ADVERTISEMENT

കഴിഞ്ഞ മൂന്നു ഐപിഎൽ സീസണുകളിലെ സ്ഥിരം ടോപ് ഓർഡർ ബാറ്റർമാരുടെ നിരയിൽ 30 റൺസിനു താഴെ ശരാശരിയുള്ള രണ്ടു താരങ്ങളാണുള്ളത്.സ്ട്രൈക്ക് റേറ്റ് 130 നു താഴെ മാത്രമുള്ളവരാകട്ടെ 5 പേരും. ഈ രണ്ടു ഗണത്തിലും ഉൾപ്പെടുന്ന ഒരേയൊരു താരമേയുള്ളൂ. അതു രോഹിത് ശർമയാണ്. സീസണിൽ കളിച്ച 8 മത്സരങ്ങളിലും പരാജയപ്പെട്ടു മുംബൈ ഇന്ത്യൻസ് നിരാശപ്പെടുത്തുമ്പോൾ അതിനെക്കാൾ നിറംമങ്ങിയ പ്രകടനവുമായി ഞെട്ടിക്കുകയാണ് അവരുടെയും ടീം ഇന്ത്യയുടെയും നായകൻ.

∙ നോഹിറ്റ് പ്രകടനങ്ങൾ

ഒക്ടോബറിൽ ഐസിസി ലോകകപ്പിന് ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്കുകൂടി ആശങ്കകൾ സമ്മാനിക്കുന്നതാണു രോഹിത് ശർമയുടെ നിറംമങ്ങൽ. മുംബൈയ്ക്കായി 8 മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ നായകൻ സ്കോർ ചെയ്തതു വെറും 153 റൺസ്. ഒരു അർധ ശതകം പോലുമില്ലാതെ 19.13 റൺസ് ശരാശരിയിലാണു രോഹിതിന്റെ ഇന്നിങ്സുകൾ. ഓപ്പണിങ് ബാറ്ററായി ഫീൽഡിങ് നിയന്ത്രണമുള്ള ഓവറുകളിൽ കളിച്ചിട്ടും സ്ട്രൈക്ക് റേറ്റ്  126.45 മാത്രം.

mumbai-indians-loss

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിലൊരാൾ എന്ന വിലാസമുള്ള രോഹിത് ശർമയുടെ പെരുമയ്ക്കു ചേരുന്ന ഒന്നല്ല ഈ കണക്കുകൾ. രാജ്യാന്തര ട്വന്റി20ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് സ്കോർ ചെയ്ത ബാറ്ററാണു രോഹിത്. സെഞ്ചറികളുടെ കണക്കിലും രാജ്യാന്തര ക്രിക്കറ്റിൽ രോഹിത്തിനു (നാലു ശതകം) പിന്നിലാണു മറ്റുള്ളവരുടെ സ്ഥാനം. ട്വന്റി2‍0 ഫോർമാറ്റിൽ ഏറ്റവുമധികം ശതകങ്ങളുള്ള ഇന്ത്യൻ താരമെന്ന (6) റെക്കോർഡിലും രോഹിത്തിന്റെ പേരുണ്ട്. പരിചയസമ്പത്തിലും മികവിലും ഏറെ മുന്നിലായിട്ടും ബാറ്റർ എന്ന നിലയിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം മുങ്ങിത്താഴുകയാണ് രോഹിത് ശർമ.

∙ ക്യാപ്റ്റന്റെ തുടർ പരാജയം

ഐപിഎലിൽ രോഹിത് ശർമയുടെ ബാറ്റ് ‘ഹിറ്റ്മാൻ’ പരിവേഷത്തോടെ ക്രീസിലെത്തിയിട്ടു സീസണുകൾ ഏറെയായി. ഏറ്റവുമൊടുവിൽ 2016 ലെ സീസണിലാണ് ഇന്ത്യൻ താരത്തിന്റെ ബാറ്റിൽ നിന്നു പ്രതീക്ഷയ്ക്കൊത്ത പ്രകടനം മുംബൈ ഇന്ത്യൻസിനു ലഭിച്ചത്. 14 മത്സരങ്ങളിൽ നിന്നു 489 റൺസ് ആയിരുന്നു അന്നു രോഹിതിന്റെ സംഭാവന.  44.45 റൺസ് ശരാശരിയോടെ തിളങ്ങിയ ആ സീസണിനു ശേഷം ഒരുവട്ടം പോലും രോഹിതിന്റെ ബാറ്റിങ് ശരാശരി 30 റൺസിനു മേലെ വന്നിട്ടില്ല. 2017 ൽ 23.78, 2018 ൽ 23.83, 2019 ൽ 28.92, 2020ൽ 27.66, 2021 ൽ 29.3 …  ആരാധകരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിക്കുന്നതാണു ഇന്ത്യയുടെ പ്രിമിയർ ബാറ്ററുടെ കഴിഞ്ഞ 6 ഐപിഎലുകളിലെ കണക്കുകൾ. സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും സമാനമാണു സ്ഥിതി. കഴിഞ്ഞ 5 സീസണുകളിൽ ഒരു തവണ മാത്രമേ  രോഹിതിന്റെ സ്ട്രൈക്ക് റേറ്റ് 130 എന്ന ആശ്വാസ സംഖ്യയ്ക്ക് അപ്പുറം  കടന്നിട്ടുള്ളൂ.

∙ കോലിയുടെ പാതയിലോ ഹിറ്റ്മാൻ?

ഐപിഎലിൽ തിളങ്ങാത്തപ്പോഴും രാജ്യാന്തര ക്രിക്കറ്റിൽ ശോഭിക്കുന്നതായിരുന്നു മുൻപു മുംബൈ ബാറ്ററുടെ പതിവ്. എന്നാൽ ഈ സീസണിൽ ടീം ഇന്ത്യയ്ക്കു വേണ്ടിയും അത്ര മികച്ച പ്രകടനമല്ല രോഹിതിന്റേത്. 2022 ൽ കളിച്ച 6 മത്സരങ്ങളിൽ നിന്നു 116 റൺസാണു ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം. 2020 ലും 2021ലും 150 നു മുകളിലായിരുന്ന സ്ട്രൈക്ക് റേറ്റ് ലോകകപ്പ് വർഷത്തിൽ 122 ആയി കുത്തനെ ഇടിഞ്ഞതും ആരാധകരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.  ടീമിന്റെ ബാറ്റിങ് മുഖമായ വിരാട് കോലിയുടെ തുടർപരാജയങ്ങൾ ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം രോഹിതിന്റെ നിറംമങ്ങൽ കൂടി ആയാൽ ദ്രാവിഡിനും സംഘത്തിനും മുന്നിൽ കടുത്ത പരീക്ഷണങ്ങളാകും ഓസ്ട്രേലിയൻ  ലോകകപ്പിൽ കാത്തിരിക്കുന്നത്

Content Highlights: Rohit sharma, Mumbai indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com