ നടത്തിയിട്ടുണ്ട്. 2020 ഐപിഎല്ലിൽ ഷാർജ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സിക്സുകളാണ് ഷെൽഡൻ കോട്രലെന്ന വിൻഡീസ് ബോളറുടെ ഓവറിൽ തെവാത്തിയ അടിച്ചുകൂട്ടിയത്. ഇത്തവണയും തെവാത്തിയയുടെ പ്രഹരത്തിന് ഇരയായത് മറ്റൊരു വിൻഡീസ് ബോളര്‍ തന്നെ, ഓഡിൻ സ്മിത്ത്.

thewatia-123
പഞ്ചാബിനെതിരെ തെവാത്തിയയുടെ ബാറ്റിങ്

ശുഭ്മൻ തുടങ്ങി, ആറാടി അവസാനിപ്പിച്ച് തെവാത്തിയ

ശുഭ്മൻ ഗിൽ തുടങ്ങിവച്ച ബാറ്റിങ് വെടിക്കെട്ട് രാഹുൽ തെവാത്തിയ പൂർത്തിയാക്കിയപ്പോൾ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 6 വിക്കറ്റിന്റെ നാടകീയ ജയമാണു സ്വന്തമാക്കിയത്. 59 പന്തിൽ 96 റൺസുമായി ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ലായ ശുഭ്മൻ ഗിൽ 19–ാം ഓവറിൽ പുറത്തായതിനുശേഷമാണ് തെവാത്തിയ വെടിക്കെട്ട് തുടങ്ങിയത്. മൂന്ന് പന്തുകൾ മാത്രം നേരിട്ട താരം 13 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയും റണ്ണൗട്ടായതോടെ (27) പഞ്ചാബ് കളി പിടിച്ചെടുക്കുമെന്നു കരുതിയപ്പോഴാണ് തെവാത്തിയ ക്രീസിലെത്തുന്നത്. പിന്നീടു കളി മാറി. അവസാന ഓവറിൽ ജയിക്കാൻ ഗുജറാത്തിന് 19 റൺസാണു വേണ്ടിയിരുന്നത്. 

pandya-1248
രാഹുൽ തെവാത്തിയ മത്സരം ജയിപ്പിച്ചപ്പോൾ ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം

ഒഡിൻ സ്മിത്തിന്റെ ആദ്യ പന്ത് വൈഡ് ആയി ഒരു റൺ കിട്ടി. ഈ ഓവറിലെ അടുത്ത പന്തില്‍ ഹാർദിക് പാണ്ഡ്യ റണ്ണൗട്ടായി. 18 പന്തിൽ 27 റൺസാണ് പാണ്ഡ്യ നേടിയത്. 20–ാം ഓവറിലെ രണ്ടാം പന്തിൽ രാഹുല്‍ തെവാത്തിയ ഒരു റൺസ് നേടി. തൊട്ടടുത്ത പന്തിൽ ഡേവിഡ് മില്ലർ ഫോർ അടിച്ചു. നാലാം പന്തിലും ഒരു റൺ മാത്രം ലഭിച്ചതോടെ ജയിക്കാൻ ഗുജറാത്തിന് വേണ്ടിയിരുന്നത് രണ്ട് പന്തിൽ 12 റൺസ്, ക്രീസിലുള്ളത് തെവാത്തിയ. 20–ാം ഓവറിലെ അഞ്ചാം പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ ഫീൽഡറുടെ ക്യാച്ചിനുള്ള ശ്രമം വിഫലമാക്കി കൊണ്ട് ഒരു സിക്സർ. തൊട്ടടുത്ത പന്ത് ലോങ് ഓണിനു മുകളിലൂടെ ഗ്യാലറിയിലേക്കു പറത്തിയ സിക്സർ, ഇതോടെ ഗുജറാത്തിന് തുടർച്ചയായ മൂന്നാം ജയവും പോയിന്റ് പട്ടികയിൽ ആറു പോയിന്റോടെ രണ്ടാം സ്ഥാനവും ലഭിച്ചു.

tewatia-miller
ഡേവിഡ് മില്ലറും രാഹുൽ തെവാത്തിയയും

ജയിക്കാൻ അഞ്ചോ, ആറോ റൺസ് അവസാന പന്തിൽ വേണമെന്നിരിക്കെ സിക്സ് അടിച്ചു കളി ജയിപ്പിച്ച ഐപിഎൽ താരങ്ങളില്‍ നാലാമനാണ് തെവാത്തിയ. മുൻപ് ഇങ്ങനെ കളി മാറ്റിയിട്ടുള്ളത് ഡ്വെയ്ൻ ബ്രാവോയും എം.എസ്. ധോണിയും കെ.എസ്. ഭരതും മാത്രമാണ്. അവസാന രണ്ടു പന്തുകളിൽ 12 റൺസ് വിജയ ലക്ഷ്യം സിക്സർ പറത്തി ജയിച്ചിട്ടുള്ള മറ്റൊരു താരം സാക്ഷാൽ ധോണിയാണ്. 2016ല്‍ റൈസിങ് പുണെ സൂപ്പർ ജയന്റ്സ് ടീമിൽ കളിക്കുന്ന കാലത്ത് പഞ്ചാബ് കിങ്സിന്റെ അക്സർ പട്ടേൽ എറിഞ്ഞ ഒടുവിലത്തെ രണ്ടു പന്തുകളിലാണ് ധോണി സിക്സടിച്ച് ജയിപ്പിച്ചിട്ടുള്ളത്. 

രാജസ്ഥാനും പഞ്ചാബും നേർക്കു നേർ, അന്നു സംഭവിച്ചത്

2020ലും പഞ്ചാബിനെതിരെ തെവാത്തിയ സഹതാരങ്ങളെയും ആരാധകരെയും ഞെട്ടിച്ചൊരു പ്രകടനം നടത്തിയിരുന്നു. ഷാർജയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിങ്സ് ഇലവൻ പഞ്ചാബ് മായങ്ക് അഗർവാളിന്റെ സെഞ്ചുറിയുടെയും കെ.എൽ. രാഹുലിന്റെ അർധസെഞ്ചുറിയുടെയും കരുത്തിൽ രാജസ്ഥാന് മുന്നിലുയർത്തിയത് 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമായിരുന്നു. മറുപടി ബാറ്റിങ്ങിൽ സ്റ്റീവ് സ്മിത്ത് – സഞ്ജു സാംസൺ കൂട്ടുകെട്ട് രാജസ്ഥാനെ കൈപിടിച്ചു. 40 പന്തിൽനിന്ന് 81 റൺസടിച്ച ഇവരുടെ കൂട്ടുകെട്ട് ആവശ്യമായ റൺറേറ്റിനും മുകളിലാണ് മുന്നേറിയത്. ഒൻപതാം ഓവറിന്റെ അവസാന പന്തിൽ ജിമ്മി നീഷമിന് സീസണിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് സ്റ്റീവ് സ്മിത്ത് കൂടാരം കയറിയതോടെയാണ് ഷാർജയിലെ ‘തെവാത്തിയ ഷോ’ ആരംഭിക്കുന്നത്. നേരിട്ട രണ്ടാം പന്തിൽ സിംഗിൾ നേടിയാണ് തെവാത്തിയ ബാറ്റിങ് തുടങ്ങിയത്. ഓവറിൽ 10 റൺസിനു മുകളിൽ റൺസ് വേണ്ട ഘട്ടത്തിൽ തെവാത്തിയയെ ബാറ്റിങ് ഓർഡറിൽ പ്രമോട്ട് ചെയ്തത് ചിലരുടെയെങ്കിലും നെറ്റി ചുളിപ്പിച്ചിരുന്നു.

ബിഗ് ഹിറ്ററെന്ന നിലയിൽ കളത്തിലിറക്കിയ തെവാത്തിയ പന്ത് തൊടാനാകാതെ വലഞ്ഞതോടെ രാജസ്ഥാന്റെ റൺറേറ്റ് കുത്തനെ ഇടിഞ്ഞു. ഒൻപത് ഓവറിൽ രണ്ടിന് 100 റൺസെന്ന നിലയിലായിരുന്ന രാജസ്ഥാൻ, 15 ഓവർ പൂർത്തിയാകുമ്പോൾ രണ്ടിന് 140 റൺസ് എന്ന നിലയിലായിരുന്നു. ഇന്നിങ്സിന്റെ മധ്യത്തിൽ ആറ് ഓവറിൽനിന്ന് പിറന്നത് വെറും 40 റൺസ്! സഞ്ജുവിന്റെ ബാറ്റിങ്ങിൽ പ്രതീക്ഷവച്ച ആരാധകരെ ഞെട്ടിച്ചാണ് 17–ാം ഓവർ ബോൾ ചെയ്യാൻ മുഹമ്മദ് ഷമിയെത്തുന്നത്. കുത്തിയുയർന്ന ആദ്യ പന്തിൽ ബാറ്റുവച്ച സഞ്ജുവിന് പിഴച്ചു. കെ.എൽ. രാഹുലിന് ക്യാച്ച് നൽകി പുറത്ത്. അവസാന മൂന്ന് ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 51 റണ്‍സ്! തോൽവി ഉറപ്പിച്ച രാജസ്ഥാൻ ആരാധകർ തെവാത്തിയയെ പഴിച്ചിരിക്കാം. വില്ലൻ നായകനായി മാറുന്ന ആന്റി ക്ലൈമാക്സിന്റെ ലക്ഷണത്തോടെയാണ് ഷെൽഡൺ കോട്രലിന്റെ 18–ാം ഓവർ ആരംഭിച്ചത്. ആദ്യ പന്ത് ബാക്ക്‌വാഡ് സ്ക്വയർ ലെഗ്ഗിലൂടെ ഒരു ഫ്ലാറ്റ് സിക്സ്. രണ്ടാം പന്തും ബാക്ക്‌വാഡ് സ്ക്വയർ ലെഗ്ഗിലൂടെ പുൾ ചെയ്തത് ഗാലറിയിൽ. അപ്പോഴും തെവാത്തിയയിൽ ആരാധകർക്ക് വിശ്വാസമുണ്ടായിരുന്നില്ല.

rahul-tewatia-rr-1248
രാജസ്ഥാൻ റോയൽസിൽ തെവാത്തിയയുടെ ബാറ്റിങ്

മൂന്നാം പന്ത് ലോങ് ഓഫിനു മുകളിലൂടെ ലോഫ്റ്റ് ചെയ്തത് നിലംതൊടാതെ ബൗണ്ടറി കടന്നു. ലോ ഫുൾടോസായെത്തിയ നാലാം പന്ത് മിഡ്‌വിക്കറ്റിനു മുകളിലൂടെ പറന്നു. അഞ്ചാം പന്തിലും ആഞ്ഞുവീശിയ തെവാത്തിയയ്ക്ക് പിഴച്ചു. പന്തിൽ തൊടാനായില്ല. ആറാം പന്ത് വീണ്ടും സിക്സ്. ഇക്കുറി മിഡ്‌വിക്കറ്റിനു മുകളിലൂടെ പന്ത് ഗാലറിയിൽ. കോട്രലിന്റെ ഒരു ഓവറിൽ ഒരു ഓവറിൽ പിറന്നത് 30 റൺസ്!... മുഹമ്മദ് ഷമി എറിഞ്ഞ അടുത്ത ഓവറിലും തെവാത്തിയ സിക്സ് അടിച്ചു. 19 പന്തിൽ എട്ടു റൺസുമായി നിന്ന തെവാത്തിയ 30 പന്തിൽ അർധസെഞ്ചുറി പിന്നിട്ടു! 19–ാം ഓവറിന്റെ അവസാന പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയെങ്കിലും അപ്പോഴേക്കും വിജയലക്ഷ്യം ഒരു ഓവറിൽ രണ്ട് റൺസായി കുറഞ്ഞിരുന്നു. 31 പന്തിൽ ഏഴു പടുകൂറ്റൻ സിക്സറുകൾ സഹിതം 53 റൺസെടുത്താണ് ഈ മത്സരത്തിൽ തെവാത്തിയ മടങ്ങിയത്.

English Summary: 12 needed off 2 balls, Rahul Tewatia repeats MS Dhoni's rare feat with 2 incredible sixes, Gujarat Titans win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com