ADVERTISEMENT

മുംബൈ∙ അരങ്ങേറ്റമായാൽ ഇങ്ങനെ വേണം! അവസാന ഓവറിൽ ലക്നൗവിനു ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ, പവർ ഹിറ്റിങ്ങിനു പേരുകേട്ട ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസ്സിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ച് രാജസ്ഥാനെ വിജയത്തേരിലേറ്റിയ മധ്യപ്രദേശിന്റെ അതിവേഗക്കാരൻ പേസർ കുൽദീപ് സെന്നിനെ ഒരൊറ്റ രാത്രികൊണ്ട് നെഞ്ചിലേറ്റിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ആരാധകര്‍, ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. 

രാജസ്ഥാനെതിരെ അവസാന 2 ഓവറുകളിൽ, 2 വിക്കറ്റ് ശേഷിക്കെ, 34 റൺസാണു ലക്നൗവിനു വിജയത്തിലെത്താൻ വേണ്ടിയിരുന്നത്. സ്ട്രൈക്ക് ബോളർ പ്രസിദ്ധ് കൃഷ്ണയ്ക്കും കുൽദീപ് സെന്നിനും ഓരോ ഓവർ വീതം ബാക്കിയുണ്ട്. 19–ാം ഓവർ പ്രസിദ്ധ് ബോൾ ചെയ്യട്ടെയെന്നു ക്യാപ്റ്റൻ സഞ്ജുവിന്റെ തീരുമാനം. 2 സിക്സും ഒരു ഫോറും അടക്കം 19 റണ്‍സാണ് പ്രസിദ്ധ് ആ ഓവറിൽ വഴങ്ങിയത്.

മികച്ച ടച്ചിലുള്ള സ്റ്റോയിനിസ്സിനെതിരെ 20–ാം ഓവറിൽ 15 റൺസ് പ്രതിരോധിക്കുക എന്ന ശ്രമകരമായ ദൗത്യം, ഐപിഎല്ലിലെ ആദ്യ മത്സരത്തിൽത്തന്നെ ഏറ്റെടുത്താണു കുൽദീപ് ബോളിങ്ങിന് എത്തിയത്.

ആദ്യ പന്തിൽ ആവേശ് ഖാൻ സിംഗിൾ നേടിയതോടെ ലക്നൗ ജയത്തിനു വേണ്ടത് 5 പന്തിൽ 14 റൺസ്. 3 ഷോട്ടിൽ കളി തീർക്കാൻ മികവുള്ള സ്റ്റോയ്നിസ് സ്ട്രൈക്കിലും. രാജ്യാന്തര പ്ലാറ്റ്ഫോമിൽ കളിച്ചു പരിചയമില്ലാത്ത കുൽദീപിനെ സ്റ്റോയ്നിസ് ‘ഫിനിഷ് ചെയ്യുമെന്നു’ ലക്നൗ ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്ന നിമിഷങ്ങൾ.

എന്നാൽ പിന്നീടുള്ള 3 പന്തുകളിൽ കുൽദീപ് സെൻ തന്റെ ക്ലാസ് കാട്ടിത്തന്നു. സമ്മർദത്തെ അതിജീവിച്ച്, സ്റ്റോയ്നിസ്സിനെ നിസ്സഹായനാക്കി തുടർച്ചയായി കുൽദീപിന്റെ 3 ഡോട് ബോളുകൾ. 

അതോടെ ലക്നൗവിനു വേണ്ടത് 2 പന്തിൽ 14 എന്ന അസാധ്യ ലക്ഷ്യം. വിജയം ഉറപ്പിച്ച രാജസ്ഥാൻ താരങ്ങൾ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് എക്സ്ട്ര റൺസ് വഴങ്ങാതിരിക്കാനുള്ള ശ്രമത്തിൽ ബോൾ ചെയ്ത കുൽദീപിനെ 5–ാം പന്തിൽ സ്റ്റോയ്നിസ് ഫോറടിച്ചെങ്കിലും ധാർമിക വിജയം അപ്പോഴും കുൽദീപിനൊപ്പമായിരുന്നു. 

സ്റ്റോയ്നിസ്സിന്റെ ബാറ്റിൽ ഉരസിയ പന്ത്, വിക്കറ്റിനു പിന്നിലൂടെയാണു ബൗണ്ടറി കടന്നത്. അവസാന പന്തിൽ ലെങ്ത് പിഴച്ച കുൽദീപിനെ സ്ക്വയർ ലെഗ് ബൗണ്ടറിക്കു മുകളിലൂടെ സ്റ്റോയ്നിസ് സിക്സറിനു പറത്തിയെങ്കിലും ലക്നൗവിന്റെ പരാജയഭാരം കുറയ്ക്കാൻ മാത്രമേ അത് ഉപകരിച്ചുള്ളു. അപ്പോഴും, അവസാന ഓവർ എറിയാനെത്തിയ അതേ ഭാവംതന്നെയായിരുന്നു കുൽദീപിന്റെ മുഖത്ത്!

ബോൾ ചെയ്യാനെത്തിയ ആദ്യ ഓവറിൽത്തന്നെ വേഗം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചാണു കുൽദീപ് തുടങ്ങിയത്. കുൽദീപിന്റെ 146.5 മീറ്റർ വേഗത്തിൽ മൂളിപ്പറന്ന യോർക്കർ ക്വിന്റൻ ഡി കോക്ക് പണിപ്പെട്ടാണു പ്രതിരോധിച്ചത്. പിന്നീട് ദീപക് ഹൂഡയെ ബോൾഡാക്കി കുൽദീപ് ഐപിഎല്ലിലെ ആദ്യ വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 

4 ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റാണു കുൽദീപ് മത്സരത്തിൽ സ്വന്തമാക്കിയതും.ബാംഗ്ലൂരിനെതിരെ നിറം മങ്ങിയ ഇന്ത്യൻ പേസർ നവ്ദീപ് സെയ്നിക്കു പകരക്കാരനായാണ് കുൽദീപ് സെൻ ലക്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ടീമിൽ ഇടംപിടിച്ചത്. 

ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായി കളിക്കുന്ന 25 കാരൻ പേസറെ മെഗാ താരലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണു രാജസ്ഥാൻ സ്വന്തമാക്കിയത്. ട്വന്റി20 ക്രിക്കറ്റിൽ 18 കളിയിൽ 8.20 ഇക്കോണമി നിരക്കിൽ 12 വിക്കറ്റാണ് ഇതുവരെയുള്ള സമ്പാദ്യം. നേഥൻ കൂൾട്ടർനൈൽ പരുക്കേറ്റു മടങ്ങിയ സാഹചര്യത്തിൽ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്കു ശേഷം രാജസ്ഥാന്റെ 5–ാം ബോളർ പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും കുൽദീപിനു പരിഹരിക്കാനാകുമെന്ന് വിശ്വസിക്കാം! 

 

English Summary: IPL 2022; 'Calm' Kuldeep Sen helps RR pull off thrilling win over LSG

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com