ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 193 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോ‌ൾ രവിചന്ദ്രൻ അശ്വിനെ വൺഡൗണാക്കിയ രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കറും ഓസീസ് ഓൾറൗണ്ടർ ബെൻ കട്ടിങ്ങും. ഓപ്പണർ ദേവ്ദത്ത് പടിക്കൽ പുറത്തായതിനു പിന്നാലെയാണ് ക്യാപ്റ്റൻ സഞ്ജു സാംസണിനു പകരം അശ്വിനെ രാജസ്ഥാൻ കളത്തിലിറക്കിയത്. രാജസ്ഥാന്റെ ‌ഈ നീക്കം തികഞ്ഞ വിഡ്ഢിത്തമായെന്ന് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. മറുവശത്ത് തകർപ്പൻ ഫോമിലായിരുന്ന ജോസ് ബട്‍ലറിനൊപ്പം സഞ്ജു സാംസണിനേപ്പോലെ ഒരു താരമായിരുന്നെ‌ങ്കിൽ രാജസ്ഥാന് മികച്ച തുടക്കം ലഭിക്കുമായിരുന്നുവെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

സഞ്ജുവായിരുന്നു അടുത്തതായി ഇറങ്ങേണ്ടിയിരുന്നത്. പകരം അശ്വിനെ നേരെ മൂന്നാമനായി ബാറ്റിങ്ങിന് അയച്ചു. മറുവശത്ത് ബട്‍ലർ സ്വതസിദ്ധമായ ശൈലിയിൽ തകർത്തടിക്കുകയായിരുന്നു. വന്നപാടെ നാലുപാടും തകർത്തടിക്കുന്ന ആ പഴയ പിഞ്ച് ഹിറ്റർ ശൈലിയിലുള്ള പരീക്ഷണം നമുക്കു മനസ്സിലാക്കാം. പക്ഷേ ഒരു വശത്ത് ബട്‍ലർ തകർത്തടിക്കുമ്പോ‌ൾ അശ്വിനെ ഇറക്കിയത് എന്തൊരു നീക്കമാണ്? ഒട്ടും മനസ്സിലാകുന്നില്ല’ – മഞ്ജരേക്കർ പറഞ്ഞു.

മത്സരത്തിൽ ആകെ ‌എട്ടു പന്തുകൾ മാത്രം നേരിട്ട അശ്വിൻ ഒരു സിക്സ് സഹിതം എട്ടു റൺസെടുത്ത് ഔട്ടായിരുന്നു. അശ്വിനെ മൂന്നാം നമ്പറിൽ അയച്ചതോടെ, ഇത്രയും വലിയ വിജയലക്ഷ്യം മറികടക്കാനുള്ള ആത്മവിശ്വാസം ടീമിനില്ലെന്ന് രാജസ്ഥാൻ റോയൽസ് എതിരാളികൾക്കു മുന്നിൽ സമ്മതിക്കുകയാണ് ചെയ്തതെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

‘ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് എനിക്കു തോന്നിയത്. കാരണം, 215–220 റൺസ് പോലുള്ള വലിയ വിജയലക്ഷ്യം പിന്തുടരുമ്പോ‌ൾ അത്ര എളുപ്പത്തിൽ റണ്ണടിക്കാനാകുമോ എന്ന് സം‌ശയം തോന്നുമ്പോ‌ഴാണ് സാധാരണ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഇവിടെ ബട്‍ലർ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് അശ്വിനെ അയയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇത്ര വലിയ സ്കോർ പിന്തുടാരാനാകുമോയെന്ന് സം‌ശയമുണ്ടെ‌ന്നാണ് ഈ നീക്കത്തിലൂടെ രാജസ്ഥാൻ റോയൽസ് എതിരാളികളോടു സമ്മതിച്ചത്’ – മഞ്ജരേക്കർ പറഞ്ഞു.

‘ഈ നീക്കം തികഞ്ഞ വിഡ്ഢിത്തമായെന്നാണ് എന്റെ അഭിപ്രായം. ഇതിലും മോ‌ശം വാക്കാണ് ഉപയോഗിക്കേണ്ടത്. ഞാനതു ചെയുന്നില്ല’ – മഞ്ജരേക്കർ പറഞ്ഞു.

‘ഇത്തരം പരീക്ഷണങ്ങൾ നിരാശപ്പെടുത്തുന്നു. കളിക്കിടെ സം‌ഭവിക്കുന്ന പാളിച്ചകൾ മനസ്സിലാക്കാം. പക്ഷേ, അശ്വിനെ വൺഡൗണായി അയയ്ക്കുന്നത് അങ്ങനെയാണോ‌? കഴിഞ്ഞ കളിയിൽ  അശ്വിൻ റിയാൻ പരാഗിനു മുൻപ് ബാറ്റിങ്ങിന് വന്നു. സത്യത്തിൽ എന്താണ് സംഭവിക്കുന്നത്?’ – മഞ്ജരേക്കർ ചോദിച്ചു. 

അശ്വിനെ വൺഡൗണായി അയച്ച രാജസ്ഥാന്റെ തീരുമാനം ഞെട്ടിച്ചെന്ന് ഇപ്പോ‌ഴും ട്വന്റി20 ലീഗുകളിൽ സജീവമായ ഓസീസ് താരം ബെൻ കട്ടിങ് പറഞ്ഞു.‌

‘ഞാനും ആ നീക്കത്തിൽ വിസ്മയിച്ചുപോയി. അതിവേഗത്തിൽ റൺസ് സ്കോർ ചെയ്യേ‌ണ്ട സമയത്ത് അശ്വിനെ ഇറക്കിയത് ശരിയായില്ല. ആ സമയത്ത് ഇറക്കാൻ പറ്റിയ കൂടുതൽ നല്ല താരങ്ങൾ തീർച്ചയായും രാജസ്ഥാൻ നിരയിലുണ്ടായിരുന്നു’ – കട്ടിങ് ചൂണ്ടിക്കാട്ടി.

English Summary: ‘Ridiculous and bizarre move’: Sanjay Manjrekar on RR promoting Ashwin at No. 3 ahead of Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com