ADVERTISEMENT

മുംബൈ∙ ഐപിഎലിൽ വെള്ളിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്ക് കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡഗ്ഔട്ടിൽ പതിവിലേറെ ആഘോഷമായിരുന്നു. ഹൈദരാബാദ് ബോളിങ് കോച്ചായ മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നും സ്പിൻ പരിശീലകനായ മുത്തയ്യ മുരളീധരനും തമ്മിലാണ് ആഹ്ലാദം പങ്കിട്ടത്. ടിവി റീപ്ലേകളിൽ ഇതു പലതവണ കാണിച്ചെങ്കിലും ഈ വിക്കറ്റിനു പിന്നിലെ അമിതാഹ്ലാദത്തിന്റെ കാരണം ആർക്കും പിടികിട്ടിയില്ല.

എന്നാൽ മത്സരശേഷം ഡെയ്ൽ സ്റ്റെയ്ൻ തന്നെ ഈ സസ്പെൻസ് പൊട്ടിക്കുകയും ചെയ്തു. താനും മുത്തയ്യ മുരളീധരനും മുഖ്യ പരിശീലകനായ ടോം മൂഡിയും തമ്മിലുള്ള ചെറിയ പന്തയമാണ് ആഘോഷത്തിനു പിന്നിലെ രഹസ്യമെന്ന് സ്റ്റെയ്ൻ വെളിപ്പെടുത്തി. ഇന്നലെ, കൊൽക്കത്ത ഇന്നിങ്സിന്റെ പത്താം ഓവറിൽ ഉമ്രാൻ മാലിക്കിന്റെ ഉജ്വലമായ യോർക്കറിലാണ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ പുറത്തായത്.

ഉമ്രാൻ യോർക്കാർ എറിഞ്ഞാൽ ശ്രേയസ്സിന്റെ വിക്കറ്റ് തെറിക്കുമെന്നു മുത്തയ്യ മുരളീധരൻ മുൻകൂട്ടി പറഞ്ഞിരുന്നതായി സ്റ്റെയ്ൻ വെളിപ്പെടുത്തി. എന്നാൽ യോർക്കർ എറിഞ്ഞാൽ ഉമ്രാന്റെ തലയ്ക്കു മുകളിലൂടെ ഫോർ പോകുമെന്ന് താനും ടോം മൂഡിയും പറഞ്ഞത്. പക്ഷേ മുരളീധരൻ പറഞ്ഞത് ശരിയായെന്നും അതുകൊണ്ടാണ് ശ്രേയസ്സിന്റെ വിക്കറ്റ് വീണതിനു പിന്നാലെ താൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു ആഹ്ലാദം പ്രകടിപ്പിച്ചതെന്നും ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു. ഒരു സ്പിൻ ബോളറായ അദ്ദേഹം ഇങ്ങനെ കൃത്യമായി പ്രവചിക്കുമ്പോൾ താൻ മറ്റെന്താണ് ചെയ്യേണ്ടതെന്നും ഒരു ചെറുചിരിയോടെ സ്റ്റെയ്ൻ ചോദിച്ചു.

മത്സരത്തിൽ, ഏഴു വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്തയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. മറുപടി ബാറ്റിങ്ങിൽ 13 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് വിജയത്തിലെത്തി.

English Summary: Steyn reveals extraordinary story behind celebrating Malik yorker with Murali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com