ADVERTISEMENT

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ ദേവ്‌ദത്ത് പടിക്കലിന്റെ സ്ലോ ഇന്നിങ്സിന് രാജസ്ഥാൻ റോയൽസ് ‘വലിയ വില’ കൊടുക്കേണ്ടി വരുമായിരുന്നു എന്ന് മുൻ ഇന്ത്യൻ ഓപ്പണറും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽസ് 190 റൺസ് പിന്തുടർന്ന മത്സരത്തിൽ, 32 പന്തിൽ 31 റൺസാണു പടിക്കൽ നേടിയത്.

പടിക്കൽ നിലയുറപ്പിച്ചു കളിക്കുന്നതിൽ ശ്രദ്ധിച്ചപ്പോള്‍ മറ്റെല്ലാ രാജസ്ഥാൻ ബാറ്റർമാരും തകർത്തടിച്ചു. ഒടുവിൽ, 2 പന്ത് ബാക്കിനിൽക്കെ 6 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ദേവ്ദത്ത് പടിക്കലിന്റെ മുട്ടിക്കളി രാജസ്ഥാനു മത്സരം തന്നെ നഷ്ടമാക്കിയേനെ എന്നാണു യുട്യൂബ് ചാനലിലൂടെ ചോപ്ര അഭിപ്രായപ്പെട്ടത്. 

‘ദേവ്ദത്ത് പടിക്കൽ– ഒരു പന്തിൽ ഒരു റൺസ് എന്ന കണക്കിൽ 31. ഇതിന്റെ അർഥം, വമ്പൻ ടോട്ടലാണു പിന്തുടരുന്നത് എങ്കിൽ നിങ്ങൾ ടീമിനെ സഹായിക്കുകയല്ല, മറിച്ച് ഉപദ്രവിക്കുകയാണെന്നാണ്. പിന്നാലെ ഷിമ്രോൺ ഹെറ്റ്മയർ ബാറ്റിങ്ങിന് ഇറങ്ങിയതു കൊണ്ടു കളി ജയിക്കാനായി. ഹെറ്റ്മയറിനു ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകാത്തത് എന്താണ്?

ഇന്നിങ്സ് ഓപ്പൺ ചെയ്യാത്ത പക്ഷം, ദേവ്ദത്ത് പടിക്കൽ 4–ാം നമ്പറിൽ എന്തിനു ബാറ്റിങ്ങിന് ഇറങ്ങണം? 5–ാം നമ്പറിൽ ഇറങ്ങിയാൽ പോരേ? രണ്ടായാലും പ്രത്യേകിച്ച് വ്യത്യാസമില്ല. അതേ സമയം കൂടുതൽ സമയം ലഭിച്ചാൽ ഹെറ്റ്മയർ തകർത്തടിക്കും.

4–ാം നമ്പറിൽ രാജസ്ഥാൻ ഹെറ്റ്മയറിനെ ഇറക്കുന്നില്ല, പഞ്ചാബ് ആകെട്ടെ ലിവിങ്സ്റ്റനെയും ഇറക്കുന്നില്ല, ഇതെന്തു നിയമം ആണെന്നു മനസ്സിലാകുന്നില്ല’– ചോപ്രയുടെ വാക്കുകൾ.  

32 പന്തിൽ 3 ഫോർ അടക്കം 31 റൺസ് എടുത്ത പടിക്കൽ പഞ്ചാബിനെതിരെ 19–ാം ഓവറിലാണു പുറത്തായത്. പിന്നാലെ രാഹുൽ ചാഹറിന്റെ 20–ാം ഓവറിൽ ഹെറ്റ്മയർ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. 

 

English Summary: "You are probably not helping but hurting your team" - Aakash Chopra on Devdutt Padikkal's knock in Rajasthan Royals' chase vs PBKS in IPL 2022

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com