ADVERTISEMENT

മുംബൈ∙ ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ എന്ന പേരിലാണു മുംബൈ ഇന്ത്യൻസ്– ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം അറിയപ്പെടുന്നത്. ഏറ്റവും അധികം ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള ചാംപ്യൻ ടീമുകളാണല്ലോ ചെന്നൈയും മുംബൈയും. എന്നാൽ പോയിന്റ് പട്ടികയുടെ ഏറ്റവും ഒടുവിലാണ് ഇരു ടീമുകളുടെയും സ്ഥാനം എന്നതിനാൽ പോരാട്ടത്തിന് പഴയ ‘വീര്യം’ ഇക്കുറി ആരാധകരും പ്രതീക്ഷിക്കുന്നില്ല.

തുടർച്ചയായി 6 മത്സരങ്ങൾ തോറ്റ മുംബൈ പട്ടികയിൽ ഏറ്റവും ഒടുവിലാണ്. ഒരു മത്സരം മാത്രം ജയിക്കാനായ ചെന്നൈയുടെ സ്ഥിതിയിലും കാര്യമായ മെച്ചമില്ല. ഇനിയുള്ള 8 മത്സരങ്ങളും ജയിക്കുക എന്ന കാര്യം മുംബൈ ഇന്ത്യൻസിന്റെ മനസ്സിലില്ലെന്ന് ടീമിലെ വെറ്ററൻ പേസർ ജെയ്ദേവ് ഉനദ്കട്ട് വ്യാഴാഴ്ച നടക്കുന്ന മുംബൈ– ചെന്നൈ മത്സരത്തിനു മുന്നോടിയായി നടത്തിയ മാധ്യമ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. 

‘ഇപ്പോൾ ടൂർണമെന്റിലെ മറ്റു സാധ്യതകളെപ്പറ്റി വ്യാകുലപ്പെടുന്നതിൽ വലിയ കാര്യമില്ല. ഒരു മത്സരം ജയിക്കുന്ന കാര്യമാണ് തൽക്കാലം ആലോചിക്കുന്നത്. ഒരു കളി ജയിക്കുകയും ഞങ്ങളുടെ ചെറിയ പിഴവുകൾ തിരുത്താൻ സാധിക്കുകയും ചെയ്യുകയും സാധിച്ചാൽ ടൂർണമെന്റിലെ ഫോം മാറ്റി മറിയ്ക്കാൻ ഞങ്ങൾക്കു കഴിയും.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം മുന്നേറ്റങ്ങൾ നടത്തിയ ടീമുകളാണു മുംബൈയും ചെന്നൈയും എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണു മുംബൈ– ചെന്നൈ മത്സരം എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്നത്. ഐപിഎല്ലിനെ ഐപിഎൽ ആക്കിയത് മുംബൈയും ചെന്നൈയുമാണ്. ചെന്നൈയ്ക്കെതിരെ ഞങ്ങള്‍ മികച്ച പ്രകടനംതന്നെ പുറത്തെടുക്കും’– ഉനദ്കട്ട് പറഞ്ഞു.

ഐപിഎൽ മെഗാ താരലേലത്തിൽ 1.3 കോടി രൂപ  മുടക്കിയാണ് ഉനദ്കട്ടിനെ മുംബൈ ടീമിലെടുത്തത്. സീസണിലെ 3 മത്സരങ്ങളിൽ താരം 4 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.‘മുൻ വർഷങ്ങളിലും ഇത്തരം വെല്ലുവിളികൾ മുംബൈ അതിജീവിച്ചതാണ്. സന്ദർഭങ്ങളെ എങ്ങനെ നേരിടണമെന്നു രോഹിത് ഭായിക്കറിയാം.ശാന്തരായി മത്സരത്തെ നേരിടുക എന്നതേ ഞങ്ങൾക്കു ചെയ്യാനുള്ളു’– ഉനദ്കട്ട് കൂട്ടിച്ചേർത്തു.

 

English Summary: MI vs CSK IPL 2022: Pacer Jaydev Unadkat says Mumbai Indians only looking to get ‘off the mark’ first

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com