ADVERTISEMENT

മുംബൈ∙ ഐപിഎൽ 2021 സീസണില്‍ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി പ്രശ്സ്തിയുടെ കൊടിമുടിയിൽ ഏറുന്നതിനു മുൻപു താൻ നേരിട്ട മോശം കാലത്തെക്കുറിച്ചും ദുരനുഭവത്തെക്കുറിച്ചും തുറന്നു പറഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഓൾറൗണ്ടർ ഹർഷൽ പട്ടേൽ.

32 വിക്കറ്റോടെ 2021 സീസണിലെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ ഹർഷലിനെ ഐപിഎൽ 2022 ലെ മെഗാ താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ വീണ്ടും ടീമിലെടുത്തത്. എന്നാൽ 2012–17 കാലയളവിൽ ബാംഗ്ലൂരിന്റെതന്നെ താരമായിരുന്നിട്ടും ഹർഷലിനു ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. 36 കളിയിൽ 34 വിക്കറ്റുകളാണ് ഇതിനിടെ നേടാൻ സാധിച്ചത്.

പ്രകടനം മോശമായതോടെ 2017 സീസണ്‍ പാതി വഴിയിലെത്തിയപ്പോൾ ബാംഗ്ലൂർ തന്നെ തിരിച്ചയച്ചിരുന്നതായും ക്രിക്കറ്റ് അവതാരകൻ ഗൗരവ് കപൂറിന്റെ യുട്യൂബ് ഷോയായ ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസി’ൽ ഹർഷൽ തുറന്നു പറഞ്ഞു. ‘2016ൽ ഞാൻ 5 മത്സരങ്ങൾ കളിച്ചു. പിന്നെ അവസരം ലഭിച്ചില്ല. 2017ലും ഇതുതന്നെയായിരുന്നു സ്ഥിതി. ഒരിക്കൽ എന്നെ തിരിച്ചയയ്ക്കുക വരെ ചെയ്തു. 

ഇത് ഒരു സാധാരണ സംഭവം മാത്രമായിരുന്നു. കാരണം, ഒരു താരത്തിനായി ഹോട്ടൽ മുറി, പ്രതിദിന ചെലവുകൾ, പരിശീലനത്തിനായുള്ള വിമാന ടിക്കറ്റുകൾ തുടങ്ങി ഒട്ടേറെ ചെലവുകൾ ക്ലബ് അധികൃതർക്കു വഹിക്കേണ്ടതതായുണ്ട്. 

അന്നത്തെ സംഭവം ഞാൻ ഇപ്പോഴും കൃത്യമായി ഓർക്കുന്നു. സപ്പോർട്ട് സ്റ്റാഫ് എന്നോടു പറഞ്ഞു മുൻ പരിശീലകൻ ഡാനിയൽ വെട്ടോറിക്ക് താങ്കളെ കാണാൻ ആഗ്രഹമുണ്ടെന്ന്. പ്രഭാത ഭക്ഷണത്തിനിടെ വെട്ടോറി എന്നോടു പറഞ്ഞു അടുത്ത 4–5 കളികളിൽ ഞാൻ ഉൾപ്പെടുന്ന യാതൊരു ലക്ഷണവും കാണുന്നില്ല, അതുകൊണ്ട് എന്നെ തിരിച്ചയയ്ക്കുകയാണ്, ആവശ്യമെങ്കിൽ മടക്കി വിളിക്കും എന്ന്. നമ്മൾ ടീമിനൊപ്പം പോലും ഇല്ലാത്ത അവസ്ഥ, അവഗണനയുടെ അങ്ങേയറ്റമായിരുന്നു അത്. പിന്നീട് 4–5 മത്സരങ്ങൾക്കുശേഷം ബാംഗ്ലൂർ ടൂർണമെന്റിനു പുറത്തായി. ഞങ്ങൾ പ്ലേ ഓഫിനു യോഗ്യത നേടില്ലെന്നും ഉറപ്പായി. അപ്പോൾ ഞാൻ വെട്ടോറിക്ക് വീണ്ടും മെസേജ് അയച്ചു, എനിക്കൊരു മത്സരം കൂടി തരൂ എന്ന്.

ഇത്തരത്തിൽ എന്ന സ്വയം വിറ്റ മറ്റൊരു അവസരം ഉണ്ടായിട്ടില്ല. ഡൽഹിക്കെതിരായ മത്സരത്തിൽ പിന്നാലെ എനിക്ക് അവസരം ലഭിച്ചു. ആദ്യ ഓവറിൽത്തന്നെ 14–15 റൺസാണു ഞാൻ വഴങ്ങിയത്. ഇതിലും കൂടുതൽ എന്തു സംഭവിക്കാനാണ് എന്ന മട്ടിലാണു പിന്നെ ബോൾ ചെയ്തത്. ഞാൻ 3 വിക്കറ്റുകൾ വീഴ്ത്തി. ബാംഗ്ലൂർ കളിയും ജയിച്ചു. ഞാനായിരുന്നു കളിയിലെ താരം. പിന്നീടായിരുന്നു 2018ലെ താരലേലം’– ഹർഷൽ പറഞ്ഞു. 

 

English Summary: Vettori told me 'Don't see you playing next 5 games. We are sending you home': RCB bowler recalls 'epitome of rejection'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com