ADVERTISEMENT

മുംബൈ∙ ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരത്തിലെ 5 റൺസ് വിജയത്തിന് മുംബൈ ഇന്ത്യൻസ് ഏറ്റവും അധികം നന്ദി പറയുക ആരോടാകും? സംശയമില്ല, ഡാനിയൽ സാംസ് എന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടറോടു തന്നെ! ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ എന്നിവർക്കെതിരെ അതിനിർണായകമായ അവസാന ഓവർ ബോൾ ചെയ്ത് 9 റൺസ് പ്രതിരോധിച്ച സാംസ്, ഒരൊറ്റ രാത്രികൊണ്ട് മുംബൈ ഇന്ത്യൻസ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്.

ഓവറിൽ വെറും 3 റണ്‍സ് മാത്രം വിട്ടുനൽകിയ സാംസ് മുംബൈയ്ക്കു സമ്മാനിച്ചത്, തീർത്തും അപ്രതീക്ഷിതമായ വിജയവും.സീസണിലെ പല മത്സരങ്ങളിലും അവസാന ഓവറിലെ തകർപ്പൻ അടിയിലൂടെ ഗുജറാത്തിനെ വിജയത്തിലെത്തിച്ച മധുര സ്മരണകളുമായി ബാറ്റു ചെയ്ത 3 താരങ്ങളെയാണ് വെള്ളിയാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ സാസ് കാഴ്ച്ചക്കാരനാക്കിയത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ, പാറ്റ് കമ്മിൻസിനെതിരെ ഒരൊറ്റ ഓവറിൽ 35 റൺസ് വിട്ടുനൽകിയ അതേ സാംസ് ഗുജറാത്തിനെതിരെ അതിമനോഹരമായാണ് 9 പ്രതിരോധിച്ചത്. 

സാംസിന്റെ വേഗം കുറഞ്ഞ ഫുൾ ലെങ്ത് ബോളുകളാണ് ബാറ്റർമാരുടെ സകല കണക്കുകൂട്ടലും തെറ്റിച്ചത്. ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലർക്കു നേടാനായത് ഒരു റൺ മാത്രം. 2–ാം പന്തിൽ‍ ഷോട്ട് പിഴച്ച രാഹുൽ തെവാത്തിയ 3–ാം പന്തിൽ ഇല്ലാത്ത റണ്ണിനായി ഓടി റണ്ണൗട്ടായി. 4–ാം പന്തിൽ ടൈമിങ് തെറ്റിയ റാഷിദ് ഖാന്റെ ഷോട്ട് ഉയർന്നു പൊങ്ങിയെങ്കിലും, മുംബൈ താരങ്ങൾക്കു ക്യാച്ച് ചെയ്യാനായില്ല. അവസാന 2 പന്തിൽ ഡേവിഡ് മില്ലർ ക്രീസിൽ നിൽക്കെ ഗുജറാത്തിനു വേണ്ടിയിരുന്നത് 6 റൺസ്.

ഒരൊറ്റ ഷോട്ടിൽ മത്സരം തീർക്കാൻ കെൽപ്പുള്ള മില്ലറെ ഞെട്ടിച്ച 2 സ്ലോ ബോളുകളിലൂടെ സാംസ് കളി തീർത്തുകളഞ്ഞു. 2 പന്തുകളും പവർ‌ ഹിറ്ററായ മില്ലർക്കു ബാറ്റിൽ പോലും കൊള്ളിക്കാനായതുമില്ല. കടുത്ത മുംബൈ ആരാധകരപ്പോലും അമ്പരപ്പിക്കുന്നതായി സാംസിന്റെ ഈ അവസാന ഓവർ. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 178 റണ്‍സ് പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം 172 റൺസിലാണ് അവസാനിച്ചത്. 

ഐപിഎൽ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര ഉൾപ്പെടെയുള്ള താരങ്ങള്‍ സാംസിനെ വ്യാപകമായി വിമർശിച്ചിരുന്നു. എല്ലാ മത്സരങ്ങളിലും പന്തുകൊണ്ട് 50 റൺസ് തികയ്ക്കുന്ന താരം എന്നായിരുന്നു ചോപ്ര സാംസിനെ ട്രോളിയത്.

സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര 4 ഓവറിൽ ഒരു വിക്കറ്റു പോലും നേടാത 48 റൺസ് വഴങ്ങിയിടത്താണ് സാംസിന്റെ ഫിനിഷിങ് എന്നും ഓർക്കണം. 3 ഓവറിൽ 18 റൺസ് മാത്രമാണു മത്സരത്തിൽ സാസ് വിട്ടുനൽകിയതും. ബോളിങ്ങിനു പുറമേ, മുംബൈ ഇന്ത്യൻസിനു ബാറ്റു കൊണ്ടും നിർണായക സംഭാവന നൽകാൻ പോന്ന താരമാണു സാംസ്. ഈ മാച്ച് വിന്നറിൽനിന്ന് മുംബൈ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ടാകും എന്നുറപ്പ്. 

 

English Summary: WATCH: Daniel Sams completes redemption as MI clinch thriller vs GT, fans cannot keep calm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com