ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ കടുത്ത ഫോം നഷ്ടത്തിലൂടെ കടന്നു പോകുകയാണു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ നായകൻ വിരാട് കോലി. സീസണിലെ ആദ്യ മത്സരത്തിൽത്തന്നെ പുറത്താകാതെ 41 റൺസ് നേടിയ കോലി, പിന്നീടുള്ള 7 ഇന്നിങ്സിൽ നേടിയത് 79 റൺസാണ്. മുംബൈയ്ക്കെതിരെ നേടിയ 48 റൺസും ഇതിൽ ഉൾപ്പെടും.

ലക്നൗ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കെതിരെ, തുടർച്ചയായ മത്സരങ്ങളില്‍ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്താകുകയും ചെയ്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന, സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിരുന്ന കോലിയുടെ ഫോം നഷ്ടമാണു ക്രിക്കറ്റ് വിദഗ്ധരെയും ആരാധകരെയും ഇപ്പോൾ ഒരുപോലെ കുഴക്കുന്നത്.

അതിനിടെ, വിരാട് കോലിയുടെ ഫോം നഷ്ടത്തെപ്പറ്റി മുൻ പാക്ക് പേസർ മുഹമ്മദ് ആസിഫ് കഴിഞ്ഞ വർഷം നടത്തിയ പ്രവചനം വീണ്ടും ചികഞ്ഞെടുത്തിരിക്കുകയാണ് ഒരുപറ്റം ആരാധകർ. ഫോം ഒരിക്കൽ നഷ്ടമായാൽ, കോലിക്കു പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് ആസിഫ് അന്നു പറഞ്ഞത്. 

2019 നവംബറിനു ശേഷം കോലിക്ക് രാജ്യാന്തര സെഞ്ചുറി കുറിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ സെഞ്ചുറി വരൾച്ചയ്ക്കിടെയും, ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും മികച്ച ബാറ്റിങ് ശരാശരി നിലനിർത്താൻ കോലിക്കു കഴിഞ്ഞിരുന്നു. പക്ഷേ, ഐപിഎൽ സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെടുന്നതോടെയാണ്, 2021ൽ കോലിയെപ്പറ്റി ആസിഫ് പറഞ്ഞ വാക്കുകൾ സത്യമാകുകയാണോ എന്ന് ക്രിക്കറ്റ് ആരാധകർ പരസ്പരം ചോദിക്കുന്നത്. 

കവർഡ്രൈവ് ക്രിക്കറ്റിന്റെ യുട്യൂബ് ചാനലിൽ 2021ൽ ആസിഫ് അഭിപ്രായപ്പെട്ടത് ഇങ്ങനെ, ‘ബോട്ടം ഹാൻഡ് പ്ലെയറാണു കോലി. ഫിറ്റ്നെസ്സ് നിലനിർത്താനാകുന്നതുകൊണ്ടാണു കോലി ഉജ്വല ഫോം തുടരുന്നത്. എന്നാൽ ഫോം ഒരിക്കൽ നഷ്ടമായാൽ പിന്നീട് കോലിക്കൊരു തിരിച്ചുവരവ് ഉണ്ടാകും എന്നു ഞാൻ കരുതുന്നില്ല’.

അതേ സമയം കാര്യങ്ങൾ ഇപ്പോഴും വിരാട് കോലിയുടെ വരുതിയിൽത്തന്നെയാണെന്നും മോശം സമയത്തെ പിന്നിലാക്കാൻ കോലിക്ക് ഒരൊറ്റ ഇന്നിങ്സ് മതിയെന്നും ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം ബാംഗ്ലൂർ മുഖ്യ പരിശീലകൻ സഞ്ജയ് ബംഗാർ അഭിപ്രായപ്പെട്ടിരുന്നു. രാജസ്ഥാനെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ കോലി ഫോം വീണ്ടെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബാംഗ്ലൂർ ആരാധകർ.

 

English Summary: 'Don't think he can make comeback': Ex-Pakistan pacer's old remark goes viral amid Kohli's poor run of form in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com