ADVERTISEMENT

മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പുറത്താകലിനു പിന്നാലെ, ടീം ഡഗൗട്ടിലെത്തി കോച്ച് ബ്രണ്ടൻ മെക്കല്ലവുമായി തർക്കത്തിൽ ഏർപ്പെടുന്ന കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. 

രാജസ്ഥാൻ ഉയർത്തിയ 218 റണ്‍സ് വിജയലക്ഷ്യം 51 പന്തിൽ 85 റൺസ് എടുത്ത ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിൽ വീരോചിതമായി പിന്തുടർന്ന കൊൽക്കത്ത 7 റൺസ് അകലെയാണു പൊരുതി വീണത്. 

രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിന്റെ പന്തിൽ ശ്രേയസ് വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെയാണു രാജസ്ഥാൻ മത്സരത്തിൽ പിടിമുറുക്കിയത്. പുറത്താകലിനു പിന്നാലെ കടുത്ത നിരാശയോടെ ടീം ഡഗൗട്ടിലെത്തിയ ശ്രേയസ് അയ്യർ കൊൽക്കത്ത മുഖ്യ പരിശീലകൻ ബ്രെണ്ടൻ മെക്കല്ലത്തോട് ഫീൽഡിൽ സംഭവിച്ച എന്തോ കാര്യത്തെക്കുറിച്ച് അനിഷ്ടത്തോടെ സംസാരിക്കുന്നതു കാണാമായിരുന്നു. ബാറ്റും ഹെൽമെറ്റും കൈകളിലേന്തിയായിരുന്നു ശ്രേയസ് മെക്കല്ലത്തോടു സംസാരിച്ചത്. ശ്രേയസ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്കു മെക്കല്ലം മറുപടിയും നൽകിയിരുന്നില്ല.

അതേ സമയം മത്സരത്തിലെ തോൽവിക്കു പിന്നാലെ ഐപിഎൽ സീസണിലെ 2–ാം സെഞ്ചുറി കുറിച്ച ജോസ് ബട്‌ലറുടെ പ്രകടനത്തെ ശ്രേയസ് പുകഴ്ത്തുകയും ചെയ്തു. ‘ആരോൺ ഫിഞ്ച് മികച്ച തുടക്കമാണു നൽകിയത്. പക്ഷേ, ഫിഞ്ചിന്റെ പുറത്താകലിനു ശേഷം ഞങ്ങളുടെ റൺറേറ്റ് അൽപം കുറഞ്ഞു. പക്ഷേ കളിയിൽ ഇതൊക്കെ സാധാരണയാണ്. 

മത്സരം അവസാനിക്കുന്നതു വരെ ഞാൻ ബാറ്റു ചെയ്യുക എന്നതായിരുന്നു പദ്ധതി. എനിക്കൊപ്പമുള്ള ആൾ തുടക്കം മുതൽ അടിച്ചു കളിക്കുക എന്നതും. യുസ്‌വേന്ദ്ര ചെഹലുമായായിരുന്നു നിതീഷ് റാണയു‍ടെ മത്സരം. പക്ഷേ, ഷോട്ടിൽ റാണയുടെ ടൈമിങ് പിഴച്ചു. ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കും’– ശ്രേയസ് അയ്യർ പറഞ്ഞു.

ഐപിഎല്ലിൽ ഒട്ടേറെ സമ്മർദങ്ങൾ നേരിടേണ്ടിവരുമെന്നും സമ്മർദങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണു താനെന്നും എതിർ ടീം എത്ര വലിയ സ്കോർ നേടിയാലും അതു പിന്തുടരാൻ എനിക്കും സാധിക്കും എന്നു തെളിയിക്കാനാണു ശ്രമിച്ചതെന്നും ശ്രേയസ് പറഞ്ഞു.

 

 

English Summary: RR vs KKR IPL 2022: Shreyas Iyer argues with coach Brendon McCullum after getting dismissed, video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com